അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ മോഷണ സംഘത്തെ പിടികൂടുന്നതിനിടെ കേരള പൊലീസിന് നേരെ വെടിവെപ്പ്. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ആർക്കും പരിക്കില്ല. അതേസമയം, പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശി ഷെഹ്‌സാദി, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതികളാണ് അകത്തായത്

കേരളത്തിൽ നടന്ന 45 ലക്ഷം രൂപയുടെ മോഷണക്കേസിലെ പ്രതികളെ പിടികൂടാനാണ് കേരള പൊലീസിന്റെ പ്രത്യേക സംഘം അജ്മീറിലെത്തിയത്. അജ്മീർ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുന്നതിനായിരുന്നു ശ്രമം. ഇന്നലെ രാത്രിയാണ് കേരള-അജ്മീർ പൊലീസ് സംഘം പ്രതികളെ പിടികൂടാനുള്ള സംയുക്ത ഓപറേഷന് ശ്രമിച്ചത്. കമാലി ഗേറ്റിന് സമീപത്തെ ദർഗയിലെത്തിയപ്പോൾ പ്രതികളെ അറസ്റ്റു ചെയ്യാൻ പദ്ധതിയിട്ടു. അപ്രതീക്ഷിതമായി വെടിയുതിർത്തു. പിന്നീട് പ്രതികളെ പൊലീസ് സംഘം കീഴ്‌പ്പെടുത്തി. പ്രതികളുടെ കൈയിൽ നിന്ന് രണ്ട് പിസ്റ്റലുകളും വെടിയുണ്ടകളും കണ്ടെടുത്തു.

അജ്മീർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ആലുവ റൂറൽ പൊലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്‌പി അറിയിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും

ആലുവയിലെ ഒരു സ്വർണമോഷണകേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് രാജസ്ഥാനിലെ അജ്മീർ വരെയെത്തിയത്. പ്രതികളുടെ രേഖാചിത്രങ്ങളുൾപ്പടെ പൊലീസിന്റെ കൈവശമുണ്ടായിരുന്നു. ആലുവ ടൗണിൽ പൊലീസ് സ്റ്റേഷന് എതിർവശത്തെ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 12 ലക്ഷത്തോളം രൂപ വിലവരുന്ന 24 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും കവർച്ച ചെയ്ത കേസിലെ പ്രതികളാണ് ഇവരെന്നാണ് സൂചന.

ആലുവ ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ, നർക്കോട്ടിക്ക് സെൽ, ഡിവൈ.എസ്‌പി ഓഫീസ്, പൊലീസ് കൺട്രോൾ റൂം എന്നിവയ്ക്ക് എതിർവശത്താണ് ഈ മോഷണം നടന്ന വീട്. 50 മീറ്റർ മാത്രം അകലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസും ആലുവ പൊലീസ് സ്റ്റേഷനും. അതുകൊണ്ട് തന്നെ ഗൗരവത്തോടെയുള്ള അന്വേഷണം നടന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികളെ കണ്ടെത്തുകയും ചെയ്തു.

കോലഞ്ചേരിയിലെ ഭാര്യവീട്ടിൽ ശനിയാഴ്‌ച്ച വൈകിട്ട് വിരുന്നിന് പോയ ഗൃഹനാഥൻ രാവിലെ ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. താഴത്തെ കിടപ്പുമുറിയിലെ സ്റ്റീൽ അലമാരയുടെ പൂട്ട് തകർത്ത് 20 പവൻ സ്വർണവും പണവും കവർന്നു. മുകൾ നിലയിലെ അരമാരയിൽ നിന്ന് നാല് പവൻ സ്വർണവും നഷ്ടപ്പെട്ടു.

മകൾ അയർലൻഡിലേക്ക് പോകുന്നതിനാൽ ബാങ്ക് ലോക്കറിലേക്ക് മാറ്റുന്നതിന് സൂക്ഷിച്ചതായിരുന്നു സ്വർണം.