കണ്ണൂർ: കണ്ണൂർ പള്ളിക്കുന്നിലെ ജയിലിൽ നിന്നും എം.ഡി. എം. എ കേസിലെ പ്രതി തടവുചാടിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി കൂട്ടാളിയോടൊപ്പം രക്ഷപ്പെട്ട ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബംഗ്ളൂര് സിറ്റിയിൽ നിന്നും കണ്ടെത്തിയെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇതിനിടെ, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന്കേസിലെ ശിക്ഷാതടവുകാരൻ ചാല കോയ്യോട് സ്വദേശി ഹർഷാദ് തടവുചാടി രക്ഷപ്പെട്ട സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ജയിൽ ഡി.ജി.പി ബൽറാംകുമാർ ഉപാധ്യായക്ക് കൈമാറിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിൽ ഭാഗമായി തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. ജയകുമാർ ഉത്തര മേഖല ഡി. ഐ.ജി ബി.സുനിൽകുമാറിന് സമർപ്പിച്ച റിപ്പോർട്ടാണ് ജയിൽ ഡി.ജി.പിക്ക് കൈമാറിയത്.

ജയിലിന് പുറത്തേക്ക് തടവുകാരെ ഇറക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്നു പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവാണ് പ്രതി രക്ഷപ്പെടാനിടയാക്കിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ സമയം ജയിലിലെ ജീവനക്കാരുടെ കുറവും പ്രതിയുടെ രക്ഷപ്പെടലിനു സഹായിച്ചതായും റിപ്പോർട്ടിലുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കപ്പെടണമെന്ന പരാർശവും റിപ്പോർട്ടിലുണ്ട്.

ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയും പരിഹരിക്കപ്പെടണമെന്ന് പരാമർശവും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനും ജീവനക്കാർക്കുമെതിരെ ശിക്ഷാ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഇതിനിടെ കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽ നിന്നും ദേശീയ പാതയിലേക്ക് ഓടിരക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് അന്വേഷണ സംഘം ബംഗ്ളൂരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതുകസ്റ്റഡിയിലെടുത്ത് കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് എത്തിച്ചു. കണ്ണൂർ സിറ്റി എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബംഗ്ളൂരിൽ നിന്നും കർണാടക രജിസ്ട്രേഷനുള്ള ബൈക്ക് കസ്റ്റഡിയിലെടുത്ത് വാടകയ്ക്ക് എടുത്ത ബൈക്ക് കണ്ണൂരിലെത്തിച്ചാണ് തടവ് ചാട്ടത്തിന് വഴിയൊരുക്കിയതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ബൈക്ക്വാടകയ്ക്കു നൽകിയ സ്ഥാപനം കേന്ദ്രീകരിച്ചു നടത്തിവരുന്ന അന്വേഷണത്തിൽ ബൈക്ക് വാടകയ്ക്കു എടുത്തയാളെ കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

ബംഗ്ളൂര് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്സംഘമാണ് ജയിൽ ചാട്ടത്തിന്സൗകര്യങ്ങളൊരുക്കിയതെന്നാണ് കണ്ടെത്തൽ. ജയിലിൽ വരുന്ന പത്രക്കെട്ടുകളെടുക്കാനെന്ന വ്യാജേനെ ഹർഷാദ് റോഡിലേക്ക് ഇറങ്ങി റോഡരികിൽ കാത്തു നിൽക്കുന്നയാളോടൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ജനുവരി പതിനാലിന് പുലർച്ചെ ആറരമണിയോടെയാണ് സംഭവം. ജയിൽ വെൽഫെയർ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു ഹർഷാദ്.

ജയിലിൽ നല്ലനടപ്പുകാരാനായതിനാലാണ് ഇയാളെ വെൽഫെയർ ഓഫീസിൽ പുറംഡ്യൂട്ടികൾക്കായി നിയോഗിച്ചത്. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് ഇയാൾ ജയിൽചാട്ടം ആസൂത്രണം ചെയ്തത്. 2022-ൽ കണ്ണവം പൊലിസ് രജിസ്റ്റർ ചെയ്ത എം.ഡി. എം. എ കടത്തുകേസിൽ പ്രതിയാണ് ഹർഷാദ്. ഇയാളെ വടകര നാർക്കോട്ടിക്ക് കോടതിയാണ് എൻ.ഡി.പി. എസ് ആക്റ്റു പ്രകാരം ശിക്ഷിച്ചത്. നേരത്തെ ഇയാൾക്കെതിരെ ഒരു മോഷണകേസുമുണ്ട്. ഹർഷാദ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസിറക്കിയിട്ടുണ്ട്. ഹർഷാദ് വ്യാജ പാസ്പോർട്ടിനായി ജയിലിൽ ഇരിക്കെ ശ്രമിച്ചുവെന്നു തടവു ചാടുന്നതിന് ദിവസങ്ങൾക്കു മുൻപ് ജയിൽ സന്ദർശകനായ പ്രതി നൽകിയ മൊഴിയെ തുടർന്നാണ് പൊലിസ് ജാഗ്രതാനിർദ്ദേശം നൽകിയത്.