കൊച്ചി: ഇലന്തൂരിലെ നരബലി നടക്കുന്നതിന് മുമ്പ് ഇരകൾ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന വിവരങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട റോസ് ലിന്റെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞു. ഇരകൾ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞത്. ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീടിനുള്ളിൽ നടന്നതത്രയും പുറത്തുവരുമ്പോഴാണ് റോസ്‌ലിനും പത്മയും അനുഭവിച്ച മരണവേദന പുറംലോകമറിയുന്നത്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് റോസ്‌ലിനെ കൊലപ്പെടുത്തുന്നത്. കൈയും കാലും കട്ടിലിന്റെ നാല് വശങ്ങളിലായി കെട്ടിയിട്ടു. വായിൽ തുണി തിരുകി. ശരീരം മുഴുവൻ കറിക്കത്തികൊണ്ട് വരഞ്ഞത് ഒന്നാം പ്രതി ഷാഫിയാണ്. എല്ലാം കണ്ടുകൊണ്ട് നിന്ന് ലൈലയുടെ കൈയിലേക്ക് കത്തി പിടിപ്പിച്ചതും ഷാഫി തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പിന്നെ ലൈലയും റോസ്‌ലിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം അതിക്രൂരമായി മർദിച്ചു. തെളിവെടുപ്പിനിടെ പ്രതികളാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

നേരത്തെ തയാറാക്കിവെച്ച കറിമസാല അടുക്കളയിൽ നിന്ന് എടുത്തുകൊണ്ടുവന്നത് ഭഗവൽസിംഗാണ്. ഇറച്ചി മസാലപ്പൊടിയ്‌ക്കൊപ്പം കറുവാപ്പട്ടയും ഗ്രാമ്പുവും കൂടി ചേർത്തിരുന്നെന്നാണ് ഭഗവൽ സിങ് പൊലീസിനോട് പറഞ്ഞത്. പിന്നീട് റോസ്‌ലിന്റെ മുറിപ്പാടുകളിൽ മുളക് തേച്ചുപിടിപ്പിച്ചു. വേദനയിൽ ഞരങ്ങിയ റോസ്‌ലിന്റെ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തിരുകിയ തുണിക്ക് മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ചുവെന്നും പ്രതികൾ വെളിപ്പെടുത്തി.

അതേ സമയം നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. മോർച്ചറിയിലെ മുഹമ്മദ് ഷാഫിയുടെ അനുഭവപരിചയം നരബലിക്ക് ഉപയോഗിച്ചു. വർഷങ്ങൾ പഴക്കമുള്ള സംഭവത്തിൽ തെളിവുശേഖരണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞിരുന്നു.

ഷാഫി ഇരുപത് വർഷങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിലെ ആശുപത്രിയിൽ മോർച്ചറി സഹായിയായി പ്രവർത്തിച്ചതായുള്ള വാർത്തകളുണ്ടായിരുന്നു. ഇക്കാര്യമാണ് ഔദ്യോഗികമായി സിറ്റി പൊലീസ് കമ്മിഷണർ സ്ഥിരീകരിച്ചത്. ഷാഫിയുമായി കളമശ്ശേരിയിലെ മെഡിക്കൽ കോളേജിലെ മോർച്ചറിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണർ ഇക്കാര്യം പറഞ്ഞത്. ശാസ്ത്രീയമായ തെളിവുകളാണ് കേസിൽ നിർണ്ണായകമെന്നും അദ്ദേഹം പറഞ്ഞു.

മോർച്ചറിയിൽ ഡോക്ടറുടെ സഹായിയായി പ്രവർത്തിച്ചിരുന്നപ്പോൾ കിട്ടിയ പരിചയമാണ് നരബലി സമയത്ത് മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ ഷാഫി പ്രയോജനപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ദൃക്‌സാക്ഷികൾ ഇല്ലെങ്കിലും കൊലപാതകം നടന്നശേഷം പൊലീസ് നടത്തിയ പരിശോധനയിലും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പൊലീസിന് മതിയായ വിധത്തിൽ ലഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചത് സംബന്ധിച്ച് തെളിവു ശേഖരിച്ചു വരികയാണ്. എന്നാൽ ഇതിന് രേഖകളൊന്നും ഇല്ല. പ്രതി അങ്ങനെ പറയുന്നുണ്ട്. മോർച്ചറി സഹായി ആയിരുന്നതിലുള്ള പരിചയവും നരബലിക്ക് വേണ്ടി ഇയാൾ ഉപയോഗിച്ചിട്ടുണ്ടാകാം. കൂടുതൽ വിവരങ്ങൾ കുറ്റപത്രം തയ്യാറാക്കിയ ശേഷം മാത്രമേ പറയാൻ സാധിക്കൂ. പ്രതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു.

ഇര വേദനയനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നത്. ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും റോസ്‌ലിന്റെ ജീവന്റെ ബാക്കി ശേഷിച്ചതോടെ ലൈലയും ഷാഫിയും ചേർന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് റോസ്‌ലിന്റെ മരണശേഷവും ഇലന്തൂരെ വീട്ടിൽ തുടർന്നത്.

അതേ സമയം വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച ഇലന്തൂർ കേസ് പ്രതികളുടെ പരിശോധന നടപടികൾ പൂർത്തിയായി. ഷാഫിയുടെയും ഭഗവൽ സിംഗിന്റെയും ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. ഇന്ന് രാവിലെ ഭഗവൽ സിങ്, ഷാഫി, ലൈല എന്നിവരെ എറണാകുളം പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തു. അതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം മെഡിക്കൽ കോളേജ് മോർച്ചറി കോംപ്ലക്‌സിലെത്തിച്ചു. ഫൊറൻസിക് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടേക്ക് കൊണ്ടുവന്നത്. പ്രതികളെ എറണാകുളം പൊലീസ് ക്ലബ്ബിൽ തിരികെ എത്തിച്ചു.

സിആർപിസി 53 എ, 53 വകുപ്പുകൾ അനുസരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അതായത് ഇത്തരത്തിൽ ക്രൂരമായ കൊലപാതകം നടത്തുക, അതുപോലെ തന്നെ ലൈംഗിക വൈകൃതം നടത്തുക. പ്രതികളെ ഫോറൻസിക് അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള പരിശോധനക്ക് കൂടി വിധേയമാക്കണം. അതായതുകൊലപാതകം നടക്കുന്ന സമയത്ത് ഇരകൾ ഏതെങ്കിലും തരത്തിലുള്ള പ്രത്യാക്രമണം നടത്തുമ്പോൾ അത്തരത്തിലുള്ള മുറിവുകൾ പ്രതികളുടെ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം തന്നെ ലൈംഗിക വൈകൃതത്തിന്റെ ഭാഗമായിട്ടുള്ള പരിശോധനക്കും വേണ്ടിയാണ് ഇവരെ ഫോറൻസിക് വിഭാഗത്തിലേക്ക് കൊണ്ടുവന്നത്.