ന്യൂഡൽഹി: ഡൽഹിയിൽ 20 കാരിയെ കാറിടിച്ച ശേഷം വലിച്ചിഴച്ചത് ഏഴോളം പൊലീസ് വാനുകൾ ഉണ്ടായിരുന്ന സ്ഥലത്ത് കൂടിയെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഡൽഹി പൊലീസിന്റെ അനാസ്ഥയ്ക്ക് എതിരെയും വിമർശനം ഉയരുന്നുണ്ട്. രണ്ടുപൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഉള്ള സ്ഥലത്ത് കൂടിയാണ് കാറിന്റെ ചക്രത്തിൽ കുടുങ്ങിയ യുവതിയെ വലിച്ചിഴച്ചത്. ഈ മേഖലയിൽ, അഞ്ചുമുതൽ ഏഴുവരെ പൊലീസ് വാഹങ്ങൾ ഉള്ളയിടമാണ്. പുതുവർഷ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 16,500 പൊലീസുകാരെ നിരത്തുകളിൽ വിന്യസിച്ചിരുന്നതായി പറയുന്നു. എന്നാൽ, ഈ പൊലീസുകാർ ആരും ഞെട്ടിക്കുന്ന കാഴ്ച കണ്ടില്ല. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അഞ്ജലി എന്ന യുവതിയുടെ സ്‌കൂട്ടിയിൽ കാർ ഇടിച്ചതിനെ തുടർന്നാണ് ചക്രങ്ങളിൽ വസ്ത്രം കുടുങ്ങിയത്. ഇതോടെ, 12 കിലോമീറ്ററോളം യുവതിയെ കാറിൽ വലിച്ചിഴച്ചു. തങ്ങളുടെ ശ്രദ്ധയിൽ ഇത് പെട്ടില്ലെന്നും, കാറിൽ ഉച്ചത്തിൽ പാട്ടുവച്ചിരുന്നു എന്നൊക്കെയാണ് കാർ യാത്രക്കാരുടെ ന്യായീകരണം. പശ്ചിമ ഡൽഹിയിലെ കഞ്ചവാലയിൽ ഒരേ റോഡിൽ കാർ മൂന്നുയൂടേണുകൾ എടുത്തു. മൂന്നാമത്തെ ടേണിൽ മൃതദേഹം കാറിൽ നിന്ന് വേർപെട്ടു.

സംഭവം കണ്ട ഒരു ദൃക്‌സാക്ഷി കാറിന് പിന്നാലെ സ്‌കൂട്ടറിൽ പാഞ്ഞ് നിർത്തിക്കാൻ ശ്രമിച്ചു. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചുപറഞ്ഞിട്ടും ഫലമുണ്ടായില്ല. കാർ നിർത്താതെ വന്നപ്പോഴാണ് ദീപക് ദഹിയ എന്ന പ്രാദേശിക ബേക്കറി ഉടമ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചത്. എന്നാൽ, കാറിനെ പിന്തുടരാനോ അക്രമികളെ പിടികൂടാനോ പൊലീസ് ശ്രമിച്ചില്ല.

പ്രതികളിൽ ഒരാൾ ബിജെപിക്കാരൻ ആയതുകൊണ്ട് പൊലീസ് സംഭവം ഒതുക്കി തീർക്കാൻ നോക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. കാർ യാത്രികനായ മനോജ് മിത്തൽ എന്നയാൾ ബിജെപിക്കാരനാണ്. പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഹോർഡിങ്ങിൽ മിത്തലിന്റെ ഫോട്ടോ ഉണ്ടെന്നും ആപ്പിന്റെ സൗരഭ് ഭരദ്വാജ് ആരോപിച്ചു. മനോജ് മിത്തലാണ് കാർ ഉടമ. റേഷൻ കടയുടമയായ ഇയാൾ പ്രാദേശിക നേതാവാണ്. ദീപക് ഖന്ന എന്നയാളാണ് കാർ ഓടിച്ചിരുന്നത്. എസ്‌ബിഐ കാർഡ്‌സിന് വേണ്ടി ജോലി ചെയ്യുന്ന അമിത് ഖന്ന, കോണോട്ട് പ്ലേസിലെ സ്പാനിഷ് സാംസ്‌കാരിക കേന്ദ്രത്തിലെ ജീവനക്കാരനായ കൃഷൻ, ഹെയർ ഡ്രസറായ മിഥുൻ എന്നിവരും കാറിലുണ്ടായിരുന്നു. ഇവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം ഇങ്ങനെ

പുതുവർഷ രാത്രിയിലാണ് സംഭവം. 20 കാരിയായ അഞ്ജലിയുടെ സ്‌കൂട്ടിയിൽ കാർ ഇടിച്ചു. കാറിന്റെ ചക്രങ്ങളിൽ വസ്ത്രം കുരുങ്ങിയതോടെ, അഞ്ജലിയെ വലിച്ചിഴച്ചുകൊണ്ട് കാർ 12 കിലോമീറ്ററോളം സഞ്ചരിച്ചു. റോഡിൽ മൃതദേഹം കണ്ടെത്തുമ്പോൾ വസ്ത്രങ്ങളെല്ലാം കീറി പോയിരുന്നു. മംഗോൾപുരിയിലെ എസ്ജിഎം ആശുപത്രിയിൽ കൊ്ണ്ടുപോയെങ്കിലും നേരത്തെ തന്നെ മരണമടഞ്ഞിരുന്നു.

കാറിന്റെ രജിസ്റ്റർ നമ്പർ നോക്കിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇടുങ്ങിയ ഒരു വഴിയിൽ കൂടി വരവേയാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടിയുമായി ഇടിച്ചെങ്കിലും, സംഭവം ആരും കണ്ടില്ലെന്ന ഉറപ്പിൽ കാർ നിർത്താതെ പോയി. പിന്നീട് വളരെ വൈകിയാണ് ചക്രങ്ങളിൽ യുവതിയുടെ മൃതദേഹം കുടുങ്ങി കിടക്കുന്നത് ശ്രദ്ധിച്ചത്. മൃതദേഹം കാറിൽ നിന്ന് നീക്കിയ ശേഷം അവർ ഓടി രക്ഷപ്പെട്ടു.

അഞ്ജലി അവിവാഹിതയായിരുന്ന. കുടുംബത്തോടൊപ്പം സുൽത്താൻ പുരിയിൽ ആണ് താമസിച്ചിരുന്നത്. അമ്മയും അഞ്ച് സഹോദരങ്ങളും ഉണ്ട്. തന്റെ മകളെ ബലാൽസംഗം ചെയ്തുവെന്നാണ് അമ്മ ആദ്യം ആരോപിച്ചത്. എന്നാൽ, പൊലീസ് ഇക്കാര്യം നിഷേധിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ, സമയബന്ധിതവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ഡൽഹി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.