കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ പക്കൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കു മരുന്ന് എക്സൈസ് പിടികൂടി. പെരുമ്പാവൂരിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിയായ അംജദുൽ ഇസ്ലാം ഭാര്യ ഷഹീദാ കാത്തൂൻ എന്നിവരെയാണ് എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖലാ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പെരുമ്പാവൂർ കണ്ണന്തറ പടിഞ്ഞാറേക്കരയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനാണ് എക്സൈസ് പിടികൂടിയത്. നാല് പ്ലാസ്റ്റിക് ബോക്സുകളിലായി ഇതരസംസ്ഥാനക്കാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു മയക്കുമരുന്ന്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെടുത്തത്.

എക്സൈസ് കമ്മീഷറുടെ മധ്യമേഖല സ്‌കോഡ് അംഗങ്ങളായ ഇൻസ്പെക്ടർ എ ബി പ്രസാദ്, പ്രദീപ്, പ്രിവന്റിവ് ഓഫീസർമാരായ റോബി, മുജീബ് റഹ്‌മാൻ, കൃഷ്ണപ്രസാദ്, അനൂപ്, ഇന്റലിജൻസ് അംഗമായ രഞ്ജു, ഡ്രൈവർ സിജൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. മൊബൈൽ നമ്പറും പിടിച്ചെടുത്ത ആധാർ രേഖകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികൾ ചെയ്യുന്ന കുറ്റ കൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം സ്വന്തമാക്കാൻ ആണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.