കൊച്ചി: കരുവന്നൂർ അന്വേഷണത്തിൽ ഇഡി ശ്രമങ്ങൾ ദുർബ്ബലമാകുമോ? കരുവന്നൂർ ബാങ്കിലെ 344 കോടി രൂപയുടെ തട്ടിപ്പിൽ ജയിലിനുള്ളിൽ കേസിൽ നിർണ്ണായക മൊഴി നൽകിയ പ്രതി പി.പി. കിരണും 14-ാം പ്രതിയായ സതീശൻ വെളപ്പായയും തമ്മിൽ ഗൂഢാലോചന നടന്നതായി റിപ്പോർട്ട്. ഇഡിയാണ് ഗൂഢാലോചന നടന്നതായി ആരോപിക്കുന്നത്. എറണാകുളും ജില്ലാജയിലിൽ ഇരുവരും തമ്മിൽ ഗൂഢാലോചന നടന്നുവെന്നും ഇഡി ആരോപിക്കുന്നു. അതിനിടെ കിരണിനിടെ വീണ്ടും കേസെടുത്തു. ഈ കേസിൽ കിരണിനെ വീണ്ടും അറസ്റ്റു ചെയ്തു. അയ്യന്തോൾ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ഏഴരക്കോടി രൂപയുടെ വായ്പ എടുത്ത് അടച്ചില്ലെന്നാണ് ആരോപണം.

എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത കരുവന്നൂർ കള്ളപ്പണക്കേസിൽ ബാങ്ക് മുൻസെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുന്മാനേജർ ബിജു കരീം എന്നിവരെ കോടതി മാപ്പുസാക്ഷികളാക്കിയതോടെ ഇ.ഡി.ക്ക് കാര്യങ്ങൾ എളുപ്പമായി എന്നാണ് വിലയിരുത്തൽ. എന്നാൽ ഇ.ഡി.യുടെ ഈ നീക്കം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒരുകാലത്ത് പാർട്ടിയുടെ വിശ്വസ്തരും മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഇരുവരും. ബിജു കരീം മാനേജരും സുനിൽകുമാർ സെക്രട്ടറിയും ആയിരുന്ന കാലത്താണ് 343 കോടിയുടെ തട്ടിപ്പ് നടന്നത്. ഇത് സംബന്ധിച്ച എല്ലാ രേഖകളും തെളിവുകളും ഇരുവരുടെയും പക്കലുണ്ട്. ഈ സാധ്യത മുന്നിൽക്കണ്ടാണ് ഇ.ഡി. അവസരത്തിനൊത്ത് നീങ്ങിയത്. ഇതിനിടെയാണ് കിരണിന്റെ പുതിയ നീക്കം. മാപ്പുസാക്ഷികളെ സംശയ നിഴലിൽ നിർത്തനാണ് നീക്കം. എന്നാൽ കിരൺ മാപ്പുസാക്ഷിയാകാത്തതു കൊണ്ട് തന്നെ ഇത് നടക്കില്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

ഈ കേസിൽ വെളപ്പായ സതീശനെതിരെ ഏറ്റവും ശക്തമായ മൊഴി നൽകിയ വ്യക്തിയാണ് കിരൺ. 48.57 കോടിയുടെ തട്ടിപ്പ് നടത്തിയ കിരൺ അതിൽ നിന്ന് 14 കോടി സതീശന് നൽകിയെന്ന് മൊഴി നൽകിയിരുന്നു. ഈ രേഖ ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് കിരൺ മൊഴി മാറ്റി. തട്ടിപ്പിൽ വെളപ്പായ സതീശന് പങ്കില്ലെന്നും പങ്കുണ്ടെന്ന രീതിയിൽ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്നുമാണ് ഇപ്പോൾ കിരൺ മൊഴിമാറ്റിപ്പറയുന്നത്. മാത്രമല്ല, ഇക്കാര്യം ചൂണ്ടിക്കാട്ടി കിരൺ ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആറുപേജുള്ള കത്തെഴുതിയിരിക്കുകയാണ്. ഇതാണ് ഇഡിയുടെ സംശയങ്ങൾക്ക് കാരണം. മാപ്പുസാക്ഷികളിലൂടെ കേസ് തെളിയിക്കാനായിരുന്നു ഇഡി ശ്രമം. ഇതിലാണ് ട്വിസ്റ്റുണ്ടാകുന്നത്. കിരണിനെ മാപ്പു സാക്ഷിയാക്കുന്നതും ഇഡിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇനി അത് നടക്കില്ല.

തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് ഉറപ്പുനൽകിയാണ് തന്നെക്കൊണ്ട് വെളപ്പായ സതീശനെതിരെ മൊഴി നൽകാൻ ഇഡി പ്രേരിപ്പിച്ചതെന്നാണ് കിരണിന്റെ ആരോപണം. ഹൈക്കോടതിയിൽ വെളപ്പായ സതീശന് ജാമ്യം കിട്ടാനാണ് കിരൺ ഇത്തരമൊരു നീക്കം നടത്തിയതെന്നും ഇതിന് പിന്നിൽ ഇരുവരും എറണാകുളം ജില്ലാ ജയിലിൽ നടത്തിയ ഗൂഢാലോചനയാണെന്നും ഇഡി ആരോപിക്കുന്നു. ഒരുമിച്ച് നിർത്തിയാൽ പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തും എന്നതിനാൽ ഇഡിയുടെ പ്രത്യേക നിർദേശപ്രകാരം പി.ആർ. അരവിന്ദാക്ഷൻ, സി.കെ. ജിൽസ് എന്നിവരെ ഈ ജയിലിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ ഇവിടെ ഉള്ള സതീശനും പി.പി. കിരണും തമ്മിൽ ജയിലിൽ എങ്ങിനെയൊ കൂടിക്കാണുകയും ഗൂഢാലോചന നടത്തുകയുമായിരുന്നുവെന്നാണ് ഇഡിയുടെ നിഗമനം.ഇതിന് ജയിലധികൃതർ കൂട്ടുനിന്നെന്ന സംശയത്തിൽ ഇ.ഡി. അന്വേഷണം തുടങ്ങി.

കേസിൽ സതീശനെതിരേ ഏറ്റവും ശക്തമായ മൊഴിനൽകിയിരുന്നത് കിരണാണ്. 48.57 കോടിയുടെ തട്ടിപ്പ് നടത്തിയ കിരൺ ഇതിന്റെ പങ്കായ 14 കോടി വെളപ്പായ സതീശന് നൽകിയെന്നായിരുന്നു മൊഴി. ഈ രേഖ ഇ.ഡി. കോടതിയിൽ മുമ്പ് സമർപ്പിച്ചിരുന്നു. ജാമ്യത്തിനായി സതീശൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്, കിരണും മുപ്പത്തിനാലാം പ്രതിയായ മുൻ മാനേജർ ബിജു കരീമും ചേർന്ന് തന്നെ തട്ടിപ്പുകേസിൽ കുടുക്കിയെന്നാണ്. കിരൺ പറഞ്ഞതുപ്രകാരം ഒന്നരക്കോടി കരുവന്നൂർ ബാങ്കിലിട്ടു. തിരിച്ചുകിട്ടാതായപ്പോൾ പൊലീസിൽ പരാതിപ്പെട്ടെങ്കിലും കിരണിന്റെ സ്വാധീനം കാരണം കേസെടുത്തില്ല. പിന്നീട് കുറച്ച് തുക തിരികെക്കിട്ടി.

കിരണിൽനിന്ന് തട്ടിപ്പിന്റെ വിഹിതം പങ്കുപറ്റി എന്ന മൊഴി ശരിയല്ലെന്നും സതീശൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. ഇതേകാര്യമാണ് ഇപ്പോൾ കിരൺ ഇ.ഡി.ക്ക് അയച്ച കത്തിലും പറയുന്നത്.