തിരുവനന്തപുരം: കരുവന്നൂരിൽ അവസാനിക്കുന്നില്ല ഇഡിയുടെ അന്വേഷണം. തലസ്ഥാനത്തെ കണ്ടല സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിലും ഇഡി റെയ്ഡ്. ബാങ്കിന്റെ കണ്ടല മെയിൻ ബ്രഞ്ചിലും, മുൻപ്രസിഡന്റ് എം ഭാസുരാംഗന്റെ മകന്റെ വീട്ടിലുമുൾപ്പെടെ ഇഡി നടത്തുന്ന പരിശോധന മണിക്കൂറുകൾ കഴിഞ്ഞും തുടരുകയാണ്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും കാട്ടാക്കട അഞ്ചുതെങ്ങിന്മൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെയും പേരൂർക്കടയിലെ മുൻ സെക്രട്ടറി മോഹന ചന്ദ്രന്റെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലും അടക്കം ആറിടങ്ങളിലാണ് പരിശോധന. കണ്ടല ബാങ്കിൽ സഹകരണ രജിസ്ട്രാർ കണ്ടെത്തിയ 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് ആണ് ഇഡി അന്വേഷിക്കുന്നത്.

ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം എത്തിയത്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിക്കുകയാണ്. ബാങ്ക് ജീവനക്കാരെയല്ലാതെ മറ്റാരെയും അകത്തേക്ക് കേന്ദ്ര സേന കടത്തിവിടുന്നില്ല. ബാങ്ക് മുൻ സെക്രട്ടറിമാരായ രാജേന്ദ്രൻ നായർ, മോഹൻ കുമാർ, ശാന്തകുമാരി, കളക്ഷൻ ഏജന്റ് അനിൽ കുമാർ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നു. റെയ്ഡ് വിവരം അറിഞ്ഞ് നിരവധി നിക്ഷേപകർ ബാങ്കിന് മുന്നിലെത്തി.

സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. 30 വർഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന നേതാവാണ് ഭാസുരാംഗൻ. അടുത്തിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.

അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് ഇഡി പരിശോധിക്കുന്നത്. പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്. തട്ടിപ്പ് നടത്തിയ തുക ഭാസുരാംഗനിൽ നിന്നും കുടുംബാഗംങ്ങളിൽ നിന്നും മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ച് പിടിക്കണമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്.

കണ്ടല ബാങ്കിനെ സംബന്ധിച്ച സഹ വകുപ്പ് റിപ്പോർട്ട്

കേരളത്തെ പിടിച്ചുകുലുക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് പോലെ ആഴമുള്ളതാണ് കണ്ടല ബാങ്കിലെ കോടികളുടെ ക്രമക്കേട്. നിരവധി പേർക്ക് ബാങ്കിൽ അനധികൃമായി നിയമനം നൽകി. ചട്ടംലംഘിച്ച സ്ഥാനക്കയറ്റം നൽകി. നിക്ഷേപത്തിൽ നിന്ന് കോടികൾ വകമാറ്റി ദൈനം ദിന ചെലവും ജീവനക്കാർക്ക് ശമ്പളവും നൽകി. വായ്പ സംഘങ്ങളുടെ ക്ലാസ് 5 ൽ പ്രവർത്തിക്കാൻ മാത്രം യോഗ്യതയുള്ള ബാങ്കാണ് കണ്ടല സർവീസ് സഹകരണ ബാങ്ക്. എന്നാൽ റീക്ലാസിഫിക്കേഷൻ ചെയ്യാതെ വർഷങ്ങൾക്ക് മുമ്പ് കിട്ടിയ ക്ലാസ് 1 ൽ തന്നെ പ്രവർത്തിച്ച് ജീവനക്കാരുടെ ശമ്പളത്തിലടക്കം കോടികളുടെ നഷ്ടമുണ്ടാക്കി. എൻ ഭാസുരാംഗൻ തന്നെ പ്രസിഡണ്ടായ മാറനെല്ലൂർ ക്ഷീര വ്യവസായ സംഘത്തിന് ക്രമരഹിതമായി വൻ തുക വായ്പ അനുവദിച്ചും കോടികൾ കുടിശ്ശികയാക്കി.

