പെരിന്തൽമണ്ണ: സംസ്ഥാനത്തെ ഹൈവേകൾ കേന്ദ്രീകരിച്ച് വീണ്ടും സ്വർണം പൊട്ടിക്കൽ സംഘം സജീവമാകുന്നു. ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും ആക്രമിച്ച് സ്വർണം കവർച്ച നടത്താൻ ശ്രമിച്ച അഞ്ചുപേർ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. ഇതോടെയാണ് സ്വർണം പൊട്ടിക്കൽ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി ലഭിച്ചത്.

കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂർ സ്വദേശി ചോടത്ത് കുഴിയിൽ അബ്ദുൾ അസീസ് (31), മാറഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ (40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക്(27), ചാവക്കാട് മുതുവറ്റൂർ സ്വദേശി കുരിക്കലകത്ത് അൽതാഫ്ബക്കർ(32)എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ. സി അലവി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26നാണ് വിദേശത്ത് നിന്ന് കോയമ്പത്തൂർ എയർപോർട്ടിൽ ഇറങ്ങി നാട്ടിലേക്ക് വരുന്ന വഴി കാസർഗോഡ് സ്വദേശികളുടെ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരുകിലോഗ്രാം സ്വർണം കവർച്ച നടത്താനായി സംഘം രണ്ട് കാറുകളിലായെത്തിയത്. എന്നാൽ നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് സംഘം കവർച്ചാശ്രമം ഒഴിവാക്കി കാറിൽ രക്ഷപെടുകയായിരുന്നു.

തുടർന്ന് നാട്ടുകാർ സ്റ്റേഷനിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ സിഐ. സി അലവിയുടെ നേതൃത്വത്തിൽ കാസർഗോഡ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് കള്ളക്കടത്ത് നടത്തി കൊണ്ടുവന്ന ഒരുകിലോഗ്രാം സ്വർണ്ണവും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കവർച്ചാസംഘത്തെകുറിച്ച് സൂചനലഭിക്കുകയും മുഖ്യ സൂത്രധാരനായ മുഹമ്മദ് റഷാദ് നെ കുറിച്ച് വിവരം ഭിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

മുഹമ്മദ് റഷാദിന് കാസർഗോഡ് സ്വദേശി ഗൾഫിൽ നിന്നും സ്വർണം കടത്തികൊണ്ട് കോയമ്പത്തൂർ എയർപോർട്ട് വഴി വരുന്ന വിവരം കിട്ടിയിരുന്നു. അത് കവർച്ച നടത്തുന്നതിനായാണ് അബ്ദുൾ അസീസ്, ബഷീർ എന്നിവർ വഴി സാദിഖിനേയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചാവക്കാട് സ്വദേശി അൽത്താഫിനേയും ഏൽപ്പിക്കുന്നത്.

രണ്ടു കാറുകളിലായെത്തിയ സംഘം കോയമ്പത്തൂർ എയർപോർട്ട് മുതൽ പരാതിക്കാരന്റെ കാറിനെ പിന്തുടർന്ന് പെരിന്തൽമണ്ണ കാപ്പുമുഖത്ത് വച്ച് കവർച്ച നടത്താനായി ശ്രമിക്കുകയായിരുന്നു. എന്നാൽ ശ്രമം നടക്കാതായതോടെ സംഘം രക്ഷപെട്ടു. കസ്റ്റംസിനെ വെട്ടിച്ചു എയർപോർട്ട് വഴി സ്വർണം കൊണ്ടുവന്ന കാസർഗോഡ് സ്വദേശി വസീമുദീൻ (32), താമരശേരി കരിമ്പനക്കൽ മുഹമ്മദ് സാലി (49) എന്നിവരെ നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്യുകയും ഒരു കി.ഗ്രാം സ്വർണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ജില്ലാ ?പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ സിഐ സി അലവിയുടെ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു അന്വേഷണം നടത്തിയാണ് കവർച്ചാ സംഘത്തിലെ അഞ്ച് പേരെ പിടികൂടാനായത്. മറ്റു പ്രതികളെ കുറിച്ച് സൂചനലഭിച്ചതായും കൂടുതൽ അന്വേഷണത്തിനായി ആവശ്യമെങ്കിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും സിഐ അറിയിച്ചു.

അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം എസ്‌പി.സുജിത്ത് ദാസ്, ഡി.വൈ.എസ്‌പി എം.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സിഐ. സി അലവി, എസ്‌ഐ. യാസിർ ആലിക്കൽ പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐ. രാജേഷ് എം.എസ്, സക്കീർ ഹുസൈൻ, മുഹമ്മദ് ഷജീർ, ഉല്ലാസ്, രാകേഷ്, മിഥുൻ, ഷഫീഖ് എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത് .