കാസർകോട് : അംഗഡിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാസ് കാറപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കാർ അപകടം നടന്ന കളത്തൂർ പള്ളത്തു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട സ്ഥലവും പൊലീസിനെ കണ്ട് ഭയന്നോടിയ പ്രദേശങ്ങളും സന്ദർശിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് ഫർഹാസിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴി എടുക്കും. ഇതിനിടയിൽ ഫർഹാസിന്റെ അപകടമരണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി. മാതാവ് സഫിയയാണ് ജില്ലാ പൊലീസ് മോധാവിക്കും ഡി വൈ എസ് പിക്കും പരാതി നൽകിയത്.

ഗുരുതരമായി പരിക്കറ്റ ഫർഹാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് നൽകിയ പരാതിയിൽ നടപടികൾ ഉണ്ടായില്ലെന്നും അപകട സാധ്യതയുള്ള സ്ഥലത്താണ് പൊലീസ് വാഹന പരിശോധന നടത്തിയതെന്നും പരാതിയിൽ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ കുമ്പള എസ് ഐ രജിത്തിനെയും സിവിൽ പൊലീസുകാരായ രഞ്ജിത്ത്, ദീപു എന്നിവരെയും സ്ഥലം മാറ്റി. മൂന്നു പേരെയും കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലേയ്ക്കാണ് സ്ഥലം മാറ്റിയത്.

ദീപുവും രഞ്ജിത്തും കഴിഞ്ഞ ദിവസം തന്നെ വിടുതൽ വാങ്ങി. എന്നാൽ എസ് ഐ രജിത്ത് അവധിയിലായതിനാൽ കുമ്പളയിൽ നിന്നു വിടുതൽ വാങ്ങിയിട്ടില്ല. പൊലീസുകാർക്കെതിരെ ഉണ്ടായ നടപടിക്കെതിരെ പൊലീസ് സേനയ്ക്കിടയിൽ രൂക്ഷമായ പ്രതിഷേധം ഉയർന്നിരുന്നു. നീതി എന്നുള്ളത് പൊലീസുകാർക്ക് വേണമെന്നും പൊലീസ്‌കാർക്കെതിരെ ഉണ്ടായ നടപടി അങ്ങേയറ്റം പ്രതിഷേധം ഉളവാക്കുന്നതാണെന്നും പൊലീസിൽ മുറുമുറുപ്പുണ്ട്.

പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞാണ് ഗുരുതരമായി പരുക്കേറ്റ അംഗഡിമുഗർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഫർഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചത് എന്നാണ് ആരോപണം. പൊലീസ് പിന്തുടർന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണ വിധേയമായുള്ള നടപടി.

ഈ മാസം 25ന് സ്‌കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. കാർ നിർത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്. കാറിന്റെ പിന്നിൽ നിർത്തിയ ജീപ്പിൽ നിന്നു പൊലീസുകാർ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാർ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിക്കുകയുമായിരുന്നു. തുടർന്നു കാർ ഓടിച്ചു മുന്നോട്ടു പോയി.

പൊലീസിനെ കണ്ട് കാർ നിർത്താതെ പോയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. അനിയന്ത്രിതമായ വേഗത്തിൽ പൊലീസും ഓടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കാർ തലകീഴായി മറിയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പേരാൽ കണ്ണൂർ കുന്നിലെ അബ്ദുല്ലയുടെ മകനാണ് ഫർഹാസ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പുത്തിഗെ കട്ടത്തടുക്കയിലാണ് അപകടം നടന്നത്. കാറിന്റെ ഒരു വശത്തിരുന്ന ഫറാസിന് വീഴ്ചയിൽ നട്ടെല്ലിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച സ്‌കൂൾ ഓണാവധിക്കായി അടയ്ക്കുന്നതിനാൽ ഓണാഘോഷ പരിപാടി നടന്നിരുന്നു. അംഗഡിമൊഗറിൽനിന്ന് കട്ടത്തടുക്ക വരെ പൊലീസ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, വിദ്യാർത്ഥികളുടെ അപകടകരമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് വിശദീകരണം.

അംഗഡിമൊഗറിൽ നിർത്തിയിട്ടിരുന്ന കാറിൽ വിദ്യാർത്ഥികളെ കണ്ടപ്പോൾ പരിശോധനയ്ക്ക് എത്തിയിരുന്നു. കാറിന്റെ ഒരു വാതിൽ തുറന്നിട്ടാണുണ്ടായത്. എസ്‌ഐ. പരിശോധനയ്‌ക്കെത്തിയപ്പോൾ കാർ പെട്ടെന്ന് പിന്നോട്ടെടുക്കുകയും പൊലീസ് വാഹനത്തെ ഉരസി അതിവേഗത്തിൽ മുന്നിലൂടെ പോകുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു. പിന്നീട് കട്ടത്തടുക്കയിൽ വാഹനം മറിയുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ ഒരു കുട്ടി മാത്രമാണ് വീണുകിടക്കുന്നത് കണ്ടത്. ഉടൻ കുമ്പളയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

പൊലീസിന്റെ നിരുത്തവാദ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് മഞ്ചേശ്വരം എം എൽ എ. എം കെ എം അഷ്‌റഫ് നേരത്തേ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന്: അംഗഡിമുഗർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ഒരു വിദ്യാർത്ഥി കാറുമായി എത്തുകയും സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എത്തി വിദ്യാർത്ഥികളെ കണ്ടപ്പോൾ ആക്രോശത്തോടെ പെരുമാറി കാറിന്റെ ഡോറിലേക്ക് ചവിട്ടിയതിനെ തുടർന്ന് ഭയന്ന വിദ്യാർത്ഥികൾ കാറെടുത്ത് ഓടുകയായിരുന്നു.

ഇതോടെ അതിവേഗത്തിൽ ചേസ് ചെയ്തു പൊലീസ് വാഹനവും പിന്നാലെ കൂടി. ഇതോടെ വെപ്രാളത്തിൽ ഓടിയ വണ്ടി 6- 7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ഡ്രൈവറിനടുത്തായി മുൻ സീറ്റിലുണ്ടായിരുന്ന പേരാൽ കണ്ണൂരിലെ ഫർഹാൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. വാഹനമോടിച്ച പ്ലസ്ടു വിദ്യാർത്ഥിക്ക് ലൈസൻസുള്ളതായും വണ്ടിയുടെ മുഴുവൻ പേപ്പറുകളും കൃത്യമായുള്ളതായും പൊലീസിന് മുൻപിൽ തെളിവ് നൽകിയതാണ്.

ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളിലേക്ക് വാഹനങ്ങളിൽ വരുന്നതിനെയൊന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും ഈ പൊലീസുകാർക്ക് ഇത് അംഗഡിമുഗർ സ്‌കൂളിലെ വിദ്യാർത്ഥികളാണെന്നും വണ്ടി നമ്പറും അറിയാവുന്ന സ്ഥിതിക്ക് പിന്നാലെ കിലോമീറ്ററുകളോളം ചേസ് ചെയ്‌തോടിക്കാതെ, കുട്ടികളല്ലേ എന്തെങ്കിലും വെപ്രാളത്തിൽ വണ്ടിയോടിക്കുമ്പോൾ അപകടം സംഭവിക്കുമെന്ന സാമാന്യ ബോധത്തിൽ പിന്മാറാമായിരുന്നുവെന്നായിരുന്നു വിമർശനം.