വഴിവിട്ട് വ്യാപകമായി വായ്പകൾ നൽകി. നിക്ഷേപത്തിൽ നിന്ന് കോടികൾ ചിട്ടിയിലേക്ക് മറിച്ച് നിക്ഷേപചോർച്ചയുണ്ടാക്കി. അനുവാദമില്ലാതെ ആഡംബര കാർ വാങ്ങി പിന്നെ വിറ്റു. പിന്നീട് 23 ലക്ഷം രൂപ വിലയുള്ള പുതിയ വാഹനം വീണ്ടും വകുപ്പിന്റെ അനുവാദമില്ലാതെ വാങ്ങി. ഓഡിറ്റ് പൂർത്തീകരിക്കാൻ സ്റ്റേറ്റ്‌മെന്റുകൾ കൊടുക്കാൻ ഭരണസമിതി തയ്യാറായില്ല.. 101 കോടി രൂപയുടെ ആസ്തിയിൽ കുറവുണ്ടായ ബാങ്കിലേക്ക് നിക്ഷേപം പിൻവലിക്കാൻ വരുന്നവരെ കഴിഞ്ഞ കുറേ നാളുകളായി മടക്കി അയക്കുകയാണ്. ഇത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും ബോധപൂർവവുമായ വീഴ്ചയുമാണ്.

ഒരു ലക്ഷം ഒന്നിച്ച് പിൻലിക്കാൻ പോയാൽ പോലും പല ബ്രാഞ്ചുകളിൽ നിന്നും പിന്നെ വരാൻ പറയാൻ തുടങ്ങി ഇപ്പോൾ തന്നെ. ഇത്ര വലിയ ക്രമക്കേട് നടന്നതിന്റെ അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടും സിപിഐ നേതാവ് പ്രസിഡണ്ടായ ഭരണസമിതിക്കെതിരെ ഒന്നും ചെയ്യാതെ കോടികളുടെ നഷ്ടം കൂടിക്കൂടി വരുന്നതും നോക്കി സഹകരണ വകുപ്പ് കൈയും കെട്ടി ഇരിക്കുകയാണ്.

സഹകരണ വകുപ്പ് അന്വേഷണത്തിൽ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താൽക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി പ്രസിഡന്റായി തുടരുന്ന ഭാസുരാംഗന്റെ മൂന്ന് അടുത്ത ബന്ധുക്കളെയും ജീവനക്കാരാക്കി. 15 വർഷത്തിനിടെ 22 കോടി രൂപ ജീവനക്കാർക്ക് അനർഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാൻ വിനിയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്. കണ്ടല സഹകരണ ആശുപത്രിയിൽ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താൽക്കാലികക്കാർ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയിൽ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോർട്ട് പറയുന്നു.

ഇതിനിടയിൽ പ്രസിഡണ്ട് ഭാസുരാംഗന്റെ ജ്യേഷഠന്റെ മകൻ അഖിലേഷും അഖിലേഷിന്റെ ജ്യേഷഠന്റെ ഭാര്യയും ഭാസുരാംഗന്റെ അളിയന്റെ ഭാര്യയും നിയമനം നേടി. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കൾക്കും ബാങ്കിൽ ജോലിയുണ്ട്. എന്നാൽ നിയമനത്തിനായി രജിസ്ട്രാർക്ക് അപേക്ഷിച്ചാൽ അനുമതി കിട്ടാത്തതുകൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗൻ മുന്നോട്ട് വെക്കുന്നത്.

വർഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്തുകൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ ബാങ്ക് ക്ലാസ് അഞ്ചിൽ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാർക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവർക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പളയിനത്തിൽ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

വേലി തന്നെ വിളവു തിന്നു

നൂറ് കോടിയുടെ ക്രമക്കേട് നടന്ന തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പും നടന്നു. ഇതുവരെ കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുക്കാത്തവർക്കും ലക്ഷങ്ങളുടെ കുടിശ്ശിക അടക്കണമെന്ന നോട്ടീസ് കിട്ടി. കണ്ടല ബാങ്കിലേക്ക് ഇന്നേവരെ പോയിട്ട് പോലുമില്ലെന്ന് 7 ലക്ഷം രൂപ വീതമുള്ള നോട്ടീസ് കിട്ടിയവർ പറയുന്നു. അതേസമയം ബാങ്കിലെ വായ്പകളിൽ 37 കോടി രൂപയുടേത് അനധികൃതമോ കൃത്രിമമോ ആണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുമുണ്ട്.

