കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവു ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി കോയ്യോട് സ്വദേശി ടി സി ഹർഷാദിനെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം ബംഗ്ളൂരിലെത്തി.കണ്ണൂർ സിറ്റി എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് ബംഗ്ളൂർ പൊലിസ് സഹയാത്തോടെ ബംഗ്ളൂര് നഗരത്തിൽ അന്വേഷണമാരംഭിച്ചത്. ഹർഷാദ് ബംഗ്ളൂരിലെ ഏതെങ്കിലും രഹസ്യകേന്ദ്രത്തിലുണ്ടാകുമെന്ന വിശ്വാസത്തിലാണ് പൊലിസ്.

അതുകൊണ്ടു തന്നെ ബംഗ്ളൂരിൽ തന്നെ ക്യാംപ് ചെയ്തു അന്വേഷണം നടത്തിവരികയാണ്. ഇതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ബംഗ്ളൂരിൽ ക്യാംപ് ചെയ്തു കേസന്വേഷണം നടത്തിവരുന്നത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം അസി. കമ്മിഷണർ ടി കെ രത്നകുമാറിന്റെയും ടൗൺ പൊലീസ് ഇൻസ്പെക്ടർ പി എ ബിനു മോഹന്റെയും നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടാൻ ഹർഷാദിന് മയക്കുമരുന്ന് റാക്കറ്റിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നു തെളിഞ്ഞിരുന്നു.

ബംഗ്ളൂര് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നമയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണ് ഹർഷാദെന്നാണ് വിവരം. ഇതോടെ ഹർഷാദിന്റെ സംഘത്തിന്റെ താവളങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയാണ്. നാട്ടിലുള്ള ഭാര്യയെയും ബന്ധുക്കളെയും സുഹൃത്തുകളെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. ബംഗ്ളൂര് രജിസ്ട്രേഷനുള്ള ബൈക്കിൽ കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടതു കാരണമാണ് ഇയാൾ ബംഗ്ളൂരിലുണ്ടെന്നു സംശയിക്കാൻ കാരണം. എന്നാൽ ഹർഷാദ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല. തടവുചാടുന്നതിന് മുൻപ് ഹർഷാദിനെ ജയിലിൽ കാണാനെത്തിയ സുഹൃത്തായ യുവാവിൽ നിന്നാണ് ഈക്കാര്യത്തിൽ സൂചന ലഭിച്ചത്.

വ്യാജപാസ്പോർട്ടുണ്ടാക്കാൻ ഹർഷാദ് ശ്രമിച്ചിരുന്നുവെന്നാണ് ഇയാളുടെ മൊഴി. ഗൾഫിൽ ബന്ധങ്ങളുള്ള ഹർഷാദ് അവിടേക്ക് മുങ്ങാതിരിക്കാൻ സംസ്ഥാനത്തെ എല്ലാവിമാനത്താവളങ്ങളിലും പൊലിസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിട്ടുണ്ട്. നേരത്തെക്രിമിനൽ പശ്ചാലത്തലമുള്ള ഹർഷാദ് മോഷണ കേസിലും പ്രതിയാണ്. ചെമ്പിലോട് പഞ്ചായത്തിലെ കോയ്യോട് താമസിച്ചിരുന്ന ഇയാളെകുറിച്ചുള്ള എന്തെങ്കിലുംവിവരം ലഭിക്കുന്നതിനായി പൊലിസ് ഭാര്യയെയുംബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തിരുന്നു.  ജയിലിരിക്കെ തന്നെ ഫോൺചെയ്യാറുണ്ടെന്നാണ് ഭാര്യനൽകിയ മൊഴി. ഇയാൾ നാട്ടിലെത്തിയാൽ പിടികൂടുന്നതിനായി കോയ്യോട് പ്രദേശത്ത് പൊലിസ് നിരീക്ഷണ മേർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും സുരക്ഷ ആവശ്യമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് വെറും ഒരുവർഷം മാത്രം ശിക്ഷ അനുവഭിച്ചു വന്ന മയക്കുമരുന്ന് കേസിലെ പ്രതി ഹർഷാദിനെ വെൽഫെയർ ഓഫീസിൽഅറ്റൻഡറായി ജോലിക്ക് നിയോഗിച്ചതെന്നാണ് ജയിൽ സൂപ്രണ്ട് ഡി.ജി.പിക്ക് നൽകിയ വകുപ്പ്തല റിപ്പോർട്ടിൽ പറയുന്നത്.നിലവിൽ 34അസി. പ്രിസണർമാരുടെ ഒഴിവ് കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്. ആറുമാസത്തിനുള്ളിൽ 150 അസി. പ്രിസണർമാരെ നിയമിക്കാൻ ജയിൽവകുപ്പും കെക്സ്‌കോണും 2022- ഓഗസ്റ്റിൽ കരാറിലെത്തിയിരുന്നുവെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണംവെറും 38 പേർക്കാണ് സംസ്ഥാനത്താകമാനം നിയമനം നൽകിയത്.

അസി. പ്രിസണർമാരില്ലാത്തതു കാരണം അവരുടെ ഡ്യൂട്ടികൂടി വാർഡന്മാർ ചെയ്യേണ്ടി വരികയാണ്. ഇതുകാരണം തടവുകാരെ ശ്രദ്ധിക്കാൻ അവർക്ക് കഴിയുന്നില്ല. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ള തടവുകാരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും കാവൽ നിൽക്കാനും പൊലിസിൽ നിന്നും ഓഫീസർമാരെ വിട്ടുകിട്ടാത്തതിനാൽ ജയിൽ ജീവനക്കാർ തന്നെ കൊണ്ടു പോകേണ്ട സാഹചര്യമാണുള്ളത്. രാത്രിയും പകലുമായി ചെയ്യുന്ന ജോലിഭാരം തളരുകയാണ് ജയിൽ ജീവനക്കാർ.