ആലപ്പുഴ: നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരായേക്കില്ല. മുൻപും ഇവർക്കു നോട്ടിസ് നൽകിയിരുന്നെങ്കിലും എന്നു ഹാജരാകണമെന്നു പറഞ്ഞിരുന്നില്ല. ജോലിത്തിരക്കു ചൂണ്ടിക്കാട്ടി അനിലും സന്ദീപും ഹാജരാകുന്നതു നീട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതോടെയാണ് ദിവസം വ്യക്തമാക്കിയാണ് പുതിയ നോട്ടീസ് നൽകിയത്. അതിലും അനുകൂല പ്രതികരണമില്ല.

നിയമസഭാ സമ്മേളനത്തിനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാറും ഉണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗം എസ്. സന്ദീപിനും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. സന്ദീപ് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരാകേണ്ടി ഇരുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അനിൽകുമാർ ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് സൂചനയുണ്ട്.

തിരുവനന്തപുരത്തു നേരിട്ടു ചെന്നാണ് ഇരുവർക്കും നോട്ടിസ് നൽകിയത്. രണ്ടാഴ്ചത്തെ ശ്രമത്തിനു ശേഷമാണു അനിലിനു നോട്ടിസ് നൽകാനായത്. മുൻപു പലതവണ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിയുടെ തിരക്കാണെന്നായിരുന്നു അനിലിന്റെ മറുപടി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചപ്പോഴും സ്ഥലത്തില്ലെന്നു പറഞ്ഞെങ്കിലും ഉണ്ടെന്നുറപ്പിച്ച ശേഷം നോട്ടിസ് നൽകുകയായിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്.

മർദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസും പൊലീസ് നടപടി ഇഴയുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനിടയുണ്ടെന്നു മനസ്സിലാക്കിയാണ് ഇപ്പോൾ കൃത്യമായ തീയതി വച്ചു നോട്ടിസ് നൽകിയത്. ഈ സാഹചര്യത്തിൽ വീണ്ടും കേസ് കോടതിയിൽ എത്താൻ സാധ്യതയുണ്ട്. കോടതിയുടെ നിലപാടാകും ഇനി കേസിൽ നിർണ്ണായകം.

നവകേരള സദസ്സിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിൽ പ്രതിഷേധിച്ചതിനാണ് ഡിസംബർ 15ന് ജനറൽ ആശുപത്രി ജംക്ഷനിൽ ഇവർക്കു മർദനമേറ്റത്. അജയ്, തോമസ് എന്നിവരെ പൊലീസ് തടഞ്ഞു റോഡരികിലേക്കു മാറ്റിയ ശേഷമാണ് പിന്നാലെ വന്ന മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽനിന്നു ചാടിയിറങ്ങി അനിലും സന്ദീപും ഇവരെ നീളമേറിയ വടികൊണ്ടു ക്രൂരമായി മർദിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ സമരക്കാരെ മർദിക്കുന്നതു താൻ കണ്ടില്ലെന്നായിരുന്നു ഇതേക്കുറിച്ചു മുഖ്യമന്ത്രിയുടെ പ്രതികരണം.

പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം എതിർകക്ഷികളോടു ഹാജരാകാൻ നിർദേശിക്കുമെന്നായിരുന്നു നടപടി വൈകുന്നതു സംബന്ധിച്ചു പൊലീസ് നിലപാട്. മർദനമേറ്റവരുടെ പരുക്ക് സംബന്ധിച്ച് ആശുപത്രികളിൽനിന്നു പൊലീസ് വിവരം ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഏറെ കാലത്തെ ബന്ധമുണ്ട് അനിൽകുമാറിന്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തരുടെ പട്ടികയിലാണ് അനിൽകുമാറിന്റെ സ്ഥാനം.