കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിൽ നിന്നും യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീവെച്ചതിനെ തുടർന്ന് രണ്ടുവയസുകാരിയുൾപ്പെടെ മൂന്നു പേർ ട്രെയിനിൽ നിന്നും വീണുമരിച്ച സംഭവത്തിൽ പൊലിസ് പ്രത്യേക അന്വേഷണ സംഘം പരിശോധന ഊർജ്ജിതമാക്കി. സംഭവത്തിനു ശേഷം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വേർപ്പെടുത്തിയ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലെ രണ്ടു കോച്ചുകൾ പരിശോധനയ്ക്കായി നാലാം പ്ളാറ്റ്ഫാമിലാണുള്ളത്.

എലത്തൂരിൽ റെയിൽവേ ട്രാക്കിനു സമീപം ദേശീയപാതയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രക്തക്കറ ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പെട്രോൾ തന്നെയാണോ അക്രമി സഹയാത്രികർക്കു നേരെ ഒഴിച്ചതെന്നതു രാസപരിശോധനയ്ക്കുശേഷമേ പറയാൻ സാധിക്കൂ എന്നും ഫൊറൻസിക് സംഘം പറഞ്ഞു. കണ്ണൂരിലെ ഫോറൻസിക് വിഭാഗം തിങ്കളാഴ്ച അക്രമം നടന്ന ഡി.വൺ, ഡി.ടൂ കംപാർട്ടുമെന്റുകളിൽ പരിശോധന നടത്തി.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും അന്വേഷണം നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രാഥമിക അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോഴിക്കോടു നിന്നുള്ള ഫോറൻസിക് വിഭാഗമാണ് കണ്ണൂരിലെത്തി പരിശോധന നടത്തിയത്. ഡി വൺ കോച്ചിൽ ഒന്നുമുതൽ ആറുവരെയുള്ള സീറ്റുകളിലാണ് യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീവെച്ചത്. ഡി ടൂ കോച്ചിലെ രക്തക്കറയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കോഴിക്കോടു നിന്നുമെത്തിയ ഉന്നത പൊലിസ് ഉദ്യോഗസ്ഥനായ സുധീർകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പ്രതികൾ ആരും പിടിയിലായിട്ടില്ല

എലത്തൂർ ട്രെയിൻ ആക്രമണത്തിൽ നിലവിൽ പ്രതികളാരും പിടിയിലായതായി വിവരം ഇല്ലെന്ന് മന്ത്രി ഏ.കെ ശശീന്ദ്രൻ. എലത്തൂർ റെയിൽവേ സ്റ്റേഷനിലും അപകടം നടന്ന സ്ഥലത്തും സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതികൾ ആരും പിടിയിലായതായി നിലവിൽ വിവരം ഇല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേക്കുറിച്ച് എല്ലാം അവർ തന്നെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

എലത്തൂർ കേന്ദ്രീകരിച്ചു നടന്ന തീവെയ്‌പ്പിനെ കുറിച്ചു സംസ്ഥാനമാകെയുള്ള അന്വേഷണം പൊലിസ് നടത്തുന്നത്. കൊച്ചിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിയെ തെരയുന്നുണ്ട്. കണ്ണൂരിൽ പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അക്രമിയെ കണ്ടാൽ തിരിച്ചറിയാമെന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. പൊലിസ് ദൃക്സാക്ഷിയുടെ സഹായത്തോടെ തയ്യാറാക്കിയ രേഖാചിത്രത്തിനോട് സാമ്യമുള്ള പ്രതിയാണ് കൃത്യം ചെയ്തതെന്ന് പരുക്കേറ്റവരിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഏലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചുതീവെച്ച കേസ് അന്വേഷിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ നിർണായക തെളിവുകൾപൊലിസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ നിർണായക തെളിവുകൾ അന്വേഷണസംഘത്തിന്ലഭിച്ചുകഴിഞ്ഞതായും അനിൽകാന്ത് അറിയിച്ചു.ട്രെയിനിന് തീവെച്ചു മൂന്നുപേർ പരിക്കാനിടയായ കേസിൽ എ.ഡി.ജി.പി എം. ആർ അജിത്ത്കുമാർ അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും ഡി.ജി.പി വ്യക്തമാക്കി. 18 അംഗ സംഘമാണ് കേസ് അന്വേഷണം നടത്തുക.മുഖ്യമന്ത്രിയുടെ കണ്ണൂർ കേളകത്തിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് എ.ഡി.ജി.പി കണ്ണൂരിലെത്തിയത്. എലത്തൂരിൽ നടന്ന ട്രെയിൻ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ഡി.ജി.പി വിളിച്ചു ചേർത്തഉന്നത യോഗം നടന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഉന്നത പൊലിസ്ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.