പത്തനംതിട്ട: 1.43 കോടിയുടെ നിക്ഷേപം മടക്കി നൽകിയില്ലെന്ന അമേരിക്കൻ മലയാളിയുടെ പരാതിയിൽ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതിയംഗവുമായ എൻ.എം. രാജുവിനെതിരേ ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം സ്വദേശിയാണ് പരാതിക്കാരൻ. മെഴുവേലി ആലക്കോട്ടുള്ള ബ്രാഞ്ചിലാണ് ഇദ്ദേഹം പണം നിക്ഷേപിച്ചിരുന്നത്. കാലാവധി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നെടുമ്പറമ്പിൽ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങളും വാഹന വിൽപ്പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവും ഉണ്ട്. ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ചെറിയ തുകകൾ ഉള്ളവർ പൊലീസിൽ പരാതി നൽകുമ്പോൾ ഒത്തു തീർപ്പ് ചർച്ച നടത്തി മടക്കി നൽകിയിരുന്നു. എന്നാൽ, നിലവിലെ തുക ഭീമമായതിനാൽ പണം തിരികെ നൽകാൻ കഴിയാതെ വരികയായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾ ആണ് എൻ.എം. രാജുവിനെ ചതിച്ചതെന്നാണ് പറയുന്നത്. നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം കേരളത്തിന് അകത്തും പുറത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചു. കോവിഡ് കാരണം സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിട്ടതോടെ റിയൽ എസ്റ്റേറ്റ് മേഖല തകരുകയും ചെയ്തു. ഇതാണ് എൻ.എം രാജുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എന്നാണ് വിവരം.

നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് വിവിധി ബ്രാഞ്ചുകളിലെത്തി ബഹളം കൂട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരാൾ കന്നാസിൽ പെട്രോളുമായി വന്ന് ആത്മഹത്യ ഭീഷണിയും മുഴക്കിയിരുന്നു. വരും ദിനങ്ങളിൽ കൂടുതൽ പരാതികൾ എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം തന്നെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ റിപ്പോർട്ട് നൽകിയിരുന്നു.

കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ കരിക്കിനേത്ത് സിൽക്സ് വാങ്ങി എൻസിഎസ് വസ്ത്രം എന്ന പേരിൽ തുണിക്കടകൾ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയിൽ കരിക്കിനേത്ത് ഉടമയ്ക്ക് ഇപ്പോഴും കോടികൾ നൽകാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നൽകാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടക നൽകാതെ ഇരിക്കാൻ കഴിയില്ലെന്ന് വിശ്വാസികൾ അറിയിക്കുകയും കടയ്ക്ക് മുന്നിൽ സമരം തുടങ്ങുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റ് പുതിയ പേരുകളിലും പ്രത്യക്ഷപ്പെട്ട് പിടിച്ചു നിൽക്കാൻ ശ്രമം നടത്തിയിരുന്നു. ടാറ്റ, കിയ കാറുകളുടെ ഷോറൂമകളും എൻസിഎസിന്റെ പേരിലുണ്ട്.

ദീർഘകാലം കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നി സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, രാജുവിന്റെ സാമ്പത്തിക അടിത്തറ തകർന്നുവെന്ന് മനസിലാക്കിയ ജോസ് കെ. മാണി വിശ്വസ്തനായ പ്രമോദ് നാരായണനെ ഇവിടെ നിർത്തി മത്സരിപ്പിക്കുകയാണ് ചെയ്തത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജു മാറിയതോടെ പാർട്ടിയിലും സജീവമല്ലാതായി മാറിയിരുന്നു.

സമീപകാലത്ത് രാജു ബിജെപിയിലേക്ക് പോകുന്നതിന് കരുക്കൾ നീക്കിയതായും പറയുന്നു. ഐപിസിക്കാരനായ രാജു പാർട്ടിയിലേക്ക് വരുന്നത് നേട്ടമാകുമെന്ന് കണ്ട് ബിജെപി നേതാക്കൾ ചർച്ച നടത്തി വരികയായിരുന്നു. അതിനിടെയാണ് ഇദ്ദേഹത്തിന്റെ സ്ഥാപനത്തിനെതിരേ നിക്ഷേപ തട്ടിപ്പിന് കേസ് വന്നിരിക്കുന്നത്.