ഇടുക്കി: ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കുമളിയിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെജി മനോജ് അസിസ്റ്റ്‌റന്റ് ഹരികൃഷ്ണൻ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്ന് ആളൊന്നിന് 100 രൂപ വീതമാണ് മനോജ് വാങ്ങിയിരുന്നത്.

കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലൻസ് സംഘമാണ് പിടികൂടിയത്. കൈക്കൂലിയുമായി പിടിയിലായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. വിജിലൻസെത്തുമ്പോൾ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മദ്യപിച്ചായിരുന്നു ഓഫീസിൽ ഉണ്ടായിരുന്നതെന്ന് പറയുന്നു. ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 4000 രൂപയും കണ്ടെടുത്തു.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും പെർമിറ്റ് സീൽ ചെയ്യാൻ കുമളി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രാത്രിയിൽ അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക്‌പോസ്റ്റിലെത്തി. ആയിരം രൂപയാണ് ഇവരിൽ നിന്നും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മനോജും സഹായി ഹരികൃഷ്ണനും ചേർന്ന് വാങ്ങിയത്.

വിജിലൻസ് പിടികൂടുമ്പോൾ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കൽ പരിശോധന റിപ്പോർട്ട് അടക്കമാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ചുമതലയിൽ നിന്ന് മാറ്റി. കൈക്കൂലി തെളിഞ്ഞ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്നറിയുന്നു.

വളരെ തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു ഇവരെ കുടുക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും പെർമിറ്റ് സീൽ ചെയ്യാൻ കുമളി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക്‌പോസ്റ്റിൽ എത്തി. ആദ്യം 500 രൂപ കൊടുത്തപ്പോൾ പത്ത് പേരുള്ള വണ്ടിയിൽ ഒരാൾക്ക് 100 രൂപ വീതം 1000 രൂപ നൽകാൻ മനോജ് നിർബന്ധം പിടിക്കുകയായിരുന്നു.

ഉടൻ ഇടുക്കി വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് 4000 രൂപ കണ്ടെത്തിയത്. മേശയുടെ അടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു പൈസ. വിജിലൻസ് സംഘം എത്തി 10 മിനിറ്റുകൊണ്ടാണ് 4000 രൂപ കൈക്കൂലിയായി വാങ്ങിയത്. ഡ്യൂട്ടി സമയത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മനോജ് മദ്യപിച്ചിരുന്നതായും വിജിലൻസിന് ബോധ്യമായി.