മംഗളൂരു/കണ്ണൂർ: മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്തിയ 3.75കിലോ സ്വർണം ഡി.ആർ.ഐയും എയർ കസ്റ്റംസും ചേർന്ന് പിടികൂടി. കാസർകോട് സ്വദേശികളടക്കം മൂന്ന് പേരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1.156 കിലോ ഗ്രാം സ്വർണവുമായി കാസർകോട്, ചെങ്കളയിലെ മുഹമ്മദ് മുസ്തഫ അബ്ദുള്ളയെ മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ആണ് പിടികൂടിയത്.

തിങ്കളാഴ്ച അബുദാബിയിൽ നിന്നും എത്തിയ എയർഇന്ത്യാ എക്സ്‌പ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. സംശയം തോന്നിയ കസ്റ്റംസ് അധികൃതർ ഉപകരണം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ മലദ്വാരത്തിനകത്തു മുട്ടയുടെ രൂപത്തിലാക്കിയ നാലു സ്വർണഗുളികകൾ കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവെങ്കിലും സ്വർണം കൊടുത്തയച്ചയാളെ കുറിച്ചുള്ള വിവരം ലഭിച്ചില്ല. പിടിയിലായ സ്വർണ്ണത്തിനു 61,60,050 രൂപ വിലമതിക്കുമെന്നു കസ്റ്റംസ് അധികൃതർ പറഞ്ഞു. മുഹമ്മദ് മുസ്തഫ അബ്ദുള്ള കാരിയർ
ആണെന്നാണ് അധികൃതരുടെ സംശയം.

അതേസമയം, കണ്ണൂർ വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ പരിശോധനയിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനായ കാസർകോട്ടെ അബ്ദുൾ നിഷാറിൽ നിന്ന് 1080 ഗ്രാം സ്വർണവും പിടികൂടി. മലദ്വാരത്തിലാണ് ഇയാളും സ്വർണം ഒളിപ്പിച്ചുകടത്തിയത്. പിടിയിലായ സ്വർണത്തിന് 6,339600 രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ കണ്ണൂരിൽ ഡിആർഐ നടത്തിയ പരിശോധനയിൽ 739 ഗ്രാം സ്വർണവുമായി വടകര സ്വദേശി മുഹമ്മദ് പോക്കറും പിടിയിലായി. മംഗളൂരുവിൽ എയർ കസ്റ്റംസും കണ്ണൂരിൽ ഡി.ആർ.ഐയുമായാണ് സ്വർണ വേട്ടയ്ക്ക് രംഗത്തുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ കോഴിക്കോട് കണ്ണൂർ മംഗലാപുരം വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്താൻ ശ്രമിച്ചതിന് നിരവധി പേരാണ് പിടിയിലായത്. ഒരു ഇടവേളക്കു ശേഷം സ്വർണ്ണക്കടത്ത് വീണ്ടും ശക്തമായതാണ് ഇത് തെളിയിക്കുന്നത്. പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കള്ളക്കടത്ത് നടത്തിയത്. ഇത് കസ്റ്റംസിന് വലിയ രീതിയിലുള്ള വെല്ലുവിളിയായി മാറിയിരിക്കുകയാണ്.