കാസർകോട് /ബദിയടുക്ക: കാസർകോട്ട് 16 വയസ്സുകാരിയുടെ ആത്മഹത്യക്ക് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.-എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിിയിരുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16കാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിനകത്ത് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് തിരികെ കൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ട്ത്തിനായി ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയത്തിലായ യുവാവിന്റെ പ്രണയ അഭ്യർത്ഥന ആദ്യം വിദ്യാർത്ഥിനി തിരസ്‌കരിച്ചിരുന്നെങ്കിലും അൻവറിന്റെ തന്ത്രത്തിൽ ഒടുവിൽ വിദ്യാർത്ഥിനി അകപ്പെടുകയായിരുന്നു. ആദ്യഘട്ടങ്ങളിൽ സംശുദ്ധ പ്രണയത്തിന്റെ വക്താവായിരുന്ന അൻവർ പിന്നീട് ലൈംഗിക കാര്യങ്ങളിലേക്ക് വിദ്യാർത്ഥിനിയെ തള്ളിവിടുകയായിരുന്നു.

സ്‌കൂളിലേക്ക് പോകുമ്പോൾ, വിദ്യാർത്ഥിനിയെ അതിന് അനുവദിക്കാത്ത പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. താൻ അൻവറിന്റെ കുരുക്കിൽ പെട്ടിരിക്കുകയാണെന്ന് തിരിച്ചറിവ് വിദ്യാർത്ഥിനിക്ക് കൈവരിക്കുമ്പോൾ സമയം അല്പം വൈകി പോയിരുന്നു. തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തി എന്നുള്ളതൊഴിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും വിദ്യാർത്ഥിനി ഒടുവിൽ വീട്ടുകാരോട് തുറന്നു പറഞ്ഞു. പെൺകുട്ടിയെ വീട്ടുകാർ ആശ്വസിപ്പിക്കുകയും കൂടെ നിർത്തുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥിനി അൻവറിനോട് തന്നെ ഇനി വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ നമ്പർ ബ്ലോക് ചെയ്തു. ഇതിന് പിന്നാലെ സ്‌കൂളിൽ പോകുന്ന സമയത്ത് അൻവർ വിദ്യാർത്ഥിനിയുടെ വഴി തടഞ്ഞ് തന്റെ ഫോട്ടോ പുറത്തുവിടുമെന്നും ഉപ്പയെ കൊല്ലുമെന്നും ഇനി ഒരിക്കലും തനിക്ക് വിവാഹം കഴിക്കാൻ സാധിക്കാത്ത വിധം നാണക്കേടിലേക്ക് തള്ളിവിടുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു.

ഇതോടെ അൻവറിന്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ പെൺകുട്ടി വിഷം കഴിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻവറിനെ (24) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ അൻവറിന് എല്ലാ വിഷയങ്ങൾക്കും ഒത്താശ ചെയ്തുവെന്ന ആരോപണത്തിൽ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സാഹിൽ എന്ന യുവാവിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആശുപത്രി കിടക്കയിൽ വെച്ച് മകൾ തന്നെ ശല്യം ചെയ്ത മറ്റു ചിലരെ കുറിച്ച് വിവരം നൽകിയിട്ടുണ്ടെന്നും കുറ്റവാളികളായ എല്ലാവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് അവർക്ക് അർഹമായ ശിക്ഷ നൽകണമെന്നും പിതാവ് കൂട്ടിച്ചേർത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ബദിയഡുക്ക പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ അൻവറിനെ ബെംഗളൂവിൽ നിന്നാണ് പിടികൂടിയത്.

ആരോപണ വിധേയരായ കൂടുതൽ പേരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. നിലവിൽ കേസ് അന്വേഷണ ചുമതല വിദ്യാനഗർ സിഐ പ്രമോദിനാണ്. പ്രതികളെ രക്ഷപ്പെടാൻ കഴിയാത്ത വിധം കുരുക്കിലാക്കിയ ഇൻസ്പക്ടർ ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലേക്ക് ഇന്ന് സ്ഥലം മാറിപ്പോവുകയാണ്. ബദിയടുക്ക സി ഐ ചാർജ് എടുത്താൽ കേസ് കൈമാറുമെന്നും വിദ്യാനഗർ പൊലീസ് അറിയിച്ചു.