കണ്ണൂർ: കണ്ണൂർ ലഹരിമാഫിയയുടെ പിടിയിലാണെന്ന ആരോപണംഅന്വർത്ഥമാക്കി കൊണ്ടു വീണ്ടും ലഹരിവേട്ട. കണ്ണൂർ കോർപറേഷന് തൊട്ടടുത്തവളപട്ടണം പുതിയ തെരുവിലാണ് വൻകഞ്ചാവു ശേഖരവുമായി യുവാവ് പിടിയിലായത്. വളപട്ടണം ദേശീയപാതയിലെ കളരിവാതുക്കലാണ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പത്തുകിലോ നൂറ് ഗ്രാം കഞ്ചാവ് കണ്ണൂർഎക്സൈസ് റെയിഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

മയ്യിൽ പൊലിസ്സ്റ്റേഷൻ പരിധിയിലെ മാണിയൂർ പള്ളിയത്ത് സ്വദേശി ഹിബ മൻസിലിൽ മൻസൂറി(30)ൽ നിന്നാണ് വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി. എസ് കേസെടുത്തു കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനു ശേഷം തുടർ നടപടികൾക്കായി വടകര നാർക്കോട്ടിക്ക് കോടതിയിലേക്ക് മാറ്റി. ഉത്തരേന്ത്യൻസംസ്ഥാനമായ ഒഡീഷയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന മൊത്തവിതരണ സംഘത്തിലെ പ്രധാനകണ്ണിയാണ് മൻസൂറെന്ന് എക്സൈസ് പറഞ്ഞു.

യുവതി, യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ചു നൽകുന്ന വിൽപനക്കാർക്ക് കഞ്ചാവ് മൊത്തവിലയ്ക്ക് എത്തിച്ചുകൊടുക്കുന്ന ഹോൾസെയിൽ ഡീലർ ഈയാളാണെന്ന വിവരം നേരത്തെ എക്സൈസിന് ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരുമാസക്കാലമായി ഈയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ചെക്ക് പോസ്റ്റു വഴി കഞ്ചാവ് കടത്തിയതിന് നേരത്തെയും മൻസൂറിനെ പിടികൂടിയിരുന്നു. ഈ കേസ് വടകര കോടതിയിൽ നടന്നുകൊണ്ടിരിക്കവെയാണ് മൻസൂർ വീണ്ടും കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്നും എക്സൈസ് അറിയിച്ചു. മൻസൂർ വീണ്ടും കഞ്ചാവ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് ഈയാളെ നിരീക്ഷിച്ചുവന്നത്.

എക്സൈസ് സംഘത്തിൽ പ്രവിന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ,എൻ. രജിത്ത് കുമാർ , എം.സജിത്ത്, കെ.പി. റോഷി,ടി. അനീഷ്, പി. നിഖിൽ ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗംപി. രജിരാഗ്, ഇ.സി.സി അംഗം ടി.സനലേഷ് എന്നിവരുമുണ്ടായിരുന്നു. ഓണക്കാലത്ത് വന്മയക്കുമരുന്ന് വേട്ടയാണ് എക്സൈസ് നടത്തിയത്. പത്തിലേറെ കേസുകളാണ് ഇതുവരെ പിടിയിലായത്. ഇതിൽ സിന്തറ്റിക്ക് മയക്കുമരുന്നായ എം. ഡി. എം. എ കടത്തിയ കേസുമുണ്ട്.

എക്സൈസിന്റെ സംയോജിതമായ ഇടപെടലിനെ തുടർന്ന് കണ്ണൂർ കേന്ദ്രീകരിച്ചു ബ്രൗൺ ഷുഗറും മറ്റ് വിതരണം ചെയ്യുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫർഹാൻ, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗൺഷുഗർ സഹിതം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തുകേസെടുത്തിരുന്നു. ഈപ്രതികൾ കണ്ണൂർ ജയിലിൽ റിമാൻഡിലാണ്.