തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ പൊലീസ് പിടിലായ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹന്‍ (40) തട്ടിയെടുത്ത പണം എന്തു ചെയ്തു എന്നതില്‍ ഇപ്പോഴും ദുരൂഹത. ഓണ്‍ലൈന്‍ റമ്മി കളിച്ചു കളഞ്ഞുവെന്നുള്ള വാദങ്ങള്‍ പോലീസ് തല്‍ക്കാലം മുഖവിലക്കെടുക്കുന്നില്ല. ധന്യ കുഴല്‍പ്പണ ഇടപാടു നടത്തിയെന്ന സംശയം അടക്കം ശക്തമാണ്.

ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു. കുഴല്‍പ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അത്തരം ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടാല്‍ സ്ഥാപനത്തിലെ മറ്റു വിഷയങ്ങളിലേക്ക് അന്വേഷണം നീളാന്‍ സാധ്യയുണ്ട്. അഞ്ച് വര്‍ഷമായി നടത്തുന്ന തട്ടിപ്പ് ഓഡിറ്റില്‍ കണ്ടെത്തിയില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് മണപ്പുറവും ഉത്തരം നല്‍കേണ്ടതുണ്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് തൃശൂരിലെത്തിച്ച ധന്യ മോഹനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കുടുംബം ഒളിവിലാണ്. ഭര്‍ത്താവിനും പിതാവിനും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ധന്യയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷവും പിതാവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷവും ധന്യ കൈമാറിയിട്ടുണ്ട്.

ധന്യയുടെ അക്കൗണ്ടില്‍ 80 ലക്ഷം ഉണ്ടായിരുന്നു. ധന്യയുടെ പേരില്‍ 5 അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. ചില ബന്ധുക്കളുടെ പേരില്‍ ധന്യ സ്വത്ത് നിക്ഷേപിച്ചതായും പൊലീസ് കണ്ടെത്തി. ബാങ്കില്‍ സ്വര്‍ണ നിക്ഷേപമുണ്ട്. തൃശൂരില്‍ വീടും വീടിനു ചുറ്റുമുള്ള വസ്തുക്കളും വാങ്ങിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങളുണ്ട്.

കൊല്ലം കലക്ട്രേറ്റിനു സമീപം നെല്ലിമൂട് ദേശീയപാതയോരത്തുള്ള വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. ധന്യ, ഭര്‍ത്താവ്, മകള്‍, സഹോദരി, സഹോദരീ ഭര്‍ത്താവ്, അച്ഛന്‍, അമ്മ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്ന് കടമുറികളുണ്ട്. അതിനോട് ചേര്‍ന്നാണ് കുടുംബ വീട്. അടുത്തിടെ തൊട്ടടുത്ത് പുതിയ വീടുവച്ചു. അച്ഛന് പണി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനമുണ്ട്. ആഴ്ചയിലൊരിക്കലാണ് തൃശൂരില്‍നിന്ന് ധന്യ കൊല്ലത്ത് എത്തിയിരുന്നത്.

ധന്യയുടെ 4 വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്കു പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. ധന്യ ആഡംബര കാര്‍ അടക്കം 3 വാഹനങ്ങള്‍ വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. ഇതെല്ലാം ഇഡിയും പരിശോധിക്കാനും സാധ്യതയുണ്ട്.

വലപ്പാട്ടു സ്ഥലംവാങ്ങി വീടു നിര്‍മിച്ചു. കാര്‍ പാര്‍ക്കിങ്ങിനു വേണ്ടി മാത്രം പ്രത്യേകം ഭൂമി വാങ്ങി. ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ടു രണ്ടുകോടി രൂപയുടെ ദുരൂഹ പണമിടപാടു നടന്നതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. കമ്പനിയില്‍ അസി. ജനറല്‍ മാനേജര്‍ െടക് ലീഡ് ആയിരുന്നു ധന്യ. 20 വര്‍ഷത്തോളമായി ജോലി ചെയ്യുന്നു. കമ്പനിയിലെ വിശ്വസ്തയുമായിരുന്നു. എന്നാല്‍ പെട്ടെന്ന് കഥ മാറി.