കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതിയായ തടവുകാരൻ രക്ഷപ്പെട്ടതിനു പിന്നിൽ ഗൂഢാലോചന നടത്തിയത് അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റാണെന്ന് കണ്ണൂർ ടൗൺ പൊലിസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾ കേരളം വിട്ടുവെന്ന സംശയത്തെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഹർഷാദ് രക്ഷപ്പെട്ടിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് കണ്ണൂരിലെ പൊലീസിന് ക്ഷീണം ചെയ്തിട്ടുണ്ട്.

ബംഗ്‌ളൂരിൽ നിന്നെത്തിയ ബൈക്കിലാണ് ഹർഷാദ് രക്ഷപ്പെട്ടതെന്ന് കണ്ണൂർ നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നും ലഭ്യമായ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും തെളിഞ്ഞിട്ടുണ്ട്. ബംഗ്‌ളൂരിൽ നിന്നും കൊണ്ടുവന്ന ബൈക്കിന്റെ നമ്പർ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ബൈക്ക് ഓടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ദിവസങ്ങൾക്കു മുൻപ് ജയിലിൽ ഹർഷാദിനെ കാണാനെത്തിയ ആളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന സംശയത്താൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവു ചാടി പോയ എം.ഡി.എം.എ കടത്ത് കേസിലെ പ്രതി ഹർഷാദ് സംസ്ഥാനം വിട്ടെന്ന് സൂചനയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഹർഷാദ് ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് കണ്ണൂർ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു ഇതിന് പിന്നിൽ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അധികൃതർ. ഞായറാഴ്ച രാവിലെയാണ് പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഹർഷാദ് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ കയറിപ്പോയത്.

ജയിലിൽ നിന്ന് പുറത്തേക്കെത്തിയ ഹർഷാദ് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. സംഭവത്തിൽ ജയിലിൽ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്. ജയിൽ ചാടാനുള്ള ആസൂത്രണത്തിൽ ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ മാസം ഒൻപതിനാണ് ഹർഷാദിനെ സുഹൃത്ത് ജയിലിൽ കാണാനെത്തിയത്. എന്നാൽ ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രണത്തിൽ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.

ഫോൺ വഴിയാണ് ജയിൽ ചാട്ടത്തിന്പദ്ധതിയിട്ടതെന്നാണ് നിഗമനം. ചാലകോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്ന് ജയിൽ അധികൃതരും കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്.

കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് അവധി ദിവസമായ ഞായറാഴ്‌ച്ച രാവിലെ തന്നെ ഇയാൾ ജയിൽ ചാടിയത്. സംഭവത്തിന് പിന്നിൽ വൻ ജയിൽ സുരക്ഷാവീഴ്‌ച്ചയുണ്ടെന്ന വിലയിരുത്തലുമുണ്ട്.