കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്.

അഞ്ചുവയസുകാരിയെ താൻ വകവരുത്തിയതായി പ്രതി അസ്ഫാക് ആലം സമ്മതിച്ചതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ അറിയിച്ചു. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അബോധാവസ്ഥയിലായിരുന്നതിനാൽ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ഇന്നു രാവിലെ അസ്ഫാക് തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്‌പി പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ മറ്റൊരാൾക്കു കൈമാറിയെന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിനുശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നും റൂറൽ എസ്‌പി വിവേക് കുമാർ അറിയിച്ചു.

കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ബിഹാർ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അസ്ഫാക് ആലം എന്ന പ്രതി തട്ടിക്കൊണ്ടുപോയത്. ആലുവ മാർക്കറ്റിന് സമീപമെത്തിയ ഇയാൾ മാർക്കറ്റിന് പുറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും പെൺകുട്ടിയെയും കണ്ട് ചിലർ ആരെന്ന് ചോദിച്ചെങ്കിലും, തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാൻ പോവുകയാണെന്നും പറഞ്ഞു. തുടർന്ന് മാർക്കറ്റിന് പുറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പ്രതി പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം.

കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മുറിവുണ്ടെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും കണ്ടെത്തി. ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് നിലവിലെ സൂചന. മരണം ഉറപ്പാക്കിയശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിട്ടു. ശേഷം മൂന്ന് കല്ലുകളും ഇതിനുമുകളിൽവച്ചാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതെന്നും പറയുന്നു.

തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു തെളിവെടുപ്പിനായി പ്രതിയായ അസ്ഫാക്കിനെ പൊലീസ് എത്തിച്ചു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പ്രതിയുമായി തിരികെ പോയി. മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്.

''അവനെ വിട്ടുകൊടുക്കരുത് അവന്റെ കയ്യും കാലും തല്ലിയൊടിക്കണം'' എന്നിങ്ങനെ അസ്ഫാക്കിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ പറഞ്ഞു. ശക്തമായ ജനരോഷം കണക്കിലെടുത്ത് പൂർണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ പോകുകയായിരുന്നു. 'നിയമത്തിന് ചെയ്യാൻ പറ്റാത്തത് ഞങ്ങൾ ചെയ്യാം' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'പൊറോട്ടയോ ഇറച്ചിയോ എന്തെങ്കിലും മേടിച്ച് കൊടുക്ക്, നിയമത്തിന്റെ മുന്നിൽ അവൻ സുഖസുന്ദരമായി ജീവിക്കും. ഇവൻ നല്ല ഫുഡ് ഒക്കെ അടിച്ച് നല്ലതാവും. വേറെ ഒന്നും സംഭവിക്കാൻ പോകുന്നില്ല', ', മറ്റൊരാൾ രോഷത്തോടെ പറഞ്ഞു.