കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡിയുടെ അന്വേഷണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ബോബിയെ ഇഡി ചോദ്യം ചെയ്തതായി ചില ടെലിവിഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോചെ തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിന്റെ ഫിജി കാര്‍ട്ടും അന്വേഷണ പരിധിയിലാണ്. ഇവയിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. പ്രത്യേകിച്ച് ബോബി ചെമ്മണ്ണൂര്‍ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് നിക്ഷപങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ഇഡി കണ്ടെത്തിയത്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി വകമാറ്റുന്നുണ്ട്. ഇതില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ ലംഘനം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണ ഗതിയില്‍ മറ്റേതെങ്കിലും ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ. നിലവില്‍ ബോബി ചെമ്മണ്ണൂരിനെതിരെ യാതൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അത്തരത്തില്‍ വല്ല കേസും ഉയര്‍ന്നുവരുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലോട്ടറിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസുള്‍പ്പെടെ ഉയര്‍ന്നുവന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

ബോചെ തേയില വാങ്ങിയാല്‍ ലോട്ടറി കിട്ടുന്നതാണ് ബോബി ചെമ്മണ്ണൂരിന്റെ ലോട്ടറി വ്യാപാരം. ലോട്ടറിയുടെ മറവില്‍ വന്‍കള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ ലോട്ടറിയും രംഗത്ത് എത്തിയിരുന്നു. ബൊചെ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരം എന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളാ ലോട്ടറി ഡയറക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് എഫ്‌ഐആര്‍ നിലവിലുണ്ട്. പത്തനംതിട്ടയിലും വയനാട്ടിലുമാണ് പൊലീസ് കേസെടുത്തത്. ബോചെ ടി ലക്കി ഡ്രോ ലോട്ടറിയല്ലെന്നാണ് ബോബി ചെമ്മണൂരിന്റെ വാദം. ബോചെ ടി ലക്കി ഡ്രോയുടെ പേരില്‍ മേപ്പാടി പോലീസ് കേസെടുത്തതിനെക്കുറിച്ചാണ് അദ്ദേഹം നേരത്തെ പ്രതികരിച്ചത്.

ബോചെ ടീ തട്ടിപ്പ് വാര്‍ത്തയാക്കിയത് മറുനാടന്‍

2005ല കേരള ലോട്ടറീസ് റഗുലേഷന്‍ ചട്ടപ്രകാരം ലോട്ടറി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമേ സാധ്യമാവുകയുള്ളു. വിശേഷിച്ചും പേപ്പര്‍ ലോട്ടറി. ബോബി ചെമ്മണ്ണൂര്‍ ബോചെ ടീ എന്ന പേരില്‍ ലോട്ടറി നടത്തുകയാണ്. ലോട്ടറി ആണോ എന്നുചോദിച്ചാല്‍ ലോട്ടറി അല്ലെങ്കിലും ആളുകള്‍ ബോചെ ടീ വാങ്ങുന്നത് ലോട്ടറി കൂപ്പണ് വേണ്ടിയാണ്. ബോചെ ടീയില്‍ ടീയ്ക്ക് അല്ല പ്രാധാന്യം ലോട്ടറിക്കാണ്.

തട്ടിപ്പിന് ഇരയായ ഒരാള്‍

20 രൂപയുടെ ഒരു പാക്കറ്റ് ചായയ്ക്ക് ഞാന്‍ മുടക്കേണ്ടത് 1595 രൂപ മുടക്കേണ്ടത്. അവരുടെ ബാക്കിയുള്ള കുറെ ഐറ്റംസ് കൂടി ഓഡര്‍ ചെയ്താലെ ചായപ്പൊടി കിട്ടുകയുള്ളു എന്നുപറഞ്ഞത് കൊണ്ട് അങ്ങനെ ഓഡര്‍ ചെയ്തു. പക്ഷേ ചായപ്പൊടി വന്നപ്പോള്‍ അതിലും വലിയ തട്ടിപ്പ്. അതിലെ സ്‌ക്രാച്ച് കൂപ്പണ്‍ കിട്ടുന്നത് രണ്ടുപീസയിട്ടാണ്. അറിയാതെ കീറിപ്പോയതാവാം മിസ്‌റ്റേക്കാവാം എന്നാണ് കരുതിയത്. അവര് പറഞ്ഞ നമ്പറിലേക്ക് എസ്എംഎസ് ചെയ്തപ്പോള്‍, ഇത് വേറെ ആരോ ഉപയോഗിച്ച സാധനമാണ് എനിക്ക് വന്നിരിക്കുന്നത്. കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

തേയിലയുടെ മറവില്‍ ചൂതാട്ടമെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നതോടെയാണ് മേപ്പാടി പൊലീസ് കേസെടുത്തത്.

മറുനാടന്റെ വീഡിയോ കാണാം: