കണ്ണൂർ / കാസർകോട് : ഹൃദയസംബന്ധമായ രോഗലക്ഷണവുമായി ആശുപത്രിയിലെത്തുന്ന ആളുകളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത് വർദ്ധിക്കുന്നു. ചെറിയ ലക്ഷണമായാൽ മതി ഭയപ്പെടുത്തി ഓപ്പറേഷൻ ചെയ്യിപ്പിക്കുക, ഭീമമായ പണം കൈവശപ്പെടുത്തുക എന്നുള്ളത് ഇന്ന് സർവ്വസാധാരണയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരിൽ 62 വയസ്സുകാരൻ നേരിട്ടത് മെഡിക്കൽ എത്തിക്‌സിന് വിരുദ്ധമായ നടപടികളാണ്.

ഫെബ്രുവരി ആറാം തീയതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽസലാം എന്ന 62 വയസ്സുകാരൻ ചില ശാരീരിക പ്രയാസങ്ങൾ കാരണം ചികിത്സ തേടി. അബ്ദുൽ സലാമിന്റെ ഇസിജി എടുക്കുകയും രക്തം പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെന്നും എത്രയും പെട്ടെന്ന് അത് ഓപ്പറേഷൻ ചെയ്തു നീക്കം ചെയ്യണമെന്നും. സ്റ്റെന്റ് (stent) ഇടണമെന്ന് അറിയിക്കുകയുണ്ടായി.

അതേ സമയം തന്നെ ആശുപത്രി അധികൃതർ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ആശുപത്രി അധികൃതരുടെ നീക്കങ്ങൾക്ക് തടസ്സമായി രോഗിയും കൂട്ടിരിപ്പുകാരും രംഗത്ത് വന്നു. തനിക്ക് പറയത്തക്ക പ്രയാസങ്ങൾ ഒന്നുമില്ലെന്നും മറ്റൊരു വിദഗ്ധ അഭിപ്രായം കൂടി കേട്ടതിനു ശേഷം മാത്രമേ താൻ ഓപ്പറേഷനുമായി മുന്നോട്ടു പോകുകയുള്ളൂ എന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാൽ ഏതു നിമിഷം എന്തും സംഭവിക്കാം, അങ്ങനെ ഒഴിവാക്കി വിടാൻ തങ്ങൾക്ക് സാധിക്കില്ലന്നും, അത് തങ്ങളുടെ നിലപാടിന് വിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞു. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഉടനടി മുൻകൂർ അടച്ചാൽ തങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് ഭയപ്പെടുത്തുന്ന ഒരു സ്വാന്ത്വനമാണ് ആശുപത്രി അധികൃതർ മുന്നോട്ടുവച്ചത്.

മരണപ്പെട്ടാലും കുഴപ്പമില്ല പക്ഷേ മറ്റൊരു വിദഗ്ധ അഭിപ്രായമില്ലാത്ത താങ്കളുടെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിക്കാനോ ശസ്ത്രക്രിയോക്കോ സമ്മതമല്ലെന്ന് കടുത്ത നിലപാട് രോഗിയും സ്വീകരിച്ചതോടെ ആശുപത്രി അധികൃതർ സമ്മതപത്രത്തിൽ ഒപ്പിടീച്ച ശേഷം ഡിസ്ചാർജ് ചെയ്തു. അബ്ദുസ്സലാം കുടുംബവും തൊട്ടടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തുകയും, പരിശോധന നടത്തുകയും ചെയ്തു. ഇവിടെ നടന്ന പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം ഈ കുടുംബം മനസ്സിലാക്കുന്നത്.

