ന്യൂഡൽഹി: ഡൽഹിയിൽ വൃദ്ധദമ്പതികൾ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ മരുമകൾ അറസ്റ്റിൽ. ഡൽഹി ഗോകുൽപുരി സ്വദേശികളായ രാധേശ്യാം വർമ(72) ഭാര്യ വീണ(68) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന്റെ ഭാര്യയായ മോണിക്കയെ പൊലീസ് പിടികൂടിയത്. കുറ്റകൃത്യം ചെയ്ത മോണിക്കയുടെ ആൺസുഹൃത്തിനും സഹായിക്കുമായി തെരച്ചിൽ തുടരുകയാണ്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

റിട്ട. സ്‌കൂൾ വൈസ് പ്രിൻസിപ്പലായ രാധേശ്യാമിനെയും ഭാര്യ വീണയെയും തിങ്കളാഴ്ച രാവിലെയാണ് ഗോകുൽപുരിയിലെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇരുനില വീടിന്റെ താഴത്തെനിലയിലാണ് വയോധിക ദമ്പതിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മുറിയിൽനിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഏതാനുംദിവസങ്ങൾക്ക് മുമ്പ് രാധേശ്യാമിന്റെ പുരയിടത്തിന്റെ ഒരുഭാഗം മറ്റൊരാൾക്ക് വിൽപ്പന നടത്തിയിരുന്നു. ഇതിന്റെ അഡ്വാൻസ് തുകയായി നാലുലക്ഷം രൂപയും ലഭിച്ചു. ദമ്പതിമാർ കൊല്ലപ്പെട്ടദിവസം ഈ പണവും കിടപ്പുമുറിയിൽനിന്ന് നഷ്ടമായിരുന്നു.

മോണിക്കയുടെ ആൺസുഹൃത്തും മറ്റൊരാളും ചേർന്നാണ് കൃത്യം നടത്തിയതെന്നും ഒളിവിൽപ്പോയ ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

രാധേശ്യാമിന്റെ മകൻ രവിയും ഭാര്യ മോണിക്കയും ഇവരുടെ മകനും വീട്ടിലെ ഒന്നാംനിലയിലാണ് കിടന്നിരുന്നത്. ഞായറാഴ്ച രാത്രിയാണ് കൃത്യം നടന്നതെങ്കിലും തങ്ങൾ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ഇവരുടെ മൊഴി. ഞായറാഴ്ച രാത്രി പത്തരയ്ക്കാണ് താൻ മാതാപിതാക്കളെ അവസാനമായി കണ്ടതെന്നും മകൻ മൊഴി നൽകിയിരുന്നു.

തുടർന്ന് വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരുമകളായ മോണിക്കയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് മോണിക്കയുടെ ആൺസുഹൃത്തും കൂട്ടാളിയും ഇവരുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാത്രി വീട്ടിലെത്തിയ ഇരുവരെയും വീടിന്റെ ടെറസിലേക്കാണ് മോണിക്ക കൊണ്ടുപോയത്.

ഭർതൃമാതാപിതാക്കൾ കിടപ്പുമുറിയിലേക്ക് ഉറങ്ങാൻ പോകുന്നത് വരെ ഇരുവരും ഇവിടെ ഒളിച്ചിരുന്നു. തുടർന്ന് വീട്ടിലെ എല്ലാവരും ഉറങ്ങാൻ പോയെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രതികൾ മുറിയിലെത്തി വൃദ്ധദമ്പതിമാരെ ആക്രമിച്ചതെന്നും കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.