കൊല്ലം: ഓൺലൈൻ ട്രേഡിങ് നടത്തുന്നതിനായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജ ഉത്തരവ് നിർമ്മിച്ച് വാട്സാപ്പിൽ അയച്ച് നൽകി കബളിപ്പിക്കാൻ ശ്രമം. ചടയമംഗലം സ്വദേശി വി എസ് ഉണ്ണികൃഷ്ണനെയാണ് തട്ടിപ്പ് സംഘം കബളിപ്പിക്കാൻ ശ്രമിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച് റിസർവ് ബാങ്കും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.

കഴിഞ്ഞ വർഷം മാർച്ചിലാണ് കടുത്തുരുത്തി സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ആലപ്പുഴ ചേർത്തല വാരനാട് ലിസ്യൂ നഗർ സ്വദേശി തറയിൽ സുജിത്ത് എന്നയാൾക്ക് 7.5 ലക്ഷം രൂപ ട്രേഡിങിനായി ഉണ്ണി കൃഷ്ണൻ നൽകിയത്. പ്രതിദിനം 7500 രൂപാ വാഗ്ദാനം ചെയ്തിരുന്നു. പണം നല്കി ഏതാനും ദിവസങ്ങൾ മാത്രമാണ് ഇവർ പറഞ്ഞ തുക നല്കിയത്. പണം ലഭിക്കാതായതോടെ ഉണ്ണിക്കൃഷ്ണൻ ഇടനിലക്കാരനോട് വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ടു. പണം ഉടൻ നല്കാമെന്നും ബാങ്കിൽ സുജിത്തിന്റെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുണ്ടെന്നും പിൻവലിക്കാൻ ചില്ലറ തടസങ്ങൾ ഉണ്ടെന്നും അത് പരിഹരിച്ചാൽ ഉടനെ എല്ലാ പണവും മടക്കി നല്കാമെന്നും വാഗ്ദാനം ചെയ്തു.

പറഞ്ഞ അവധികൾ പലതു കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ ഇടനിലക്കാരനെ ഉണ്ണിക്കൃഷ്ണൻ വീണ്ടും സമീപിച്ചു. ട്രേഡിങ് നടത്തുന്നതിനായി താൻ സുജിത്തിന് പണം നൽകിയതെന്നും ഇയാളെ സമീപിച്ചാൽ പണം ലഭിക്കുമെന്നും പറഞ്ഞു. ബന്ധപ്പെടാൻ മൊബൈൽ നമ്പറും നല്കി. റിസർവ് ബാങ്കിൽ നിന്ന് ചില തടസങ്ങൾ വന്നിട്ടുണ്ടെന്നും ഇത് ഉടൻ പരിഹരിക്കാൻ കഴിയുമെന്നും അറിയിച്ചു. തെളിവിലേക്കായി റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവ് എന്ന പേരിൽ ഒരു രേഖ അയച്ചു നല്കി.

ഇതിൽ സംശയം തോന്നിയ ഉണ്ണിക്കൃഷ്ണൻ ആർവൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കന് രേഖ അയച്ചു നൽകി. റിസർവ് ബാങ്കിന്റെ പേരിൽ തയാറാക്കിയ രേഖയിൽ ഫയൽ നമ്പരും റിസർവ് ബാങ്ക് അധികൃതരുടെ ഒപ്പും ഇല്ലാതിരുന്നതോടെ സംശയം തോന്നിയ അജോ കുറ്റിക്കൻ കൊടിക്കുന്നിൽ സുരേഷ് എംപി യുടെ ഡൽഹിയിലെ സെക്രട്ടറി മുഖാന്തിരം റിസർവ് ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് സുജിത്ത് നല്കിയത് വ്യാജരേഖയാണെന്ന് മനസിലായത്. തുടർന്ന് അജോ റിസർവ് ബാങ്ക് ഗവർണർക്കും മുഖ്യമന്തിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്കുകയായിരുന്നു.ഇതേ തുടർന്ന് ഡിജിപിയുടെ നിർദ്ദേശ പ്രകാരം ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും റിസർവ് ബാങ്കിന്റെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം റീജണൽ മാനേജരും അന്വേഷണം തുടങ്ങി.

സുജിത്ത് വിസ തട്ടിപ്പു കേസിലും പ്രതി

മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ സ്വന്തം നാട്ടുകാരെ തട്ടിച്ച് വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട സുജിത്ത് പിന്നെ പൊങ്ങിയത് കോട്ടയത്തായിരുന്നു. പിന്നീട് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിസ തട്ടിപ്പുമായി നടത്തി സസുഖം വാണു. ഇതിനിടയിൽ കൂട്ടാളികൾ പൊലീസ് പിടിയിലായതോടെ നാടുവിട്ടു. തമിഴ്‌നാട്ടിലും കർണാടകയിലുമായി ചുറ്റിത്തിരിഞ്ഞ് നടക്കുന്നതിനിടയിലാണ് ഓൺലൈൻ ട്രേഡിങ്ങിലേക്ക് കടക്കുന്നത്. ഇതിനായി മറ്റു ചില തട്ടിപ്പുകാരെയും ഒപ്പം കൂട്ടി. അങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അമിത വരുമാനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ ഇയാൾ കൈക്കലാക്കി. ഇയാളുടെ തട്ടിപ്പുകൾക്ക് അന്തർസംസ്ഥാന ബന്ധമുള്ള സംഘത്തിന്റെ സഹായവുമുണ്ടെന്ന് വിസ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.

വിദ്യാർത്ഥികൾക്ക് പഠനശേഷം ഖത്തറിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പാലാ പ്രദേശത്ത് വിവിധ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളെ പഠന ശേഷം ഖത്തറിൽ ജോലി വാങ്ങിത്തരുമെന്നും വിദേശത്തുള്ള ഒരു പ്രമുഖ കമ്പനിയുമായി ബന്ധമുള്ള ചേർത്തല വാരനാട് സ്വദേശി സുജിത് എന്നയാൾക്ക് പണം നൽകണമെന്നും ഇടനിലക്കാരെ ഉപയോഗിച്ച് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇത്തരത്തിൽ വിദ്യാർത്ഥികളിൽ നിന്നും വാങ്ങിയ തുക ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സുനിൽ എന്നയാളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നാണ് ചോദ്യം ചെയ്യലിൽ ഇയാളുടെ കൂട്ടാളികൾ പിടിയിലായപ്പോൾ പൊലീസിനോട് പറഞ്ഞത്.

പാലായിൽ നിന്നു മാത്രം ഇരുപതോളം പരാതികൾ കിട്ടിയിരുന്നത്. പൊലീസ് എത്തുന്ന വിവരം അറിഞ്ഞ് സുജിത്ത് ഇവിടെ നിന്നും തന്ത്രപൂർവ്വം രക്ഷപ്പെടുകയായിരുന്നു.മറ്റു തട്ടിപ്പുകാരുടെ സഹായത്തോടെ അറസ്റ്റിലായവരെ ഇയാൾ പുറത്തിറക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.