തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ഇബിക്ക് വീണ്ടും തിരിച്ചടി. 150 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും ഉയർന്ന തുകയാണ് കമ്പനികൾ മുന്നോട്ട് വെച്ചത്. യൂണിറ്റിന് 7 രൂപ 60 പൈസ മുതൽ 9 രൂപ 36 പൈസ വരെയാണ് ലഘു കരാറിൽ കമ്പനികൾ മുന്നോട്ട് വെച്ചത്. നിരക്ക് കുറക്കണമെന്ന് കെഎസ്ഇബി കമ്പനികളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചർച്ച തുടരും. നടപടി ക്രമങ്ങളുടെ വീഴ്ച പറഞ്ഞ് റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് സർക്കാറും കെഎസ്ഇബിയും ഇപ്പോഴുള്ളത്.

പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിൽ അന്തിമ തീരുമാനം മന്ത്രിസഭ ഉടൻ എടുക്കുമെന്നാണ് വിവരം. സ്ഥിതിഗതികൾ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത തല യോഗം വിലയിരുത്തി. ആര്യാടൻ മുഹമ്മദിന്റെ കാലത്ത് 25 വർഷത്തേക്ക് ഒപ്പിട്ട കരാറായിരുന്നു ഈ മെയ് 10ന് റദ്ദാക്കിയത്. ഇതോടെ 465 മെഗാ വാട്ട് കുറഞ്ഞു. മഴയും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതിക്ക് ഇപ്പോൾ 9 രൂപ ശരാശരി നൽകിയാണ് പ്രതിദിനം പവർ എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നത്. കരാർ പുനഃസ്ഥാപിക്കണമെന്ന് കെഎസ്ഇബി നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഒടുവിൽ സർക്കാർ ഇടപെടുന്നത്.

ഇലക്ടിസിറ്റി ചട്ടത്തിലെ സെക്ഷൻ 108 പ്രകാരം റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാറിന് റഗുലേറ്ററി കമ്മീഷനോട് ആവശ്യപെടാൻ സാധിക്കും. ഈ വഴിയാണ് നോക്കുന്നത്. പക്ഷെ കുറഞ്ഞ നിരക്കിൽ തുടർന്നും കമ്പനികൾ വൈദ്യുതി നൽകുമോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞദിവസം ഹ്രസ്വകാല ടെണ്ടറിൽ പങ്കെടുത്ത അദാനി പവർ കമ്പനി യൂണിറ്റിന് 6 രൂപ 90 പൈസയും ഡിബി പവർ കമ്പനി 6 രൂപ 97 പൈസയുമാണ് മുന്നോട്ട് വെച്ചത്. റിവേഴ്സ് ബിഡ് ചർച്ചയിൽ കെഎസ്ഇബി ആവശ്യപ്പെട്ടത് അനുസരിച്ചാണ് രണ്ട് കമ്പനികളും 6.88 ആയി നിരക്ക് കുറച്ചത്. അദാനി 303 മെഗാവാട്ടും ഡിബി 100 മെഗാവാട്ടും നൽകാമെന്നാണ് അറിയിച്ചത്. കരാറിൽ ഇനി തീരുമാനമെടുക്കേണ്ടത് റഗുലേറ്ററി കമ്മീഷനാണ്.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഉപഭോഗം നിയന്ത്രിച്ച് ജനം സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പവർകട്ടോ ലോഡ്ഷെഡ്ഡിംഗോ തൽക്കാലം പരിഗണനയിലില്ലെന്നും. മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം അടക്കം വിലയിരുത്താൻ സെപ്റ്റംബർ നാലിന് വീണ്ടും അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചിരുന്നു.

സമയത്ത് മഴ കിട്ടാത്തനിനാൽ റിസർവോയറുകളുടെ അവസ്ഥ ആശാസ്യമല്ല. കുറഞ്ഞ ഉദ്പാദന നിരക്കും കൂടിയ ഉപഭോഗവുമായതോടെ അധിക വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. വൈദ്യുതി നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ ജനം സഹകരിക്കണമെന്ന് കെഎസ്ഇബി ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. ഉപഭോഗംകൂടിയ മണിക്കൂറുകളിൽ കർശന നിയന്ത്രണം വേണമെന്ന് മന്ത്രിയുടേയും അഭ്യർത്ഥന.

മഴ കുറഞ്ഞതിനെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട് വൈദ്യുതിയാണ് അധികം വാങ്ങുന്നത്. തിരിച്ച് കൊടുക്കൽ കരാർ അനുസരിച്ച് 500 മെഗാവാട്ടും 15 ദിവസത്തിന് ശേഷം തുക നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ടിന് ഹ്രസ്വകാല കരാറുണ്ടാക്കിയുമാണ് വൈദ്യുതി വാങ്ങുന്നത്.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബിയും ആവശ്യപ്പെട്ടിരുന്നു. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചിരുന്നു.