ലഖ്‌നോ: പനി ബാധിച്ചെത്തിയവർക്ക് ഡെങ്കിപ്പനിയുടെ ചികിത്സ നൽകിയ സംഭവത്തിൽ ഉത്തർപ്രദേശിലെ നിരവധി ആശുപത്രികൾക്ക് പൂട്ടിട്ട് ആരോഗ്യ വകുപ്പ്. രോഗികൾക്ക് തെറ്റായ ചികിത്സ നൽകുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ കാമ്പെയിനിന് പിന്നാലെയാണ് ഏതാനും സ്വകാര്യ ആശുപത്രികൾക്ക് പൂട്ട് വീണത്. യു.പിയിലെ ബിജ്‌നോർ പ്രദേശത്തുള്ള ആശുപത്രികൾക്കാണ് പൂട്ട് വീണത്.

പ്രസ്തുത ആശുപത്രികളിൽ അഡ്‌മിറ്റ് ചെയ്ത രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ഇത്തരം വ്യാജ ആശുപത്രികളുടെയും ഡോക്ടർമാരുടേയും ചതിക്കുഴിയിൽ വീഴരുതെന്നും സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

ജില്ലാ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരമാണ് ഡോക്ടർമാർ കാമ്പെയിൻ ആരംഭിച്ചത്. കാമ്പെയിനിന്റെ പശ്ചാത്തലത്തിൽ നടത്തിയ റെയ്ഡിലാണ് ആറോളം ആശുപത്രികൾ തെറ്റായ ചികിത്സ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആശുപത്രികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.