മാറനെല്ലൂർ പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയുള്ള കണ്ടല ബാങ്കിന് മലയൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് എന്ന സ്ഥലം വായ്പ കൊടുക്കാൻ കഴിയാത്ത പ്രദേശമാണ്. എന്നാൽ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയും നോട്ടീസ് ലഭിച്ചവരുണ്ട്. പത്തുമുതൽ 20 പേർ വരെയുള്ള സ്വാശ്രയ സംഘങ്ങൾക്ക് നൽകുന്ന വായ്പയുടെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് സംശയം. ജീവിത്തിൽ ഇന്നേവരെ ലോൺ എടുക്കാത്ത ആളുമുണ്ട് ഈ കുട്ടത്തിൽ. നൂറുകണക്കിന് പേർക്കാണ് തോന്നുംപോലെ കണ്ടല ബാങ്കിൽ നിന്ന് വായ്പ നൽകിയത്. കണ്ടല ബാങ്കിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രകാരം ഇങ്ങനെ പറയുന്നു. ബാങ്ക് ആകെ 102 കോടി രൂപയുടെ വായ്പ നൽകി. ഇതിൽ 37 കോടി രൂപ തികച്ചും അനധികൃതവും നിയമവിരുദ്ധവും ആണ്. അനധികൃത വായ്പകൾ ബാങ്ക് നിയമാവലിക്ക് വിരുദ്ധമായും സഹകരണ ചട്ടവും നിയമവും സഹകരണ രജിസ്ട്രാറുടെ സർക്കുലറുകളും ലംഘിച്ചാണെന്നും കാണുന്നു. അനധികൃതമായി നൽകിയ വായ്പകളിൽ പലതും തിരിച്ചുപിടിക്കുക സാധ്യമല്ലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്.

നൂറ് കോടിയുടെ ക്രമക്കേട് നടന്ന് കടുത്ത പ്രതിന്ധിയിലായ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് എൻ ഭാസുരാംഗൻ ഭാര്യയും മകനും അടക്കമുള്ള സ്വന്തക്കാർക്ക് മാനദണ്ഡം കാറ്റിൽപ്പറത്തി തോന്നിയ പോലെ വായ്പ നൽകിയതായി പുറത്തുവന്നു. ഭാസുരാംഗന്റെ കുടുംബം ബാങ്കിന് വരുത്തിയ കുടിശ്ശിക വരുത്തിയത് 90 ലക്ഷം രൂപയാണ്. ഭാസുരാംഗൻ പാർട്ടിക്കാർക്കും കുടുംബങ്ങൾക്കും വാരിക്കോരി നൽകിയ വായ്പകളും കിട്ടാക്കടമാണ്.

കാൽനൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡണ്ടായി തുടരുകയാണ് എൻ ഭാസുരാംഗൻ. ഇദ്ദേഹം ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഒരു മാനദണ്ഡവുമില്ലാതെ വായ്പ നൽകിയതും ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഈ കൊടുത്തതിൽ മിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. ബാങ്ക് പ്രസിഡണ്ട് എൻ ഭാസുരാംഗന്റെ മകൻ അഖിൽ ജിത്ത് പേരിൽ ഇക്കഴിഞ്ഞ ഡിസംബർ 31 വരെ ബാങ്കിന് കൊടുക്കാനുള്ളത് 59,43,500 രൂപ. വായ്പയിലും ചിട്ടിയിലുമാണ് കുടിശ്ശിക. അഖിൽ ജിത്തിന്റെ ഭാര്യ മാളവിക അനിൽകുമാർ 9,60,000 രൂപയും എൻ ഭാസുരാംഗന്റെ ഭാര്യ ജയകുമാരി 18.5 ലക്ഷം രൂപയാണ് ബാങ്കിന് അടയ്ക്കാനുള്ളത്. ഇത് രണ്ടും ചിട്ടിക്കുടിശ്ശികയാണ്.

ബാങ്കിന് അരക്കോടിയിലേറെ കുടിശ്ശിക നൽകാനുള്ള ഭാസുരാംഗന്റെ മകൻ അഖിൽ ജിത്ത് തിരുവനന്തപുരം നഗരത്തിൽ അടുത്തിടെ പുതിയൊരു കൂറ്റൻ റെസ്റ്റോറന്റ് തുടങ്ങി. ആഡംബര വാഹനമുള്ള മകന് സൂപ്പർമാർക്കറ്റും മറ്റൊരു ഹോട്ടലും സ്വന്തമായുണ്ട്. പ്രസിഡണ്ടിന്റെ മകൻ എടുത്ത പണം ബാങ്കിലേക്ക് തിരിച്ചടക്കുന്നില്ലെന്നാണ് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. കുടുംബത്തിന് മാത്രമല്ല, ഭാസുരാംഗന്റെ പാർട്ടിയായ സിപിഐക്കാർക്കും ബന്ധുക്കൾക്കും അടുപ്പക്കാർക്കുമെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നൽകിയതും വൻ വായ്പകളെന്നാണ് അന്വേഷണ റിപ്പോർട്ട്. സിപിഐ മുൻ പ്രാദേശിക നേതാവും

