തിരുവനന്തപുരം: നെടുമങ്ങാട് ആനാട് സുനിത കൊലക്കേസിലെ ഡിഎൻഎ പരിശോധനാ ഫലം പുറത്തു വന്നപ്പോൾ തെളിഞ്ഞത് പൊലീസ് വീഴ്‌ച്ച. സെപ്റ്റിക് ടാങ്കിൽ കണ്ട ശരീരവശിഷ്ടം സുനിതയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സുനിതയുടെ ശരീര അവശിഷ്ടങ്ങളും മക്കളുടെ രക്ത സാമ്പിളുമാണ് പരിശോധിച്ചത്. പൊലീസ് വീഴ്ചയെ തുടർന്നാണ് ഒമ്പത് വർഷത്തിന് ശേഷം മരിച്ചത് സുനിത തന്നെയെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തേണ്ടി വന്നത്. കോടതി ഇടപെട്ടാണ് ഡിഎൻഎ പരിശോധനക്ക് നിർദേശിച്ചത്. പരിശോധനാ ഫലം കോടതിയിൽ ഹാജരാക്കി.

2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയെ ഭർത്താവ് ജോയി കൊന്ന് പല കഷണങ്ങളാക്കി സെപ്റ്റി ടാങ്കിലിട്ടത്. പ്രതി ജോയ് ആണെന്ന് തെളിഞ്ഞു. എന്നാൽ സുനിതയുടേതാണ് ശരീര ഭാഗങ്ങളെന്ന് തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാ റിപ്പോർട്ട് പൊലീസ് കുറ്റപത്രത്തോടൊപ്പം വെച്ചിരുന്നില്ല. കേസ് കോടതിയിലെത്തിയപ്പോൾ അത് തിരിച്ചടിയായി. അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കാൻ പ്രോസിക്യൂട്ടർ എം. സലാഹുദീനാണ് കോടതിയോട് ഡിഎൻഎ പരിശോധന ആവശ്യപ്പെട്ടത്.

ഇതേ തുടർന്നാണ് മക്കളുടെ രക്തം ശേഖരിച്ച് പരിശോധന നടത്തിയത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണു ആണ് കേസ് പരിഗണിക്കുന്നത്. ആനാട് വേങ്കവിള വേട്ടമ്പള്ളി സ്വദേശി സുനിതയെ ചുട്ടുകൊന്ന കേസിലെ സുപ്രധാന ശാസ്ത്രീയതെളിവായ ഡി.എൻ.എ പരിശോധന ഫലം മാറുകയാണ്. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ അസി. സർജൻ ഡോ. ജോണി എസ്. പെരേരയാണ് കോടതി മുറിക്കുള്ളിൽ കുട്ടികളുടെ രക്തം ശേഖരിച്ചത്. അന്വേഷണവേളയിൽ പൊലീസ് അത് ശേഖരിച്ചിരുന്നില്ല.

പൊലീസിന്റെ ഭാഗത്ത് വന്ന ഈ ഗുരുതര വീഴ്ച പരിഹരിക്കാൻ കൊല്ലപ്പെട്ട സുനിതയുടെ മക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ പരിശോധന നടത്താൻ ആറാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ. വിഷ്ണു പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിരുന്നു. നാലാമത് വിവാഹം കഴിക്കുന്നതിലൂടെ സ്ത്രീധനം ലഭിക്കാൻ പ്രതി ജോയ് ആന്റണി തന്റെ മൂന്നാംഭാര്യയായ സുനിതയെ 2013 ഓഗസ്റ്റ് മൂന്നിന് മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന് മൂന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാഴ്ചകൾക്ക് ശേഷം സുനിതയുടെ ശരീര അവശിഷ്ടങ്ങൾ ഭർത്താവ് ജോയ് ആന്റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തിരുന്നു.

കുറ്റപത്രം സമർപ്പിച്ച അന്നത്തെ നെടുമങ്ങാട് സിഐ എസ്. സുരേഷ് കുമാർ, കൊല്ലപ്പെട്ടത് സുനിത തന്നെയെന്ന് സ്ഥാപിക്കുന്ന ഒരു ശാസ്ത്രീയതെളിവും കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഈ ശാസ്ത്രീയ തെളിവ് ഇല്ലാത്തിടത്തോളം 'സുനിത ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന പ്രതിഭാഗം വാദം വിജയിക്കുമെന്ന് ബോധ്യമായി. ഇതിനെതുടർന്നാണ് സർക്കാർ അഭിഭാഷകൻ കൊല്ലപ്പെട്ട സുനിതയുടെ ശരീര അവശിഷ്ടങ്ങൾ ഇപ്പോഴും ഫോറൻസിക് ലാബിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അവ മക്കളുടെ ഡി.എൻ.എയുമായി ഒത്ത് ചേരുമോ എന്ന് പരിശോധിക്കാൻ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടത്. പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പവഗണിച്ചാണ് കോടതിയുടെ നടപടിയുണ്ടായതും.