തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിലൂടെ നടന്നുപോയ വിദ്യാർത്ഥിനിയെ ബൈക്ക് സ്റ്റണ്ടിനിടെ വിദ്യാർത്ഥിനിയെ ഇടിച്ചുവീഴ്‌ത്തിയ സംഭവത്തിൽ കുറ്റക്കാരനായ കല്ലമ്പലം സ്വദേശി നൗഫലിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർവാഹന വകുപ്പ്. കല്ലമ്പലം തലവിളമുക്ക് പുലിക്കുഴി റോഡിൽ അപകടകരമായ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് സ്‌കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടത്. അപകടകരമായി ബൈക്കോടിച്ചതിന് ഇയാൾക്കെതിരെ ആറുകേസുകൾ നിലവിലുണ്ട്.

ഇയാൾ സ്ഥിരമായി ബൈക്ക് സ്റ്റണ്ട് നടത്തുന്നയാളാണെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെയാണ് നൗഫലിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചത്.

തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഇത് ആദ്യമായല്ല യുവാവ് പൊതു നിരത്തിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത്. പെൺകുട്ടികളെ ആകർഷിക്കാനും നവമാധ്യമങ്ങളിൽ തരംഗമാകാനും നാട്ടുകാരുടെ ജീവൻ വച്ച് പന്താടുന്ന ബൈക്ക് അഭ്യാസങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.

സമൂഹ മാധ്യമങ്ങളിൽ വൈറലാവാൻ സ്ഥിരമായി സ്റ്റണ്ട് വീഡിയോകൾ മറ്റുള്ളവർക്ക് അപകടകരമായ രീതിയിൽ ചെയ്തിട്ടുള്ള യുവാവാണ് വ്യാഴാഴ്ച കല്ലമ്പലത്ത് അപകടമുണ്ടാക്കിയത്. കല്ലമ്പലം തോട്ടയ്ക്കാട് വച്ചാണ് അമിതവേഗക്കാരനായ നൗഫൽ വിദ്യാർത്ഥിനികളുടെ ശ്രദ്ധനേടാനായി അഭ്യാസം നടത്തിയത്. വിദ്യാർത്ഥികൾ പോകുന്ന റോഡിലൂടെ അമിത വേഗത്തിലെത്തിയ ഇരു ചക്ര വാഹനത്തിന്റെ മുൻഭാഗം ഉയർത്താനുള്ള ശ്രമത്തിനിടെയാണ് നൗഫലിന്റെ ബൈക്ക് വഴിയാത്രക്കാരിയായ പെൺകുട്ടിയെ ഇടിച്ചിട്ടത്. അപകടത്തിൽ പെൺകുട്ടിക്കും ബൈക്ക് ഉടമ നൗഫലിനും പരിക്കേറ്റിരുന്നു.

റോഡിന്റെ ഒരു വശത്ത് കൂടി രണ്ട് വിദ്യാർത്ഥിനികളും മറ്റൊരു വശത്തുകൂടി ഒരു വിദ്യാർത്ഥിനിയും നടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബൈക്കിലെത്തിയ നൗഫൽ പെൺകുട്ടിയുടെ അടുത്തെത്തിയപ്പോൾ ബൈക്കിന്റെ മുൻഭാഗം ഉയർത്തി കാണിക്കാൻ ശ്രമിച്ചു. എന്നാൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ആദ്യം നൗഫൽ റോഡിലേക്ക് വീണു. പിന്നാലെ ബൈക്ക് നിരങ്ങി പെൺകുട്ടിയെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. സംഭവം കണ്ട് മറുവശത്ത് നിന്ന് പെൺകുട്ടികൾ ഓടിയെത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.

ബൈക്ക് നാട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയോ ബന്ധുക്കളോ അപകടത്തേക്കുറിച്ച് പരാതി നൽകിയിട്ടില്ല. നൗഫലിന്റെ കൈയ്ക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബൈക്കഭ്യാസം നടത്തിയതടക്കം മുമ്പ് 7 തവണ നൗഫലിനെതിരെ എം വി ഡി പിഴ ചുമത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് സ്റ്റേഷനിൽ പിടിച്ചു നിർത്തിയിട്ടുമുണ്ട്. എന്നിട്ടും യുവാവിന്റെ വാഹന ഓടിക്കലിന് ഒരു മാറ്റവുമില്ലെന്ന് ചുരുക്കം. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ റിപ്പോർട്ട് നൽകുമെന്ന് കല്ലമ്പലം പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കി. ഒരു കേസ് എടുത്ത് ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എംവിഡിയും വിശദമാക്കി.