മാറനെല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ ഗോപകുമാറിന്റെ കുടിശ്ശിക 2.22 കോടി രൂപ. മുപ്പത് ചിട്ടികളിൽ മാത്രം 43 ലക്ഷം രൂപയാണ് ഗോപകുമാർ കണ്ടല ബാങ്കിലടക്കാനുള്ളത്. റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഗോപകുമാറിന്റെ ഭാര്യ കുമാരി ചിത്ര ബാങ്കിൽ അടയ്ക്കാനുള്ളത് 68,74,000 രൂപ. ഭാസുരാംഗന്റെ സന്തത സഹചാരിയും ഭാസുരാംഗൻ പ്രസിഡന്റായ ക്ഷീരയുടെ എംഡിയുമായ സോജിൻ ജെ ചന്ദൻ ബാങ്കിന് കുടിശ്ശികയാക്കിയത് 85 ലക്ഷം രൂപയാണ്. ഭാസുരാംഗൻ മിൽമയുടെ അഡ്‌മിനിസ്‌ട്രേറ്റർ ആയ ശേഷം മിൽമയിലും സോജിന് ജോലി കൊടുത്തു.

പക്ഷേ ഒരു രൂപ ഭാസുരാംഗൻ സോജിനെ കൊണ്ട് തിരിച്ചടപ്പിച്ചില്ല. ഒരുവശത്ത് വാരിക്കോരി ഇഷ്ടക്കാർക്കെല്ലാം വായ്പ നൽകുക. തിരിച്ചുപിടിക്കാൻ ഒരു നടപടിയും എടുക്കാതിരിക്കുക.

ഭാസുരാംഗന്റെ ന്യായവാദം

കണ്ടല സർവീസ് സഹകരണ ബാങ്കിനെതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. എം.ഡി.എസ് ചിട്ടി നടത്തിപ്പിലൂടെ ബാങ്കിന് ലഭിക്കുന്ന കമ്മീഷനാണ് ജീവനക്കാരുടെ ശമ്പളത്തിനും മറ്റു ചെലവുകൾക്കുമായി വിനിയോഗിക്കുന്നത്. എല്ലാവർഷവും ബാങ്കിന്റെ പൊതുയോഗത്തിൽ പ്രവർത്തനങ്ങളും കണക്കുകളും കൃത്യമായും വിലയിരുത്തുന്നുണ്ട്. 2022 മാർച്ച് 31ലെ കണക്കുപ്രകാരം ബാങ്കിന്റെ പ്രവർത്തനമൂലധനം 270.84 കോടി രൂപയാണ്.

ബാങ്കിന് താത്കാലിക പ്രതിസന്ധി സൃഷ്ടിച്ചത് കേരള ബാങ്കാണ്. വർഷങ്ങളായി കണ്ടല ബാങ്കിന്റെ പ്രസിഡന്റായിരുന്ന തന്നെ മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് കൺവീനറായി സർക്കാർ നോമിനേറ്റ് ചെയ്തശേഷമാണ് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്.

അനുമതിയില്ലാതെ നിയമനം നടത്തിയെന്നതും അടിസ്ഥാനരഹിതമാണ്. 12വർഷം മുമ്പ് ബാങ്ക് ആരംഭിച്ച സഹകരണ ആശുപത്രി ഇപ്പോൾ നാട്ടുകാരുടെ ആശ്രയകേന്ദ്രമാണ്. 40 കിടക്കകളുള്ള ആശുപത്രിയിൽ 150ഓളം പേരെ കിടത്തേണ്ട പ്രത്യേക സാഹചമുണ്ടായപ്പോഴാണ് താത്കാലിക നിർമ്മാണം നടത്തേണ്ടിവന്നത്. ഇതിനെയാണ് അനുമതിയില്ലാതെ നിർമ്മാണം നടത്തിയെന്ന പേരിൽ അന്വേഷണ റിപ്പോർട്ടിലുള്ളതെന്നും ഭാസുരാംഗൻ വിശദീകരിച്ചു. ഇല്ലാക്കഥകൾ കെട്ടിച്ചമച്ച് ബാങ്കിനെയും കണ്ടല സഹകരണ ആശുപത്രിയെയും നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയുന്നു.