കൊല്ലം: ഓയൂർ ഓട്ടുമലയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്.

കേരളം ഞെട്ടിയ തട്ടിക്കൊണ്ട് പോകലിൽ പല വഴിക്കാണ് അന്വേഷണം നടക്കുന്നത്. പിന്നിൽ കുഞ്ഞിന് അച്ഛൻ റെജിയോട് വൈരാഗ്യമുള്ള ആരെങ്കിലുമാണോ എന്നായിരുന്നു ഒരു ഘട്ടത്തിൽ പൊലീസ് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഇവിടെ നിന്നും കിട്ടിയ ഒരു ഫോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛൻ നഴ്‌സുമാരുടെ സംഘടനായ യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്.

കുട്ടിയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അച്ഛൻ റെജിയുടെ സംഘടനയുമായോ ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ഈ അന്വേഷണമാണ് നഴ്‌സിങ് കെയർ ടേക്കറിലേക്കും റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തി നിൽക്കുന്നത്.

റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്നു പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണു നഴ്‌സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്. പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും ഇദ്ദേഹത്തെ ഇന്നു ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

പിതാവുമായി വൈരാഗ്യമുള്ളവർ നടത്തിയ ക്വട്ടേഷനാണെന്നാണു സംശയം. നഴ്‌സുമാരുടെ റിക്രൂട്‌മെന്റും നഴ്‌സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് അന്വേഷിക്കുന്നത്.

ഇദ്ദേഹം ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. 3 പേരുടെ രേഖാചിത്രങ്ങൾ ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗൾഫിൽ നിന്നു തുക ട്രാൻസ്ഫർ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

റെജി താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. രേഖകൾ പരിശോധിച്ചുവരികയാണ്. ഇയാളുടെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും.

നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നേതൃത്വത്തിനെതിരേ ആരോപണമുയർന്നിരുന്നു. റെജിക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഇതാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നു. ഇതുസംബന്ധിച്ച് വ്യക്തതവരുത്താൻ റെജിയെ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണത്തിനായി വിളിപ്പിച്ചെങ്കിലും ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. ഇത് സംശയത്തിന് ഇടനൽകിയിട്ടുണ്ട്.

കുട്ടിയെ കണ്ടെത്തിയശേഷം തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം കണ്ടെത്തുന്നതിൽ െറജി താത്പര്യക്കുറവ് കാട്ടുന്നതായാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ രക്ഷിതാക്കളോട് ആർക്കെങ്കിലും ശത്രുതയുണ്ടോയെന്ന വിവരമാണ് കഴിഞ്ഞദിവസങ്ങളിൽ പൊലീസ് പ്രധാനമായും തേടിയത്. ഇതിനായി അവരുടെ സഹപ്രവർത്തകരെ പൊലീസ് കണ്ടു. വിവിധ സംഘങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തിവരികയാണ്. എന്നാൽ കുറ്റവാളികളിലേക്ക് എത്താൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണം കുട്ടിയുടെ പിതാവ് റെജിയിൽമാത്രം ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ കാണാതായദിവസം പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നടന്ന മൊഴിയെടുപ്പ് റെജിക്ക് കടുത്ത മാനസികസമ്മർദമുണ്ടാക്കി.

കുഞ്ഞിന്റെ സമീപത്തുനിന്ന് മാറ്റിനിർത്തി ചോദ്യംചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പൊലീസിനോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി സഹകരിക്കും. വിദേശരാജ്യങ്ങളിൽ നഴ്‌സുമാർക്ക് തൊഴിലവസരങ്ങൾ വരുമ്പോൾ ഏജൻസികളെക്കുറിച്ച് പരസ്പരം അന്വേഷിക്കാറുണ്ട്. അവസരങ്ങളെപ്പറ്റി അറിയിക്കാറുമുണ്ട്. അല്ലാതെ വിസ ഇടപാടുകൾ സംഘടന നടത്താറില്ലെന്നും നേതൃത്വം പറയുന്നു.

എന്നാൽ കേസിന്റെ അന്വേഷണം നഴ്‌സിങ് പരീക്ഷാതട്ടിപ്പ് സംഘത്തിലേക്ക് നീങ്ങുന്നുണ്ട്. വിദേശ നഴ്‌സിങ് ജോലിക്കായുള്ള പരീക്ഷാനടത്തിപ്പിലെ സാമ്പത്തിക ഇടപാടിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന.

ലോകമെമ്പാടും നടക്കുന്ന പരീക്ഷയാണ് ഒ.ഇ.ടി. പല രാജ്യത്തും പല സമയത്താണ് ഇത് നടക്കുന്നത്. ഗൾഫിൽ നടക്കുന്ന പരീക്ഷകഴിഞ്ഞ് മൂന്നുമണിക്കൂറിനുശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തിൽ പരീക്ഷ നടക്കുന്നത്. ഗൾഫിലെ പരീക്ഷയുടെ ചോദ്യപേപ്പർ സംഘടിപ്പിച്ച് കേരളത്തിൽ പരീക്ഷയെഴുതുന്നവർക്കു കൈമാറുന്ന സംഘങ്ങളുണ്ടെന്നാണ് പൊലീസ് നിഗമനം. ഉത്തരസൂചികയ്ക്കുവേണ്ടി മൂന്നും നാലും ലക്ഷം രൂപയാണ് ഉദ്യോഗാർഥികളിൽനിന്ന് തട്ടിപ്പുസംഘം ഈടാക്കുന്നത്.

ഇത്തരം രണ്ടു തട്ടിപ്പുസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്ത് സമീപകാലത്ത് മൂന്നോ നാലോ തട്ടിക്കൊണ്ടുപോകൽ നഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. അതിനിടെ വ്യാജ നമ്പർ പ്ലേറ്റുകളും വ്യാജ സ്റ്റിക്കറുകളുമായി വാഹനങ്ങൾ വാടകയ്ക്കു നൽകുന്നയാളെ പൊലീസ് പിടികൂടി.

പരവൂർ സ്വദേശി വിനോദിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളെപ്പറ്റി നിർണായക വിവരങ്ങൾ ഇയാളിൽനിന്നു കിട്ടുമെന്നാണ് പൊലീസും കരുതുന്നത്.

സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.