കണ്ണൂർ: പ്ലസ്വൺ വിദ്യാർത്ഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുറുവ സ്വദേശി ഷെരീഫാണ് (36) അറസ്റ്റിലായത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്‌ച്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. പ്ലാസ എസ്‌ബിഐ ബസ് സ്റ്റോപ്പിൽ ബസിറങ്ങി സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിക്ക് സമീപത്തേക്ക് കാറിൽ എത്തിയ ഷെരീഫ് പേരുവിവരങ്ങൾ ചോദിച്ചു. എന്തിനാണ് വിവരങ്ങൾ ചോദിക്കുന്നതെന്നു ചോദിച്ച് വിദ്യാർത്ഥിനി ഒഴിഞ്ഞു മാറി. സ്‌കൂളിലേക്കുള്ള വഴിയിൽ കാർ നിർത്തിയ ശേഷം പിൻവശത്തെ ഡോർ തുറന്നിട്ട പ്രതി പെൺകുട്ടി അടുത്തെത്തിയപ്പോൾ കൈപിടിച്ചു വലിച്ചു കാറിൽ കയറ്റാൻ ശ്രമിച്ചു.

വിദ്യാർത്ഥിനി ബഹളം വെച്ചു കുതറിമാടി ഓടി സ്‌കൂളിലെത്തി അദ്ധ്യാപകരോട് വിവരമറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ വനിതാ സെല്ലിൽ വിവരം അറിയിച്ചു. വനിതാ സെൽ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സ്‌കൂളിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.കണ്ണൂർ ടൗൺ സിഐ ബിനുമോഹന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞു.

പരിശോധനയിൽ കാറിന്റെ ആർസി ഓണർ സ്ഥലത്തില്ലെന്നു മനസിലായി. കാർ ഉപയോഗിക്കുന്നത് ഷെരീഫാണെന്ന് പൊലീസ് കണ്ടെത്തി. ആർസി ഓണർ പ്രതിക്ക് കാർ വിറ്റിരുന്നുവെങ്കിലും ആർസി ഉടമസ്ഥതാവകാശം മാറ്റിയിരുന്നില്ല. പ്രതി നേരത്തെ എംഡിഎംഎ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ ചുമത്തിയാണ് ഈയാളെ അറസ്റ്റ് ചെയ്തത്.