മുംബൈ: ഹിറ്റ് ആണ്‍ റണ്‍ കേസില്‍ പ്രതിയായ ശിവസേന നേതാവിന്റെ മകന്‍ അപകടം ഉണ്ടാക്കും മുമ്പ് പുലരുവോളം മദ്യപിച്ച ബാറിന്റെ ഭാഗങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ശിവസേന വിഭാഗത്തിലെ നേതാവായ രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ(24) അറസ്റ്റിലായതിന് പിന്നാലെയാണ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബാര്‍ തകര്‍ത്തത്. നേരത്തെ ബാര്‍ അടങ്ങുന്ന സ്ഥലം എക്‌സൈസ് മുദ്ര വച്ചിരുന്നു.

മഹാരാഷ്ട്രയില്‍ 25 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നത് നിയമവിരുദ്ധമാണ്. വൈസ് ഗ്ലോബല്‍ തപസ് ബാര്‍ മിഹിര്‍ ഷായ്ക്ക് ശനിയാഴ്ച രാത്രി വൈകിയും, ഞായറാഴ്ച പുലര്‍ച്ചെയും മദ്യം നല്‍കി. നിലത്ത് കാലുറയ്ക്കാതായപ്പോള്‍ ബാറില്‍ നിന്ന് ഇറങ്ങിയ മിഹിര്‍ ഷാ ഓടിച്ച ബി എം ഡബ്ല്യു കാര്‍ ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച 45 കാരി മരിച്ചിരുന്നു. അവരുടെ ഭര്‍ത്താവിന് ഗുരുതര പരുക്കേറ്റിരുന്നു.

25 വയസ് തികയാത്ത യുവാവിന് മദ്യം നല്‍കിയതിന് പുറമേ, ശരിയായ ലൈസന്‍സ് ഇല്ലാതെ മദ്യം വിളമ്പിയതിനും, വസ്തുവില്‍ അനധികൃത നിര്‍മ്മാണത്തിനുമാണ് ബാര്‍ പൂട്ടി മുദ്ര വച്ചത്. അനധികൃതമായി നിര്‍മ്മിച്ച ഭാഗങ്ങളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ബോംബെ വിദേശ മദ്യനയ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി.

അപകടം നടന്ന് 72 മണിക്കൂര്‍ നേരത്തേക്ക് മിഹിര്‍ ഷാ ഒളിവിലായിരുന്നു. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് ഇത്രയും നേരം നിലനില്ക്കില്ലെന്ന് മരിച്ച സ്ത്രീയുടെ കുടുംബം ആരോപിച്ചു. പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അയാള്‍ ഒളിവില്‍ പോയതെന്ന് മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പ്രദീപ് നഖ്വ ചോദിച്ചു. മുംബൈയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ വിരാറിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അമ്മയ്ക്കും രണ്ടുസഹോദരിമാര്‍ക്കും ഒപ്പം മിഹിറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയും, സഹോദരിമാരും ഒളിവില്‍ കഴിയാന്‍ മിഹിറിനെ സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. മിഹിറിന്റെ പിതാവിനെയും കുടുംബ ഡ്രൈവര്‍ രാജര്‍ഷി ബിദാവത്തിനെയും ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിന് ശേഷം താനാണ് വാഹനം ഓടിച്ചതെന്ന് മിഹിര്‍ഷാ സമ്മതിച്ചെങ്കിലും, മദ്യപിച്ചിട്ടില്ലായിരുന്നു എന്നാണ് പൊലീസിനോട് വാദിച്ചത്. ' ഞങ്ങള്‍ പാവങ്ങളാണ്. ആരാണ് ഞങ്ങളെ സഹായിക്കാനുള്ളത്. ഇന്ന് അവനെ ജയിലില്‍ അടയ്ക്കും. നാളെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കി വിട്ടയയ്ക്കും', മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പ്രദീപ് നഖ്വ രോഷത്തോടെ പ്രതികരിച്ചു. മിഹിറിന്റെ പിതാവ് രാജേഷ് ഷായ്ക്ക് തിങ്കളാഴ്ച ജാമ്യം കിട്ടി. ശിവസേനയിലെ പദവിയില്‍ നിന്ന് ഷായെ നീക്കിയിട്ടുണ്ട്.

അതേസമയം, കുടുംബ ഡ്രൈവര്‍ രാജര്‍ഷി ബിദാവത്ത് ജയിലില്‍ തുടരുകയാണ്. തെളിവ് നശിപ്പിക്കാന്‍ രാജേഷ് ഷായെ സഹായിച്ചതിന് പുറമേ, സ്ത്രീയെ ഇടിച്ചുവീഴ്ത്തിയതിന് പിന്നാലെ ഇയാള്‍ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്നു. ബി എം ഡബ്ല്യുവിന്റെ നമ്പര്‍ പ്ലേറ്റ് പൊട്ടിച്ച് കളയുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് മിഹിര്‍ ഷായും കൂട്ടുകാരും ബാറില്‍ എത്തിയത്. പുലര്‍ച്ചെയോടെ ഡ്രൈവര്‍ക്കൊപ്പം മടങ്ങുമ്പോള്‍ മിഹിര്‍ ഷാ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ ഡ്രൈവര്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ വര്‍ളിയില്‍ വെച്ച് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാവേരി നഖ്വ എന്ന സ്ത്രീ മരിക്കുകയും ഇവരുടെ ഭര്‍ത്താവ് പ്രദീപ് നഖ്വയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടത്തിന് പിന്നാലെ മിഹിര്‍ ഷാ ഓട്ടോ റിക്ഷയില്‍ ഇവടെ നിന്ന് രക്ഷപ്പെട്ടു. ഡ്രൈവറേയും കാറും സ്ഥലത്ത് ഉപേക്ഷിച്ചാണ് മിഹിര്‍ ഷാ ഇവിടെ നിന്ന് രക്ഷപ്പെട്ടത്. പെണ്‍സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇയാള്‍ ആദ്യം പോയത്. ഇവിടേക്ക് ഷായുടെ സഹോദരിയെ വിളിച്ചു വരുത്തി. തുടര്‍ന്ന് ഇവിടെ നിന്ന് ബോറിവാലിയിലെ വീട്ടിലേക്ക് ഇവര്‍ പോയി. ഇയാളുടെ കുടുംബം ഷാ പുരിലെ റിസോര്‍ട്ടിലേക്ക് ഒളിവില്‍ പോവുകയും ചെയ്തു. ഇതിനിടെ പോലീസ് പ്രതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. എന്നാല്‍ ഇതിനിടെ പോലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.