പത്തനംതിട്ട: മുന്നൂറു കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ കീഴടങ്ങിയ പുല്ലാട് ജി ആൻഡ് ജി ഉടമകളായ ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി. നായർ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ തിരുവല്ല ഡിവൈ.എസ്‌പി ഓഫീസിൽ ഹാജരായ പ്രതികളെ കോയിപ്രം സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്ത ശേഷം ഇന്ന് രാവിലെയാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് മൂന്ന് കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇവരെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റും. പ്രതികളെ തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായി കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് അപേക്ഷയും നൽകിയിട്ടുണ്ട്.

അതിനിടെ പ്രതികളുടെ കീഴടങ്ങൽ ആസൂത്രിയ നാടകമാണെന്ന് ആക്ഷേപമുയർന്നു. രാഷ്ട്രീയ സ്വാധീനത്തിലൂടെയുണ്ടായ ധാരണ പ്രകാരമാണ് കീഴടങ്ങൽ. മൂന്നാം പ്രതി സിന്ധു ജി. നായർ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷ തള്ളാതിരിക്കാൻ വേണ്ടി മറ്റു രണ്ടു പ്രതികൾ നിയമോപദേശം അനുസരിച്ച് കീഴടങ്ങിയതാണെന്നും പറയുന്നു. ഇവർക്ക് ശക്തമായ സമുദായ, രാഷ്ട്രീയ പിന്തുണയുമുണ്ട്.

തോട്ടപ്പുഴശേരി, കോയിപ്പുറം, പുറമറ്റം, അയിരൂർ, ചെറുകോൽ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നിക്ഷേപകർ ഉള്ളത്. ഒന്നര കോടിയിലധികം രൂപ നിക്ഷേപം ഉള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്.ആകെ 138 കേസുകളാണ് പ്രതികൾക്കെതിരെ കോയിപ്പുറത്ത് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ 200 ൽ അധികം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിലായി 40 ബ്രാഞ്ചുകളാണ് പല പേരുകളിലായി ഇവർക്കുള്ളത്. റിസർവ് ബാങ്ക് നിർദേശിച്ചതിലുമധികം പലിശ നൽകിയാണ് ഇവിടങ്ങളിൽ ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്.

ബോണ്ട് നൽകിയും ഡയറിയിൽ കുറിച്ചും ഒക്കെ നിക്ഷേപം വാങ്ങിയിരുന്നതായി പരാതിക്കാർ പറയുന്നു. കഴിഞ്ഞ ഡിസംബർ വരെ പലിശ തുക കൃത്യമായി ബ്രാഞ്ചുകളിൽ നിന്നോ നേരിട്ടോ നിക്ഷേപകർക്ക് ലഭിച്ചിരുന്നു.ഇതിനു തടസം വന്നതോടെയാണ് പ്രതിസന്ധി പുറം ലോകം അറിയുന്നത്. ഇതിനു തൊട്ട് മുൻപ് സഹോദരന്റെ സമാന സ്വഭാവമുള്ള സ്ഥാപനവും പൂട്ടുകയും ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു. ഇതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.

തട്ടിപ്പിൽ പങ്കാളിയാണെന്ന് കരുതുന്ന ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി രേഖ ജി. കുമാർ വിദേശത്താണ്. ഇവരെയും നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. പൊലീസ് കേസുകളിൽ വിശ്വാസ വഞ്ചന, ചതി, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾക്ക് പുറമേ ബഡ്സ് ആക്ടും ചുമത്തിയ സാഹചര്യത്തിൽ ഇവരുടെ ബിനാമി സ്വത്തുക്കൾ കണ്ടെത്തുന്നതിനായി രജിസ്ട്രേഷൻ ഐജിക്ക് പൊലീസ് കത്തു നൽകി. ആയിരത്തോളം നിക്ഷേപകരിൽ നിന്നായി മുന്നൂറു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 300 മുതൽ 600 കോടി വരെയാണ് ഇവർ സമാഹരിച്ചതെന്ന് നിക്ഷേപകരും പറയുന്നു.

ഗോപാലകൃഷ്ണൻ നായരും അനുജനും എൻഎസ്എസ് തിരുവല്ല താലൂക്ക് യൂണിയന്റെ മുൻ പ്രസിഡന്റും കോയിപ്രം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായ ഡി. അനിൽകുമാറും ചേർന്ന് പിആർഡി ചിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇതിൽ ചിട്ടിക്കമ്പനി, പിആർഡി നിധി, പിആർഡി മിനി, പിആർഡി മിനി ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ പിആർഡി മിന, പിആർഡി നിധി എന്നിവയുമായി പിന്നീട് ഗോപാലകൃഷ്ണൻ നായർ സ്വന്തം നിലയിലേക്ക് മാറി. മകൻ ഗോവിന്ദനെയും ചേർത്ത് ജി ആൻഡ് ജി എന്ന പേരിൽ പുതിയമുഖം സ്വീകരിച്ചു. സ്വർണപണയം, ചിട്ടി, സ്ഥിരനിക്ഷേപം സ്വീകരിക്കൽ എന്നിങ്ങനെ പലതായി സ്ഥാപനം വികസിച്ചു.

