കണ്ണൂർ: കരുണയില്ലാത്ത സമൂഹ മന:സാക്ഷി കാരണം റോഡരികിൽ ഒരുജീവൻകൂടി നീറുന്ന ഓർമ്മകൾ ബാക്കിയാക്കി പൊലിഞ്ഞു. കണ്ണൂർ- കോഴിക്കോട് ദേശീയപാതയിലെ പുന്നോലിലാണ് ആരും തിരിഞ്ഞു നോക്കാനാളില്ലാതെ വാഹനാപകടത്തിന് ഇരയായ കാൽനടയാത്രക്കാരൻ അരമണിക്കൂറോളം റോഡരികിൽ ചോരവാർന്നുകിടന്നതിനു ശേഷം അതിദാരണുമായി മരണമടഞ്ഞത്.

സുബ്ഹി നമസ്‌കാരത്തിന് പള്ളിയിലേക്ക് പോകവെ നിയന്ത്രണം വിട്ട കാറിടിച്ചു 64 വയസുകാരനായ വഴിയാത്രക്കാരനാണ് അതിദാരുണമായി മരിച്ചത്. സംഭവത്തിൽ പൊലിസ് കാർ യാത്രക്കാരനെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

തലശേരി പുന്നോൽ റെയിൽ റോഡിൽ മാതൃകാബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന നബീൽ ഹൗസിൽ കെ.പി സിദ്ദിഖാ(64)ണ് മരിച്ചത്. ഞായറാഴ്‌ച്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കാസർകോട്ടുഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.പുന്നോൽ ചീമേന്റവിട അജയന്റെ കടയുടെ മുന്നിൽവച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കാൽ നടയാത്രക്കാരനായ സിദ്ദിഖിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലും സ്‌കൂട്ടറിലും കാറിടിച്ചതിനു ശേഷമാണ് നിന്നത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശംപൂർണമായും തകർന്നിട്ടുണ്ട്. ചോരവാർന്ന്അരമണിക്കൂറോളം സിദ്ദിഖ് റോഡിൽ തന്നെ കിടന്നതായാണ് വിവരം. പൊലിസുകാരോ നാട്ടുകാരോ രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന പരാതിയുണ്ട്. അപകടം നടന്നു ഒരുമണിക്കൂർ കഴിഞ്ഞാണ് പൊലിസ് സംഭവസ്ഥലത്തെത്തിയത്. അപകടത്തിൽപ്പെട്ട കാർ യാത്രക്കാർ തന്നെയാണ് സിദ്ദിഖിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അപ്പോഴെക്കും മരണമടയുകയായിരുന്നു.പുന്നോലിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും സലഫി മസ്ജിദ് ഭാരവാഹിയുമാണ്സിദ്ദിഖ്. ചെന്നൈയിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി,മമ്മുവിന്റെ മകനാണ്. പുന്നോലിൽ ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന സുമയ്യ സിദ്ദിഖാണ് ഭാര്യ. കണ്ണൂരിൽ വാഹനമിടിച്ചു ഒരാഴ്‌ച്ചയ്ക്കിടെ കൊല്ലപ്പെടുന്നരണ്ടാമത്തെ കാൽനടയാത്രക്കാരനാണ് സിദ്ദിഖ്. ദിവസങ്ങൾക്കു മുൻപ് ശ്രീകണ്ഠാപുരം പരിപ്പായിയിൽ സ്വകാര്യബസിടിച്ചു പ്രഭാതസവാരിക്കിറങ്ങിയ പെട്രോൾ പമ്പു ജീവനക്കാരൻ മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു അപകടം കൂടി നടന്നത്.

പുലർകാലെ വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നതാണ് കാൽനടയാത്രക്കാർക്ക് മരണക്കുരുക്കാവുന്നത്. പ്രഭാത സവാരിക്കാരാണ്കൂടുതൽ അപകടത്തിന് ഇരയാകുന്നത്.പുലർച്ചെ ക്വാറി ഉൽപന്നങ്ങളെടുക്കാൻ മത്സരിച്ചു ഓടുന്ന ടിപ്പർലോറികളാണ് അപകടം വിതയ്ക്കുന്നത്. ഇതിനെ തടയാൻ പൊലിസിന് കഴിയുന്നില്ലെന്ന പരാതിയും ജനങ്ങൾക്കുണ്ട്.