തിരുവനന്തപുരം: സംസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന് വാർത്തകൾ. തിരുവനന്തപരം തൈക്കാടുള്ള ആശുപത്രിയിലാണ് നവജാത ശിശുവിനെ വിറ്റതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കുഞ്ഞിന വാങ്ങിയ ആളിൽ നിന്നും കുട്ടിയെ പൊലീസ് വീണ്ടെടുത്തു. 7ാം തിയതിയാണ് യുവതി തൈക്കാടുള്ള ആശുപത്രിയിൽ കുട്ടിക്ക് ജന്മം നൽകിയത്. പത്താം തീയതിയിലാണ് നവജാതശിശുവിന്റെ വിൽപ്പന നടന്നതെന്നാണ് ഏഷ്യാനെറ്റ്് ന്യൂസ് റിപ്പോർട്ടു ചെയ്തത്.

കരമന സ്വദേശിയായ യുവതിക്കാണ് വിൽപ്പന നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കുഞ്ഞിനെ വാങ്ങിയവരിൽ നിന്ന് പ്രസവിച്ച യുവതി മൂന്ന് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. സ്‌പെഷ്യൽ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ വിറ്റവിവരം സ്ഥിരീകരിക്കുന്നത്.

ഉടൻ തന്നെ പൊലീസ് കുഞ്ഞിനെ വാങ്ങിയ ആളിൽ നിന്നും കുട്ടിയെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സംരക്ഷണസമിതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം കുഞ്ഞിനെ വാങ്ങിയ ആളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം വാങ്ങിയുള്ള ഇടപാടിനെ കുറിച്ചുള്ള കൂടുതൽ വിശദാംസങ്ങൾ പൊലീസ് തേടുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടില്ല.

ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നാണ് തൈക്കാട് ആശുപത്രി. അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അടുത്തിടെ കളമശ്ശേരിയിലെ ദത്തെടുക്കൽ നടപടിയും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് കൈമാറുകയാണ് ഉണ്ടായത്. കുഞ്ഞിനെ താൽകാലിക സംരക്ഷണത്തിനായാണ് ദത്തെടുത്ത ദമ്പതികൾക്ക് കൈമാറിയത്. ഹൈക്കോടതിയുടെ നിർദശപ്രകാരമാണ് സി.ഡബ്ല്യൂ.സിയുടെ നടപടി.

കുഞ്ഞിനെ കൈമാറുന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സി.ഡബ്ല്യൂ.സിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറുന്നതിൽ അനുകൂല നിലപാടാണ് സി.ഡബ്ല്യൂ.സി സ്വീകരിച്ചത്. കുഞ്ഞിന്റെ താൽകാലിക സംരക്ഷണം ആറു മാസത്തേക്ക് ദമ്പതികൾക്ക് നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. 20 വർഷമായി കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ദത്ത് എടുത്തതെന്ന് ദമ്പതിമാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. അതേസമയം, കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാല്ലെന്ന് യഥാർഥ മാതാപിതാക്കൾ അറിയിച്ചിരുന്നു.