ഹൈദരാബാദ്:സംഘർഷ സാധ്യത ആരോപിച്ച് പൊലീസ് വിലക്ക് ഏർപ്പെടുത്തിയ വൈ.എസ്.ആർ.ടി.പി നേതാവ് വൈ.എസ്. ശർമിളയുടെ പദയാത്ര പുനരാരംഭിക്കാൻ തെലങ്കാന ഹൈക്കോടതിയുടെ അനുമതി.പദയാത്രക്ക് അനുമതി നൽകാൻ വാറങ്കൽ പൊലീസ് കമീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.പദയാത്രക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വൈ.എസ്.ആർ.ടി.പി നൽകി ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പദയാത്രക്ക് അനുമതി നൽകുന്നതെന്ന് ജസ്റ്റിസ് ബി. വിജയ്‌സെൻ റെഡ്ഡി വ്യക്തമാക്കി.രാഷ്ട്രീയക്കാർക്ക് റോഡിൽ ഇറങ്ങാൻ സാധിക്കില്ലെങ്കിൽ മറ്റാർക്കാണ് സാധിക്കുകയെന്നും ജഡ്ജി ചോദിച്ചു.

അതേസമയം, പ്രകോപനപരമായ ഭാഷയിലാണ് വൈ.എസ് ശർമിള പ്രസംഗിക്കുന്നതെന്ന് സർക്കാരിന് വേണ്ടി ഹാജരായ കൗൺസിൽ എം. രൂപേന്ദ്രൻ കോടതിയിൽ വാദിച്ചു.തെലങ്കാന രാഷ്ട്ര സമിതി നേതാക്കളെ ശർമിള താലിബാൻ എന്ന് വിളിക്കുകയും തെലങ്കാനയെ അഫ്ഗാനിസ്ഥാനോട് ഉപമിക്കുകയും ചെയ്തു. നർസംപേട് എംഎ‍ൽഎയെ അസംഭ്യം പറഞ്ഞെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.രാഷ്ട്രീയക്കാർ പരസ്പരം വിമർശിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ജഡ്ജി, എന്തെങ്കിലും പരാതിക്ക് സാധ്യതയുണ്ടെങ്കിൽ അത് നർസാംപേട്ട് എംഎ‍ൽഎ ഉന്നയിക്കട്ടെ എന്ന് പറഞ്ഞു. രാഷ്ട്രീയക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാം,പക്ഷേ രാഷ്ട്രീയക്കാർ ചർച്ചകൾ വ്യക്തിപരമായ അധിക്ഷേപ തലത്തിലേക്ക് കൊണ്ടു പോകരുതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഡിസംബർ 27ന് കേസ് വീണ്ടും പരിഗണിക്കും.

തെലങ്കാനായിലെ ചന്ദ്രശേഖര റാവു സർക്കാറിനെതിരെ ആഞ്ഞടിച്ച് കൊണ്ടാണ് സംസ്ഥാന വ്യാപകമായി വൈ.എസ് ശർമിള പദയാത്ര ആരംഭിച്ചത്. പദയാത്ര പുരോഗമിക്കവെ ശർമിള വിശ്രമിക്കാനായി ഉപയോഗിക്കുന്ന ബസ് ടി.ആർ.എസ് പ്രവർത്തകർ ആക്രമിക്കുകയും കത്തിക്കുകയും ചെയ്ത സംഭവമുണ്ടായി.സംഭവത്തിൽ ടി.ആർ.എസ് എംഎ‍ൽഎ പി. സുദർശനെതിരെ രൂക്ഷമായ ഭാഷയിലാണ് ശർമിള പ്രതികരിച്ചത്.സുദർശനെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കിടെ ശർമിളയെ വാറങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പദയാത്ര തുടരാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ശർമിള പാർട്ടി ആസ്ഥാനത്ത് നടത്തിയ അനിശ്ചിതകാല നിരാഹാരസമരം പൊലീസ് ബലം പ്രയോഗിച്ച് അവസാനിപ്പിച്ചു.

സംസ്ഥാനത്തെ 75 നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുവന്ന പദയാത്ര 3500 കിലോമീറ്റർ പിന്നിട്ടു. നാല് മുനിസിപ്പൽ കോർപറേഷനുകളിലും 208 മണ്ഡലങ്ങളിലും 61 മുനിസിപ്പാലിറ്റികളിലും 1863 ഗ്രാമങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. അവിഭക്ത ആന്ധ്രയുടെ മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ.എസ് ശർമിള.