തിരുവനന്തപുരം: വിവാദമായ ടൈറ്റാനിയും തൊഴിൽ തട്ടിപ്പു കേസിലെ അന്വേഷണം മുറുകുമ്പോൾ സിപിഎമ്മിലേക്ക് കൂടുതൽ വിവാദങ്ങൾ നീങ്ങുന്നു. ടൈറ്റാനിയം തൊഴിൽത്തട്ടിപ്പ് കേസ് പ്രതികൾ പ്രവർത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണെന്നാണ് കണ്ടെത്തൽ. റിസപ്ഷനിസ്റ്റ് മനോജും ഹോസ്റ്റലിനുള്ളിൽ പ്രവർത്തിക്കുന്ന കോഫി ഹൗസിലെ ജീവനക്കാരൻ അനിൽ കുമാറുമാണ് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്.

പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പിന്റെ പ്രധാന ഗൂഢാലോചനാ കേന്ദ്രം എംഎൽഎ ഹോസ്റ്റലായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. നിലവിൽ ലഭിച്ച പരാതികൾ പ്രകാരം ഏഴ് പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലുള്ള ഏഴ് പേരിൽ രണ്ട് പേരാണ് മനോജും അനിൽകുമാറും. കോഫി ഹൗസ് ജീവനക്കാരനായ അനിൽ കുമാർ കോഫി ഹൗസിന്റെ തിരുവനന്തപുരം സിഐടിയു ജില്ലാ സെക്രട്ടറി കൂടിയാണ് അനിൽ കുമാർ.

നിലവിൽ ലഭിച്ചിട്ടുള്ള 13ൽ ആറ് പരാതികളിലും പറയുന്നത് അവർ പണം കൈമാറിയത് അനിൽ കുമാർ മുഖേനയാണ് എന്നാണ്. അനിൽ കുമാറിന്റെ രാഷ്ട്രീയ ബന്ധങ്ങളും വിശ്വാസിത വർധിപ്പിക്കാൻ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയതായും പരാതിക്കാർ സംശയിക്കുന്നു. പാളയത്തെ രാഷ്ടീയ ഉന്നതനുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഉയർന്നിരിക്കുന്ന സംശയം.

വ്യാജ ഇന്റർവ്യൂവിനായി ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിന്റെ ഓഫീസിലെത്തിച്ചിരുന്നത് മനോജിന്റെ കാറിലായിരുന്നു എന്നാണ് ഇയാൾക്കെതിരായ ആരോപണം. എംഎൽഎ ഹോസ്റ്റലിലെ മനോജിന്റെ ജോലി അതിന് മറയാക്കിയെന്നും പരാതിയിലുണ്ട്. ഇതോടെയാണ് പൊലീസിന്റെ അന്വേഷണം എംഎൽഎ ഹോസ്റ്റലിലേക്കും നീളുന്നത്. ഹോസ്റ്റലിലെ മുറികളടക്കം ഗൂഢാലോചനയ്ക്ക് കേന്ദ്രമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.