കട്ടപ്പന: ഒന്നര വർഷം മുൻപു ഭാര്യ കൊല്ലപ്പെട്ട വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി.ജോർജ് (68) ആണു മരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നു പൊലീസ് അറിയിച്ചു. ഭാര്യ ചിന്നമ്മയുടെ മരണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണു ജോർജിന്റെ മരണം.

ജോർജിനെ കാണാനില്ലെന്നു ബന്ധു നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണു മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയിൽ ധ്യാനത്തിനു പോകുന്നതായി ജോർജ് മകളോടു വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇന്നലെ രണ്ടാം നിലയിലെ മുറിയിൽ കട്ടിലിൽ കണ്ടെത്തിയ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ജോർജിന്റെ സംസ്‌കാരം ഇന്ന് 2.30നു സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. മക്കൾ: അനു, അഞ്ജു, അനുജ, അനീറ്റ, എൽദോസ്. മരുമക്കൾ: ബിജു, എൽദോസ്, മാത്തുക്കുട്ടി, ജിസ്.

ചിന്നമ്മയുടെ കൊലയാളിയിലേക്ക് എത്താനാകാതെ പൊലീസ് സംഘം വലയുകയാണ്. 2021 ഏപ്രിൽ എട്ടിനാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയെ (60) പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ ഭർത്താവ് ജോർജ് മുകളിലെ നിലയിൽനിന്നു താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മ ചലനമില്ലാതെ കിടക്കുന്നനിലയിൽ കണ്ടെത്തിയത്. മുഖത്ത് ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന നാല് പവനോളം സ്വർണവും നഷ്ടമായിരുന്നു.

സംഭവം നടക്കുമ്പോൾ ചിന്നമ്മയും ജോർജും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് ജോർജിനെ കട്ടപ്പന ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനായില്ല. വീടിനുള്ളിൽ നടന്ന ഫൊറൻസിക് പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട് പൊലീസ് പ്രദേശവാസികളായ 40 പേരെ ചോദ്യംചെയ്യുകയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല.

പ്രതിയെ പിടികൂടാൻ കഴിയാത്തതിനെ തുടർന്ന് ജനരോഷം ഉയർന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ കേസ് അന്വേഷണം 2021 നവംബറിൽ ലോക്കൽ പൊലീസിൽനിന്നു ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എസ്‌പി. ഉൾപ്പെടെയുള്ളവർ കൊച്ചുതോവാളയിലെത്തി അന്വേഷണം നടത്തിയെങ്കിലും വേണ്ടത്ര തെളിവുകൾ ലഭിക്കാതെ പരാജയപ്പെട്ടു. ഇതിനിടെയാണ് ജോർജും മരണത്തിന് കീഴടങ്ങുന്നത്. അതും ദുരൂഹ സാഹചര്യത്തിൽ.

ചിന്നമ്മയുടെ മരണത്തിന് ശേഷം ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ പുറത്തുനിന്ന് ആരെങ്കിലും വന്നു പോയതിന്റെ തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഭർത്താവ് ജോർജിനെയും പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. മൊഴികളിലെ പൊരുത്തക്കേടും അന്വേഷണം അയാളിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായി. വായിൽ തുണി തിരുകി, കാലുകൾ ബന്ധിച്ച നിലയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം.

വീട്ടിൽ നിൽക്കുമ്പോഴും ആഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി നടക്കുന്ന പ്രകൃതക്കാരിയിരുന്നു ചിന്നമ്മ. മാലയും വളയുമുൾപ്പടെ ചിന്നമ്മയുടെ നാല് പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ജോർജ് മൊഴി നൽകിയതിനാൽ മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന നിലയിലായിരുന്നു അന്വേഷണം. എന്നാൽ, മോഷണത്തിന് വേണ്ടി നടത്തിയ കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. ചിന്നമ്മയുടെ മാലയും വളകളുമാണ് നഷ്ടപ്പെട്ടത്. എന്നാൽ ഇവ ബലംപ്രയോഗിച്ച് ഊരിയെടുത്തിന്റെ സൂചനകളോ പരിക്കുകളോ മൃതദേഹത്തിൽ കണ്ടെത്താനായില്ല.

പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. വീടിനുള്ളിൽനിന്ന് മണം പിടിച്ച പൊലീസ് നായ വീട്ടുപരിസരം വിട്ട് പുറത്തേക്ക് പോയതുമില്ല. മോഷണത്തിനായി ആരെങ്കിലും അവിടെ എത്തിയോയെന്ന് കണ്ടെത്താനായി പരിസരത്തെ സിസി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. പുറത്ത് നിന്നാരുടെയും സാന്നിദ്ധ്യം വീട്ടിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നഷ്ടപ്പെട്ടതായി പറയുന്ന ആഭരണങ്ങൾ വീട്ടിലോ പരിസരത്തോ ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാൻ വീട്ടിലും പരിസരത്തും മെറ്റൽ ഡിറ്റക്ടറുപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

ചിന്നമ്മയുടെ ഭർത്താവ് ജോർജ്, വീട്ടിൽ തടിപ്പണിക്കായും മറ്റും എത്തിയ തൊഴിലാളികൾ എന്നിവരുൾപ്പെടെ നൂറോളം പേരെ പൊലീസ് പലഘട്ടങ്ങളിലായി ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. സംഭവദിവസം വീടിന്റെ താഴത്തെ നിലയിലെ പിൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു. ചിന്നമ്മയുടെ ആഭരണങ്ങൾ നഷ്ടമായതും കതക് തുറന്നിട്ട നിലയിൽ കാണപ്പെട്ടതുമാണ് മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയിക്കാൻ കാരണം. ഭർത്താവ് ജോർജാണ് കൃത്യം നിർവഹിച്ചതെന്നാണ് നാട്ടുകാരിൽ ഒരുവിഭാഗം ആരോപിച്ചിരുന്നു.