ഉടനടി ഓപ്പറേഷൻ വേണം ഇല്ലെങ്കിൽ മരണപ്പെട്ടുപോകും എന്നു പറഞ്ഞ അബ്ദുൽ സലാമിന് പറയത്തക്ക ഒരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ആദ്യത്തെ സ്വകാര്യാശുപത്രിയിൽ നടത്തിയ എല്ലാ പരിശോധനയും രണ്ടാമത്തെ ആശുപത്രിയിലും നടത്തി. ഓപ്പറേഷൻ വേണ്ടിവരുന്ന രീതിയിലുള്ള ഒരു അസുഖവും അബ്ദുൽസലാമിൽ കണ്ടെത്താൻ രണ്ടാമത് ചികിത്സ തേടിയ ആശുപത്രി അധികൃതർക്ക് സാധിച്ചില്ല. പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് ഡോക്ടർ കുടുംബത്തെ അറിയിച്ചത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ വിവരങ്ങൾ അന്വേഷിക്കണം എന്നായിരുന്നു ഈ കുടുംബം തീരുമാനിച്ചിരുന്നത്. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കം നടത്തിയാൽ ആശുപത്രിയുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു എന്നുപറഞ്ഞ് പൊലീസിൽ കേസ് നൽകാൻ സാധ്യതയുണ്ട്. പിന്നീട് ജാമ്യം ലഭിക്കാത്ത വിധം ജയിലിൽ അടക്കാനും ആശുപത്രി അധികൃതർ മുന്നോട്ടു വരുമെന്നും നേരത്തെ പലർക്കും സമാന രീതിയിലുള്ള അനുഭവം അവിടെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകുന്നതിൽ നിന്നും ഇരയായ കുടുംബം പിന്മാറിയത്.

ഇതൊരു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു വിഷയം മാത്രമല്ല, കേരളത്തിൽ അങ്ങോളം ഇങ്ങോളം ഇത്തരത്തിൽ ഹൃദയസംബന്ധമായ എന്തെങ്കിലും പ്രയാസവുമായി എത്തുന്നവരെ ഉടനടി ഓപ്പറേഷനും സ്റ്റെന്റ് (stent) ഇടാനും ആശുപത്രി എന്ന പേരിൽ അറിയപ്പെടുന്ന അറവുശാലകൾ ശ്രമിക്കാറുണ്ട്. ആരോഗ്യവാനായ ഒരാളെ ഭയപ്പെടുത്തി ഓപ്പറേഷൻ നടത്തുകയും ഇതുപോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ശരീരത്തിൽ കടത്തിവിടാനും കച്ച കെട്ടിയിരിക്കുകയാണ് ചില ആശുപത്രി അധികൃതർ. മരണ ഭയത്തെയാണ് ഇവർ വിറ്റ് കാശാക്കുന്നത്.

കാസർഗോഡ് ദേശീയപാതയ്ക്ക് സമീപത്തായി പ്രവർത്തിച്ചുവരുന്ന ഒരു ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷം നടന്ന ഹൃദയ ഓപ്പറേഷൻ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഗ്യാസിന്റെ അസ്വസ്ഥതയുമായി ആശുപത്രിയിൽ എത്തിയാൽ ഒന്നര ലക്ഷം രൂപ ചെലവഴിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് സ്റ്റെന്റ് ധരിച്ച് തിരിച്ചു പോകാം എന്ന നിലയിലാണ് ഇവിടെത്തെ കാര്യങ്ങൾ. ദിവസവും ഓൺലൈൻ- പ്രിന്റ് മാധ്യമങ്ങളിലൂടെ ആയിരങ്ങൾ ചെലവഴിച്ച് ഹൃദയ ഓപ്പറേഷനുമായി ബന്ധപ്പെട്ട വലിയ രീതിയിലുള്ള പരസ്യങ്ങൾ ആണ് ഇവർ നൽകി വരുന്നത്. ശരീരം വെട്ടി മുറിച്ച് കാശാക്കുക എന്നുള്ളത് മാത്രമാണ് ഇത്തരം അറവുശാലകൾ മുന്നോട്ടുവെക്കുന്ന ചികിത്സ. കേരളത്തിലെ സർക്കാർ ആരോഗ്യസംവിധാനങ്ങൾ ശക്തമായാൽ മാത്രമേ ഇത്തരം കശാപ്പുകാരെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.

(തട്ടിപ്പിനിരയായ കുടുംബം ഔദ്യോഗികമായി പരാതി നൽകാത്തതുകൊണ്ട് നിയമ തടസ്സമുള്ളതിനാൽ ആശുപത്രിയുടെ പേര് പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടില്ല.)