ഇതിനിടെ അനുജൻ അനിൽകുമാറിന്റെ പിആർഡി ഫിനാൻസ് പൊട്ടി. ഇയാൾ കുടുംബസമേതം മുങ്ങി. 400 കോടിയോളം രൂപയുടെ തട്ടിപ്പാണ് അനിൽകുമാർ നടത്തിയത്. നിക്ഷേപകരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അനിൽകുമാറും കുടുംബവും 2022 ഒക്ടോബറിൽ അറസ്റ്റിലായി. ഒരു വർഷത്തോളം ജയിൽവാസം കഴിഞ്ഞ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. പിആർഡി പൊട്ടിയ സമയത്ത് ജി ആൻഡ് ജിയിലെ നിക്ഷേപകർ പണത്തിനായി ഗോപാലകൃഷ്ണനെ സമീപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ സ്ഥാപനം സുരക്ഷിതമാണെന്ന് വിശ്വസിപ്പിക്കാൻ ഇയാൾക്കായി. ഇതിന് പുറമേ ചില പുതിയ സംരംഭങ്ങൾ തുടങ്ങുന്നുവെന്ന് കാണിച്ച് നിക്ഷേപകരിൽ നിന്ന് കൂടുതൽ തുക സമാഹരിക്കുകയും ചെയ്തു.

ജനുവരി അവസാന ആഴ്ചയിലാണ് ഇവർ കുടുംബസമേതം മുങ്ങിയത്. ഡിസംബർ വരെ നിക്ഷേപകർക്ക് പലിശ നൽകിയിരുന്നു. ഇതിന് മുൻപുള്ള മാസങ്ങളിൽ നിക്ഷേപം കാലാവധി പൂർത്തിയായവർ തുക മടക്കി കിട്ടുന്നതിന് ഉടമകളെ സമീപിച്ചിരുന്നു. ഇവരോട് ഫണ്ട് വരാനുണ്ട് എന്ന കാരണം പറഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാർത്ത പരന്നു. ഇതോടെ നിക്ഷേപകർ തെള്ളിയൂരിലെ ആസ്ഥാനത്ത് വന്ന് പണം മടക്കി ആവശ്യപ്പെട്ടു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ ഉടമകൾ നിക്ഷേപകരുടെ യോഗം വിളിച്ചു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പണം പല ഘട്ടങ്ങളിലായി മടക്കി നൽകാമെന്നും ജനുവരി 13 ന് ചേർന്ന യോഗത്തിൽ പറഞ്ഞു. നിക്ഷേപത്തിന്റെ ഒരു ശതമാനം വച്ച് നൂറുമാസം കൊണ്ട് മടക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് നിക്ഷേപകർ അംഗീകരിച്ചില്ല. തുടർന്ന് പ്രതിമാസം മുതലിന്റെ രണ്ടു ശതമാനം വീതം തിരികെ നൽകാമെന്ന ധാരണയിൽ എത്തിച്ചേർന്നു. എന്നാൽ, ഒരാഴ്ചയ്ക്ക് ശേഷം ഉടമകൾ നാലു പേരും വീട്ടിൽ നിന്ന് മുങ്ങി. രണ്ടു ജോലിക്കാർ മാത്രം അവശേഷിച്ചു. ദിവസങ്ങൾക്ക് ശേഷം ഇവരും ഇവിടെ നിന്ന് അപ്രത്യക്ഷരായി. ഗോപാലകൃഷ്ണൻ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടിക്കമ്പനി ഉടമയ്ക്ക് വിറ്റ ശേഷമാണ് മുങ്ങിയത് എന്ന് നിക്ഷേപകർ പറയുന്നു.

16 ശതമാനം പലിശയാണ് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ദേശസാൽകൃത ബാങ്കിലെ നിക്ഷേപങ്ങൾ അടക്കം പിൻവലിച്ച ഇവിടെ കൊണ്ടിടാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത് ഈ പലിശ നിരക്കായിരുന്നു. ഡിസംബർ മാസം വരെ പലിശകൃത്യമായി കൊടുത്തു. പിന്നീട് പലിശ കിട്ടാതെ വന്ന നിക്ഷേപകർ ബഹളവുമായി എത്തിയപ്പോഴാണ് സ്ഥാപനം പൊട്ടിയ വിവരം അറിയുന്നത്.