കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ പി.ആർ.അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിലെ വിധി നിർണ്ണായകമാകും. കൂടുതൽ തെളിവുകൾ ഇഡ് നൽകിയ സാഹചര്യത്തിലാണ് ഇത്. ഈ തെളിവുകൾ വിശകലനം ചെയ്താകും കോടതി വിധി. മുദ്രവച്ച കവറിൽ നൽകിയ തെളിവുകളെ കുറിച്ച് പൊതു സമൂഹത്തിന് അറിവില്ല. അതുകൊണ്ട് തന്നെ കരുവന്നൂർ കേസിൽ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും.

സിപിഎം നേതാവിനെതിരെ തെളിവുണ്ടോ ഇല്ലയോ എന്നതാകും ജാമ്യ ഹർജിയിലെ വിധിയിൽ കൂടുതൽ പ്രസക്തമാകുക. അരവിന്ദാക്ഷൻ 'കള്ളപ്പണം വെളുപ്പിക്കൽ യന്ത്രത്തെ' പോലെയാണു പ്രവർത്തിച്ചതെന്ന് ഇഡി കുറ്റപ്പെടുത്തുന്നുണ്ട്. കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാവ്, ജനപ്രതിനിധി, സഹകാരി തുടങ്ങിയ സാധ്യതകൾ മുതലെടുത്താണു അരവിന്ദാക്ഷൻ തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ വഴി കള്ളപ്പണം നിക്ഷേപിക്കാൻ ഒത്താശ ചെയ്തു വൻതുക കമ്മിഷൻ വാങ്ങിയതെന്നാണ് ഇ.ഡിയുടെ ആരോപണം.

അരവിന്ദാക്ഷൻ, കൂട്ടുപ്രതി പി.സതീഷ്‌കുമാർ എന്നിവർ കള്ളപ്പണം വെളുപ്പിക്കാൻ ബാങ്കുകൾ വഴി നടത്തിയ തിരിമറികളുടെ വിവരങ്ങളാണ് ഇ.ഡി. മുദ്രവച്ച കവറിൽ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. ഈ തെളിവുകളുടെ ആധികാരികതയിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. പ്രതികളായ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരുടെ ജാമ്യ ഹർജി തീർപ്പാക്കും മുൻപ് അന്വേഷണത്തിൽ ഇ.ഡി. കണ്ടെത്തിയ അധിക തെളിവുകൾ പരിശോധിക്കാനായി കേസ് 27ലേക്കു മാറ്റുകയും ചെയ്തു. ഇന്നലെ വിധി പറയാനായിരുന്നു കോടതി തീരുമാനം.

അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത ഇ.ഡി, കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഫോൺ സംഭാഷണങ്ങളിലെ വിവരങ്ങളും കോടതിയിൽ അറിയിച്ചു. ഈ തെളിവുകൾ കൂടി പരിശോധിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക. അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ.

കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി. സതീഷ്‌കുമാർ, ഇടനിലക്കാരൻ പി.പി. കിരൺ, വടക്കാഞ്ചേരി നഗരസഭ അംഗമായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പി.ആർ. അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈമാസം 31നകം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഒരുങ്ങുന്നത്. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടെയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നുമാണ് ഇ.ഡി ആരോപണം.

അതേസമയം കേസിൽ ഇഡി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്ന് പരാതിപ്പെട്ട് പെരിങ്ങണ്ടൂർ ബാങ്ക് രംഗത്തെത്തി. ബാങ്കിനെ അപകീർത്തിപ്പെടുത്താൻ ഇഡി ശ്രമിച്ചുവെന്നും കേസ് രേഖകളുടെ പകർപ്പ് ബാങ്കിനും നൽകണമെന്നും പെരിങ്ങണ്ടൂർ ബാങ്ക് പറഞ്ഞു. എന്നാൽ കള്ള പരാതികൾ ഉന്നയിച്ച് പെരിങ്ങണ്ടൂർ ബാങ്ക് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നെന്ന് ഇഡി വാദിച്ചു. പെരിങ്ങണ്ടൂർ ബാങ്കിന്റെ പരാതി ഫയലിൽ സ്വീകരിക്കണമോ എന്നതിൽ ഉത്തരവ് പറയുന്നത് ഈ മാസം 28-ലേക്ക് മാറ്റിയിട്ടുണ്ട്.