കാഞ്ഞങ്ങാട്: വാട്‌സ്ആപ്പ് നമ്പറിന്റെ തുമ്പ് ഉപയോഗിച്ചു മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയെ വീഴ്‌ത്തി ബേക്കൽ പൊലീസ്. മയക്കുമരുന്ന് വിതരണം ചെയ്ത കേസിൽ നൈജീരിയൻ സ്വദേശിനിയായ യുവതിയെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അത്ത രിഹാനത്ത് ഉസ്മാൻ എന്ന ബ്ലസ്റ്റിൻ ജോയി എന്ന 22 കരിയെയാണ് പൊലീസ് പിടികൂടിയത്. ബംഗ്‌ളൂരു കേന്ദ്രീകരിച്ച് ദിവസങ്ങളായി ബേക്കൽ പൊലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് യുവതിയെ നഗരത്തിലെ താമസസ്ഥലത്തു നിന്നും പിടികൂടിയത്.

ഇന്ന് രാവിലെ ബംഗ്‌ളൂരുവിൽ നിന്നും ബേക്കലിലെത്തിച്ച യുവതിയെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. കഴിഞ്ഞ മാസം ചട്ടഞ്ചാൽ സ്വദേശികളായ ദമ്പതികളെയും ബംഗ്‌ളൂരു സ്വദേശികളായ രണ്ടുപേരെയും 150 ഗ്രാം മയക്ക് മരുന്നും സ്വിഫ്റ്റ് കാറുമായി ബേക്കൽ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ മയക്കുമരുന്ന് നൽകിയത് നൈജീരിയൻ യുവതിയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് യുവതിയെ അതിസാഹസികമായി പിടികൂടിയത്.

നേരത്തെ പിടിയിലായ യുവതി ഉൾപ്പെടെയുള്ള നാലുപേർ ഇപ്പോഴും റിമാൻഡിൽ ആണ്. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന പല വിവരങ്ങളാണ് ലഭിച്ചത്. എങ്ങനെയാണ് എംഡിഎംഎ ഉപയോഗിക്കേണ്ടതെന്ന് യുവാക്കൾക്ക് യുവതി പറഞ്ഞു നൽകുന്ന വാട്‌സ്ആപ്പ് സന്ദേശം മൊബൈൽ ഉണ്ടായിരുന്നു. മാത്രമല്ല പൊലീസ് പിടികൂടിയപ്പോൾ യാതൊരു ഭാവ വ്യത്യാസവും യുവതിയിൽ ഉണ്ടായിരുന്നില്ല അന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസിന്റെ നിർദ്ദേശപ്രകാരം വാട്‌സാപ്പിൽ നിന്നും ലഭിച്ച നമ്പറിനെ ചുറ്റിപ്പറ്റി പൊലീസ് ആഴ്ചകളായി നടന്ന അന്വേഷണത്തിനിടയിലാണ് നൈജീരിയൻ യുവതിയിലേക്ക് അന്വേഷണം എത്തിയത്.

മലയാളികൾക്ക് ബംഗ്‌ളൂരിൽ നിന്നും മയക്കുമരുന്ന് നൽകുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ നൈജീരിയ യുവതി എന്നാണ് സൂചന.