തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ, ഏജന്റുമാർ കൈക്കൂലി പണം നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ ഏജൻസികൾ വഴിയാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ.

സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലുള്ള പരിശോധന  തുടങ്ങിയത്. ഏജന്റുമാരിൽ നിന്നും പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഏജന്റുമാറുടെ സ്ഥപനങ്ങൾ, ഡ്രൈവിങ് സ്‌കൂളുകൾ എന്നിവടങ്ങളിലും പരിശോധനയുണ്ടായി. 

53 ആർടിഒജെആർടിഒ ഓഫിസുകളിലാണ് 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിനു കൈമാറും.

കോട്ടയം ആർടി ഓഫിസിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും, അടിമാലി ആർടി ഓഫിസിൽ ഗൂഗിൾ പേ വഴി 97,000 രൂപ ഏജന്റുമാർ നൽകിയതായും വ്യക്തമായി. ചങ്ങനാശേരി ആർടി ഓഫിസിലെ ഉദ്യേഗസ്ഥനു ഡ്രൈവിങ് സ്‌കൂൾ ഏജന്റുമാർ വഴി ഗൂഗിൾ പേയിലൂടെ 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർടി ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്കു വിവിധ ഡ്രൈവിങ് സ്‌കൂൾ ഏജന്റുമാരിൽനിന്നും 15,790 രൂപ നൽകിയതായും കണ്ടെത്തി.

നെടുമങ്ങാട് ഓട്ടോ കൺസൽട്ടൻസി ഓഫിസിൽനിന്നും 1,50,000 രൂപയും, കൊണ്ടോട്ടി ആർടി ഓഫിസ് വളപ്പിലെ ഏജന്റിന്റെ കാറിൽനിന്നും 1,06,205 രൂപയും, ആലപ്പുഴ ആർടി ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന രണ്ടു ഏജന്റുമാരിൽ നിന്നായി 72,412 രൂപയും പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് ജോയിന്റ് ആർടി ഓഫിസിലുണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്നായി 38,810 രൂപയും കോട്ടയം ആർടി ഓഫിസിൽ നടന്ന മിന്നൽ പരിശോധനയിൽ ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരുടെ പക്കൽനിന്നും കൃത്യമായ രേഖകളില്ലാത്ത 36,050 രൂപയും കണ്ടെത്തി.

ചടയമംഗലം ആർടി ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്നായി 32,400 രൂപയും കൊട്ടാരക്കര ആർടി ഓഫിസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽനിന്നും 34,300 രൂപയും പിടിച്ചെടുത്തു. പാലക്കാട് ആർടി ഓഫിസിലെ രണ്ട് ഏജന്റുമാരുടെ പക്കൽനിന്നും 26,900 രൂപയും, റാന്നി ആർടി ഓഫിസിൽ ഉണ്ടായിരുന്ന ഏജന്റിൽനിന്നും 15,500 രൂപയും, പത്തനംതിട്ട ആർടി ഓഫിസിൽ ഉണ്ടായിരുന്ന ഏജന്റിന്റെ പക്കൽനിന്നും 14,000 രൂപയും കണ്ടെത്തി. പുനലൂർ ജെആർടി ഓഫിസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽനിന്നും 8,100 രൂപയും കരുനാഗപ്പള്ളി ആർടി ഓഫിസിലെ ഏജന്റിൽ നിന്നും 7,930 രൂപയും കാക്കനാട്ടെ ആർടി ഓഫിസ് ഏജന്റിൽനിന്നും 8,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

പയ്യന്നൂർ, കണ്ണൂർ, ഇരിട്ടി ഓഫീസുകളിൽ വിജിലൻസ് കണ്ണൂർ യൂണിറ്റ് റെയ്ഡ് നടത്തിയിരുന്നു. ഏജന്റുമാർ വഴിയല്ലാത്ത ഫയലുകൾ വച്ചു താമസിപ്പിക്കുന്നതും ഏജന്റുമാരുടെ ഫയലുകൾ തിരിച്ചറിയാൻ പ്രത്യേക കോഡ് സംവിധാനം തുടരുന്നതായും പരിശോധനയിൽ കണ്ടെത്തി. പയ്യന്നൂരിൽ വിജിലൻസ് ഡിവൈ.എസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലും കണ്ണൂരിൽ ഇൻസ്പെക്ടർ പി.ആർ മനോജ്, ഇരിട്ടിയിൽ ഇൻസ്പെക്ടർ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തിയത്.

ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതായും ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ തയ്യാറായിട്ടും അപേക്ഷകർക്ക് അയച്ചു കൊടുക്കുന്നതിൽ കാലതാമസം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകളിൽ ഏജന്റുമാരെ തിരിച്ചറിയാനുള്ള കോഡിനു പുറമേ ഫയലിന്റെ പിൻഭാഗത്ത് ഏജന്റിന്റെ പേര് രേഖപ്പെടുത്തിയതായും കണ്ടെത്തി.

മൂന്ന് ഓഫീസുകളിലും ടെസ്റ്റ് ഗ്രൗണ്ടിൽ ഏജന്റുമാരുടെ അമിതമായ ഇടപെടൽ നടക്കുന്നതായും പരിശോധനയിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ചില ഏജന്റുമാരെ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടയക്കുകയും ചെയ്തു.

കൂടാതെ ഓഫീസുകളിൽ സൂക്ഷിച്ച ഫയലുകളുടെ എണ്ണത്തിൽ കൃത്യമായ കണക്കുകളില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, ഓഫീസ് പരിശോധനകളിൽ സാമ്പത്തിക ക്രമക്കേടുകളിൽ ഗണ്യമായ കുറവ് വന്നതായി കണ്ടെത്തിയെന്ന് വിജിലൻസ് ഡിവൈ.എസ്‌പി അറിയിച്ചു.