തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിൽ സസ്‌പെൻഷനിലായ ജിയോളജി വകുപ്പിലെ ദമ്പതികൾ 5 വർഷത്തിനിടെ തരപ്പെടുത്തിയത് 1.32 കോടി രൂപയെന്നു വിജിലൻസ് കണ്ടെത്തൽ. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം വീടും സ്ഥലവും ഇവർ വാങ്ങി. ബന്ധുക്കളുടെ പേരിൽ കോടികളുടെ നിക്ഷേപം നടത്തിയെന്നും സംശയമുണ്ട്. 2014 മെയ്‌ ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇരുവരും 1,32,51,431 രൂപ സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ഇക്കാലയളവിൽ ഇരുവരും ജിയോളജിസ്റ്റുകളായിരുന്നു. 1.32 കോടി രൂപ സമ്പാദിച്ചതിൽ 90,47,495 രൂപ ചെലവഴിച്ചതായും, 42,03,936 രൂപ മിച്ചമുണ്ടെന്നും ദമ്പതികൾ വിജിലൻസിനു മുൻപാകെ മൊഴി നൽകി.

എന്നാൽ അന്വേഷണത്തിൽ ഇവർക്ക് 91,79,692 രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. ശമ്പളത്തിന്റെ 37.54 % അധികം സ്വത്താണ് ഇവർക്കുള്ളത്. 2002ൽ സർവീസിൽ ചേർന്ന ഇവരുടെ 5 വർഷത്തെ സ്വത്തു സമ്പാദന കണക്കുകൾ മാത്രമാണ് ഇതു വരെ പരിശോധിച്ചത്. 2014നു മുൻപും, 2019നു ശേഷവുമുള്ള സമ്പാദ്യത്തെക്കുറിച്ചും പരിശോധന നടത്തും. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സ്വത്തു വിവരങ്ങളും വിജിലൻസ് പരിശോധിച്ചിരുന്നു. ചില ബന്ധുക്കൾക്ക് വൻ ആസ്തിയുണ്ടെന്നും കണ്ടെത്തി.

മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ദക്ഷിണ മേഖല സ്‌ക്വാഡിന്റെ ചുമതലയുള്ള ജിയോളജിസ്റ്റ് എസ്.ശ്രീജിത്ത്, ഭാര്യയും മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറേറ്റിലെ ജിയോളജിസ്റ്റുമായ എസ്.ആർ.ഗീത എന്നിവരെയാണ് വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിനെ തുടർന്നാണു സസ്‌പെൻഷൻ. തിരുവനന്തപുരം വട്ടിയൂർക്കാവ് മണലയത്താണ് ദമ്പതികളുടെ വീട്. ഇവർ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന സമയത്ത് 49.75 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ശ്രീജിത്തിനെതിരായ പരാതിയിലായിരുന്നു അന്വേഷണം. അന്വേഷണത്തിനിടെ ഭാര്യയുടെ സ്വത്തു വിവരങ്ങളും പരിശോധനയ്ക്ക് വന്നു.

കോവിഡിന് തൊട്ടുമുമ്പാണ് ശ്രീജിത്ത് പത്തനംതിട്ടയിൽ സേവനം അനുഷ്ഠിച്ചത്. കൊല്ലത്ത് നിന്ന് പണിഷ്മെന്റ് ട്രാൻസ്ഫർ ആയിട്ടായിരുന്നു പത്തനംതിട്ടയിലേക്ക് വരവ്. കൊല്ലം ജില്ലയിലെ മണ്ണു കരാറുകാരനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്വട്ടേഷൻ സംഘത്തെ അയച്ച് ആക്രമിച്ചതിനായിരുന്നു സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ ജിയോളജി ഓഫീസ് ആറന്മുളയിലായിരുന്നു അക്കാലത്ത്. ഇവിടെ വന്ന് ചുമതലയേറ്റ് മൂന്നു ദിവസം കഴിഞ്ഞപ്പോൾ കൊല്ലം സംഭവത്തിന്റെ പേരിൽ ശ്രീജിത്ത് സസ്പെൻഷനിലായി. സസ്പെൻഷൻ പിൻവലിച്ച് കഴിഞ്ഞപ്പോൾ വീണ്ടും ഇവിടെ തന്നെയാണ് ഇദ്ദേഹത്തിന് നിയമനം കിട്ടിയത്. ആറന്മുളയിൽ നിന്ന് ജില്ലാ ജിയോളജി ഓഫീസ് അടൂരിലേക്ക് മാറ്റാൻ ചരടു വലിച്ചതും ശ്രീജിത്തായിരുന്നു. അതിന് കാരണങ്ങൾ പലതായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കാറിൽ വന്നാണ് ശ്രീജിത്ത് ജോലി ചെയ്തിരുന്നു. തന്റെ രൂപസാദൃശ്യമുള്ള ഏറ്റവും അടുത്ത ബന്ധുവുമായിട്ടാണ് വരവ്. ഒറ്റ നോട്ടത്തിൽ രണ്ടാളും ഒരു പോലെ ഇരിക്കും. മണ്ണു കരാറുകാർക്കിടയിൽ ശ്രീജിത്ത് സാറിന്റെ ഡ്യൂപ്പ് എന്ന് ഇയാൾ അറിയപ്പെട്ടു. ചുവന്ന മാരുതി ഡ്രൈവ് ചെയ്തു വരുന്ന ഡ്യൂപ്പ് ശ്രീജിത്തിനെ ജിയോളജി ഓഫീസിൽ ഇറക്കിയ ശേഷം ചെങ്ങന്നൂർ റോഡിലുള്ള കോഴിപ്പാലത്ത് പോയി വാഹനവുമായി കിടക്കും. ഉച്ചക്ക് ആഞ്ഞിലിമൂട്ടിൽ കടവിലുള്ള പാലത്തിന്റെ അടുത്ത് വാഹനം കൊണ്ടിട്ട് ചോറുണ്ട് വിശ്രമിക്കും. ഈ സമയം യഥാർഥ ജിയോളജിസ്റ്റ്് ഊണു കഴിഞ്ഞ് വിശ്രമിക്കുകയായിരിക്കും. വൈകിട്ട് അഞ്ചു മണിയാകുമ്പോൾ ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങും. പോകുന്ന വഴിയാണ് പടി പിരിവ്. ഈ ഡ്യൂപ്പിനും കോടികളുടെ ആസ്തിയുണ്ടെന്നാണ് സൂചന.

