കോഴിക്കോട്; പെൺകുട്ടിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ നിർണ്ണായക നീക്കവുമായി പൊലീസ്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചനകൾ. പ്രതികൾ മലപ്പുറം സ്വദേശികളാണെന്ന് പീഡനത്തിന് ഇരയായ യുവതി നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു. മുന്നിയൂർ, തിരൂരങ്ങാടി സ്വദേശികളായ 50 വയസിനടുത്തുള്ളവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുവാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. പ്രതികളെ യുവതിയുമായി ബന്ധപ്പെടുത്തിയ വ്യക്തിയെയും പൊലീസ് തിരയുന്നുണ്ട്. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ സിനിമ - സീരിയൽ നടിയുടെ ഒത്താശയോടെയാണെന്ന സംശയം ഉണ്ട്. ഈ നടിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. എന്നാൽ അറസ്റ്റു ചെയ്തില്ല. സീരിയൽ നടിയാണ് പ്രതികളെ കുറിച്ചുള്ള സൂചന നൽകിയത്. പ്രതികൾ തന്നേയും വഞ്ചിക്കുകയാണെന്നാണ് സീരിയൽ നടിയുടെ മൊഴി. ഇത് പൊലീസ് പൂർണ്ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ലഹരിമരുന്ന് ചേർത്ത ജ്യൂസ് നൽകി രണ്ടുപേർ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ ശുപാർശ പ്രകാരമാണ് താൻ ഒഡിഷനിൽ പങ്കെടുക്കാൻ പോയതെന്നാണ് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നടിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് നാലിന് രണ്ടുപേർ ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്ന പരാതിയാണ് യുവതി ഉയർത്തിയത്. യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് സീരിയൽനടി കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് പരാതി. നടി അത്യാവശ്യം പ്രശസ്തി ഉള്ളവരാണ്. അതുകൊണ്ട് ഇതിനുള്ളിൽ ചതിയുണ്ടെന്ന് തനിക്കു തോന്നിയില്ലെന്നും യുവതി പറയുന്നു. ഫ്‌ളാറ്റിൽ എത്തിയപ്പോൾ അവിടെ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. സിനിമാ പ്രവർത്തകരെന്നു പറഞ്ഞാണ് ഫ്‌ളാറ്റിലുണ്ടായിരുന്നവർ യുവതിയെ പരിചയപ്പെട്ടതും.

അവിടെവച്ച് ബലം പ്രയോഗിച്ച് ലഹരി കലർത്തിയ ജ്യൂസ് നൽകുകയായിരുന്നു എന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്. തുടർന്ന് ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു എന്നും യുവതി പറയുന്നു. ഈ സമയം വരെ ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീട് കാണാതായെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നീട് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോകുകയും ചെയ്തു. കേസിന്റെ തുടരന്വേഷണം ടൗൺ എസി.പിപി. ബിജുരാജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.