കൊച്ചി: ആലുവയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സംഭവത്തിൽ ദുരൂഹത തുടരുന്നു തായക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ആളിനെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇത് ആശങ്കയായി തുടരുന്നു.

ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ രണ്ട് ദിവസം മുമ്പ് താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫാക്ക് ആലം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിരച്ചിലിനൊടുവിൽ ഇയാളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിക്കൊപ്പം പെൺകുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

കെഎസ്ആർടി ബസിൽ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. എന്നാൽ ഇയാൾ മദ്യലഹരിയിലായതിനാൽ ചോദ്യംചെയ്യാൻ കഴിഞ്ഞില്ല. ധാരാളം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ. ഇതിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. ഈ സമയം കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് തട്ടിക്കൊണ്ടു പോയത്.

മുക്കത്ത് പ്ലാസയിൽ ആലത്തിന്റെ മുറിയിൽ വേറേയും ആളുകളുണ്ട്. ഇന്നലെ ചിക്കൻ അടക്കം ഇയാൾ വാങ്ങി കൊണ്ടു വന്നു. മുറിയിൽ വൈദ്യുതി ഇല്ലാത്തതു കൊണ്ട് ഭക്ഷണം പാകം ചെയ്യാൻ കഴിഞ്ഞില്ല. ഈ സമയം അയൽവാസിയോട് അവരുടെ മുറിയിൽ നിന്നും വൈദ്യുതി എടുക്കുന്നതും ചർച്ച ചെയ്തു. ഈ സമയവും മദ്യലഹരിയിലായിരുന്നു അയാൾ. ഇതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടികൾ കളിക്കുന്നത് നിരീക്ഷിച്ചാണ് തട്ടിക്കൊണ്ടു പോയത്. ഈ സമയം ഉണക്കാൻ ഇട്ട തുണിയെടുക്കാൻ പോയിരിക്കുകയായിരുന്നു കുട്ടിയുടെ അമ്മ.

അഞ്ചുവർഷമായി ആലുവയിലെ തായക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെൺകുട്ടിയെയാണ് കാണാതായത്. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെ ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ അതിഥിത്തൊഴിലാളിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ചാന്ദ്‌നി. നന്നായി മലയാളം സംസാരിക്കും. പ്രതി മറ്റാർക്കെങ്കിൽ പെൺകുട്ടിയെ കൈമാറിയോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

ജ്യൂസ് വാങ്ങി നൽകിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. കുട്ടിയെ മറ്റൊരാൾ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവർ വിളിച്ചു പറയുകയായിരുന്നുവെന്നും ഇവർ ് പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് പ്രതിയെ കുട്ടിയുമായി കണ്ടെന്ന് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂരിലേക്കുള്ള ബസിൽ കുട്ടിയുമായി കയറിയ പ്രതി ആലുവയിൽ തന്നെ കുട്ടിയുമായി ഇറങ്ങിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.