കാസർകോട്: അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസിൽ നിന്ന് രക്ഷപ്പെടാൻ കാറോടിച്ച് കയറ്റിയത് തോട്ടിലേക്ക്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നും രണ്ട് ഭവന ഭേദന കേസുകളടക്കം നിരവധി കേസുകളിൽ പ്രതിയായ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ എച് ഹാഷിമിനാണ് ഈ അബദ്ധം പറ്റിയത്. കർണാടക -കാസർഗോഡ് പൊലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ റോഡ് ആണെന്ന് കരുതി കാർ ഓടിച്ചു കയറ്റിയത് കോർകൊട് തോട്ടിലേക്കായിരുന്നു. ഞൊടിയിടയിൽ കാറിന്റെ ചില്ല് തകർത്ത് പ്രതി രക്ഷപ്പെടുകയും ചെയ്തു.

അതിനിടെ, പ്രതിയെ പിടികൂടാൻ ശ്രമിച്ച കാസർഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാറിന് ഇഴ ജന്തുവിൽ നിന്നും കടിയേറ്റത്തോടെ കൂടുതൽ പരിഭ്രാന്തിയായി. കടിച്ചത് പാമ്പ് ആയിരിക്കുമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഇത് കാര്യമാക്കാതെ പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് നാടകീയമായി പ്രതിയെ പൊലീസ് പിന്തുടർന്നത്.

ഉഡുപ്പിയിൽ രണ്ട് വീടുകളിൽ നിന്നായി 11 പവൻ സ്വർണവും ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ച ശേഷം രക്ഷപ്പെട്ട ഹാഷിം കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടവർ ലൊക്കേഷൻ പരിധിയിൽ ഉണ്ടെന്ന് മനസിലാക്കി. ഇതോടെ, കർണാടക പൊലീസ്, കാസർകോട് ഇൻസ്‌പെക്ടർ അജിത് കുമാറിനെ വിളിച്ച് സഹായം തേടുകയായിരുന്നു.

പൊലീസ് പറയുന്നത്: 'ബേക്കൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കെഎൽ 14 എഫ് 8790 നമ്പർ ആൾടോ കാറിൽ ഹാശിം കാസർകോട് ഭാഗത്തേക്ക് വരുന്നതായി കാസർകോട് ടൗൺ പൊലീസിനെ വിവരമറിയിച്ചു. പ്രതിയെ പിടികൂടുന്നതിനായി കാസർകോട് പഴയ പ്രസ് ക്ലബ് ജംഗ്‌നിൽ വൻ സന്നാഹത്തോടെ പൊലീസ് കാത്തു നിൽക്കുന്നതിനിടെ വിവരം മണത്തറിഞ്ഞ ഹാശിം, കാർ പുലിക്കുന്ന് റോഡ് വഴി തളങ്കര ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

പൊലീസ് പിന്നാലെ കൂടിയതോടെ ഹാഷിം കോർകോട് ഭാഗത്തേക്ക് കാർ അമിതവേഗതയിൽ ഓടിച്ചുപോയി. ഇതിനിടയിൽ റോഡ് ആണെന്ന് കരുതി തോട്ടിലേക്ക് കാർ ഓടിച്ചു കയറ്റി. തോട്ടിൽ കുടുങ്ങിയ കാറിൽ നിന്ന് മലബാർ ടിപ്പ് ഓർഗാനിക് സ്‌പൈസസ് ആൻഡ് ഹെർബൽ എന്ന സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡും മറ്റും ലഭിച്ചിട്ടുണ്ട്. ഉപേക്ഷിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് ഹാഷിമിനെ പിടികൂടുന്നതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല