ചെങ്ങന്നൂർ: സമീപകാലത്തെ ഏറ്റവും വലിയ ഹാൻസ് വേട്ട ചെങ്ങന്നൂർ പൊലീസും എസ്‌പിയുടെ ഡാൻസാഫ് ടീമും ചേർന്നു നടത്തി. വിപണിയിൽ 35 ലക്ഷത്തോളം രൂപ വിലവരുന്ന 72,000 പാക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പരുമല വാലുപറമ്പിൽ താഴ്ചയിൽ ജിജോ ജോസഫി(38)നെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ക്രിമിനൽ കേസുകളിൽ ജയിലിൽ നിന്ന് പുറത്തു വന്നതിന് ശേഷം പാണ്ടനാട് വാടക വീട് എടുത്താണ് ഇയാൾ പുകയില ഉൽപന്നങ്ങളുടെ കച്ചവടം നടത്തിയിരുന്നത്. മൂന്നു വാഹനങ്ങളിലായി തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുമാണ് ഉൽപന്നങ്ങൾ എത്തിച്ചിരുന്നതെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഡോ. ആർ. ജോസ് പറഞ്ഞു. മൂന്നു വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. വാടക വീട്ടിൽ നിന്നാണ് ചാക്കുകണക്കിന് ഹാൻസ് പിടികൂടിയത്. ഈ ശൃംഖലയിലെ മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരാണ് ഇയാൾക്ക് ഹാൻസ് നൽകുന്നത്? ഇയാൾ അത് ആർക്കൊക്കെ മറിച്ചു നൽകുന്നു എന്നീ കാര്യങ്ങളും അന്വേഷിക്കും. വിദ്യാർത്ഥികളുടെ ഇടയിൽ ഇത് കച്ചവടം നടത്തുന്നുണ്ടോയെന്ന കാര്യവും പരിശോധിച്ച് വരികയാണെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി വി. ജയദേവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി ബിനുകുമാർ, ചെങ്ങന്നൂർ എസ്എച്ച്ഓ ജോസ് മാത്യു, എസ്ഐമാരായ എംസി അഭിലാഷ്, സുരേഷ് ബാബു, ഇല്യാസ്, എഎസ്ഐമാരായ സന്തോഷ്, അജിത്ത്കുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, അനസ്, രതീഷ് കുമാർ, സിദ്ദിഖ്, സിപിഓമാരായ അതുൽ രാജ്, ശിവകുമാർ, എസ്. സനൽ എന്നിവർ പങ്കെടുത്തു.