വെണ്ണിയോട്: കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നുത് പുറംലോകം അറിഞ്ഞതുകൊലപാതകിയായ ഭർത്താവിലൂടെ. നടവയൽ പൊലച്ചിക്കുന്ന് കോളനിയിലെ പി.എൻ. അനീഷ (35) ആണ് മരിച്ചത്. ഭർത്താവ് വെണ്ണിയോട് കൊളവയൽ മുകേഷി (34) നെ പൊലീസ് അറസ്റ്റുചെയ്തു. അനീഷയെ കൊലപ്പെടുത്തിയ വിവരം മുകേഷ് തന്നെയാണ് സുഹൃത്തുക്കളെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി മുകേഷിനെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കുറ്റസമ്മതവും നടത്തി.

കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്ടെ ഭർത്തൃ വീട്ടിലായിരുന്നു കൊലപാതകം. ഒൻപതുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബവഴക്കിനെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുകേഷ് മദ്യപിച്ച് അനീഷയുമായി തർക്കമുണ്ടാക്കുന്നത് പതിവായിരുന്നു. മുകേഷിന്റെ ബന്ധുവീടും സമീപത്തുതന്നെയുണ്ട്. പനമരത്ത് ടെക്സ്റ്റയിൽസിൽ ജോലിചെയ്തുവരികയായിരുന്നു അനീഷ. ചൊവ്വാഴ്ചയും ജോലിക്ക് പോയിരുന്നു. വൈകീട്ടാണ് വീട്ടിൽ തിരികെയെത്തിയത്. പെയിന്റിങ് ജോലിയാണ് മുകേഷിന്. പരേതനായ നീലകണ്ഠന്റെയും വത്സലയുടെയും മകളാണ് അനീഷ. സഹോദരങ്ങൾ: അനിത, അജയൻ.

അമ്മ വത്സലയോട് ഫോണിൽ സംസാരിച്ചശേഷമാണ് അനീഷ കൊല്ലപ്പെട്ടത്. മകൾ എന്നും വിളിക്കാറുണ്ടെങ്കിലും മുകേഷിന്റെ ഭാഗത്തുനിന്നുള്ള ഉപദ്രവങ്ങളെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെന്നും അമ്മ വത്സല പറഞ്ഞു. മുകേഷ് മുഖത്ത് അടിച്ചതിനെത്തുടർന്ന് പരിക്കുപറ്റിയ ചിത്രം തിരുവോണദിവസം അനീഷ തനിക്ക് വാട്സാപ്പ് വഴി അയച്ചിരുന്നതായും വത്സല പറഞ്ഞു. സൗന്ദര്യപ്പിണക്കമാകാമെന്നും ഇനിയെന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ചോദിക്കാമെന്നും കരുതി. പക്ഷേ മകളെ അവൻ ഇല്ലാതാക്കുമെന്ന് കരുതിയില്ല.-വത്സല പറയുന്നു.

ചെറുപ്പത്തിൽതന്നെ അച്ഛൻ നഷ്ടമായതാണ് അനീഷയ്ക്ക്. വർഷങ്ങളായുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. എന്നാൽ മുകേഷ് മദ്യപിച്ച് വീട്ടിലെത്തി അനീഷയുമായി വഴക്കുണ്ടാക്കുന്നത് പതിവായി. വിവാഹശേഷം അനീഷയുടെ വീട്ടുകാരുമായും മുകേഷ് അടുപ്പം കാണിച്ചിരുന്നില്ല. അനീഷ അമ്മയെയും സഹോദരിയെയും വിളിക്കുന്നതിനുവരെ മുകേഷ് എതിരായിരുന്നു. വെണ്ണിയോട് വയലിനോട് ചേർന്നാണ് മുകേഷും അനീഷയും താമസിക്കുന്നത്.

അനീഷയുടെ കൊലപാതക വിവരത്തിന്റെ ഞെട്ടലിലാണ് വെണ്ണിയോട്. നേരം വെളുത്തപ്പോൾ കേട്ട അനീഷ മരിച്ചെന്ന വാർത്ത ഇവിടുത്തുകാർക്ക് വിശ്വസിക്കാനായില്ല. രാവിലെത്തന്നെ നാട്ടുകാരെല്ലാം മുകേഷിന്റെ വീടിന് മുമ്പിൽ തടിച്ചുകൂടി. ചൊവ്വാഴ്ച പനമരത്തെ ടെക്‌സ്റ്റയിൽസിൽ ജോലിക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും നാട്ടുകാർ അനീഷയെ കണ്ടിരുന്നു. പ്രദേശത്തുകാർക്ക് പരിചിതനായിരുന്നു മുകേഷ്.

മുകേഷിന്റെ അയൽവാസിയായ കെ എം ജ്യോതിഷും കുടുംബവും കൊലപാതകത്തെക്കുറിച്ച് അറിഞ്ഞില്ല. മുകേഷിന്റെ വീട്ടിൽ ടിവി ഉയർന്ന ശബ്ദത്തിൽ വച്ചിരുന്നു. മറ്റ് ശബ്ദം ഒന്നുംതന്നെ കേട്ടില്ല. രാത്രി പൊലീസ് എത്തിയതിനുശേഷമാണ് ഇവരും കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. അനീഷയുടെ കൈവശമുണ്ടായിരുന്ന സ്വർണവും പണവുമെല്ലാം മുകേഷ് ധൂർത്തടിച്ച് നശിപ്പിച്ചെന്നും ജോലിക്ക് പോയ പണംവരെ വാങ്ങാറുണ്ടെന്നും ഒന്നും കിട്ടാതായതോടെയാണ് കൊലപാതകം നടത്തിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.