കൊട്ടാരക്കരയ്ക്കും ചടയമംഗലത്തിനും ഇടയിൽ വച്ചാണ് പടി കൊടുക്കേണ്ടത്. 500 ലോഡിൽ കൂടുതൽ മണ്ണ് അടിക്കുന്നവരും ക്വാറി മുതലാളിമാരും പാസ് കിട്ടണമെങ്കിൽ ശ്രീജീത്ത് ആവശ്യപ്പെടുന്ന പടി കൃത്യമായി നൽകണം. പടി വാങ്ങാൻ ഡ്യൂപ്പിനെ നിയോഗിക്കുന്നത് വിജിലൻസിന്റെ ട്രാപ്പിൽ നിന്നും മറ്റ് അന്വേഷണങ്ങളിലും നിന്ന് രക്ഷപ്പെടാനാണ്. പടിയുമായി ചെല്ലുന്നവർ മൂന്നു വാഹനങ്ങളിലായിട്ട് വേണം ചെല്ലാൻ. ഓരോ വാഹനവും ഇയാൾ പറയുന്ന പോയിന്റിൽ നിർത്തണം. അതിന് ശേഷം ഡ്യൂപ്പ് ചെന്ന് കൈമാറ്റം സുരക്ഷിതമെന്ന് ഉറപ്പിക്കും. മൂന്നു വാഹനങ്ങളിൽ തനിക്കിഷ്ടമുള്ള ഏതെങ്കിലുമൊന്നിൽ നിന്നാകും പടി വാങ്ങിയെടുക്കുക.

ആറന്മുളയിലുള്ള ഓഫീസ് അടൂരിലേക്ക് മാറ്റുമ്പോൾ തനിക്ക് രാവിലെയും വൈകിട്ടും സഞ്ചരിക്കാനുള്ള ദൂരം കുറയും. കൈക്കൂലി വാങ്ങൽ അൽപ്പം കൂടി സുരക്ഷിതമാകും. അടൂരിലെ ജിയോളജി ഓഫീസ് അൽപ്പം ഉള്ളിലേക്ക് കയറിയാണ്. ശ്രീജിത്തിന് ശക്തമായ രാഷ്ട്രീയ സ്വാധീനവും ക്വട്ടേഷൻ മാഫിയയുമായി ബന്ധമുണ്ടായിരുന്നു. ഇതിന് ഉദാഹരണമായിരുന്നു കൊല്ലത്ത് മണ്ണു കരാറുകാരനെ ക്വട്ടേഷൻ കൊടുത്ത് ആക്രമിച്ച സംഭവം. ഇയാളുടെ ഭാര്യ ഗീത വർഷങ്ങളായി സംസ്ഥാന ജിയോളജി ഡയറക്ടറേറ്റിലെ ജിയോളജിസ്റ്റാണ്. ജില്ലാ ഓഫീസുകളിലേക്ക് ഇടയ്ക്ക് ഇവർ പരിശോധനയ്ക്ക് എത്തും. വരുന്നത് തന്റെ ഭാര്യയാണെന്ന് അറിയാതിരിക്കാൻ ശ്രീജിത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഗീത വരുമ്പോൾ എണീറ്റ് നിന്ന് മാഡം എന്ന് സംബോധന ചെയ്താണ് പെരുമാറിയിരുന്നത്. ഇരുവരും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത കണക്കിലായിരുന്നു പെരുമാറ്റം. പത്തനംതിട്ട വിജിലൻസ് വിഭാഗത്തിന് കിട്ടിയ പരാതി അനധികൃത ധനസമ്പാദനം അന്വേഷിക്കുന്ന വിജിലൻസിന്റെ പ്രത്യേക സെല്ലിന് കൈമാറുകയായിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം കണ്ടെത്തിയത്.