കണ്ണൂർ: മംഗളൂരുവിലെ ആശുപത്രിയിൽ അപ്പോയിന്മെന്റിന് വേണ്ടി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ച കണ്ണൂർ ഏച്ചൂർ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ഗൂഗിളിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചപ്പോൾ യുവതിയുടെ വാട്സ് ആപ്പിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് ഒരു ലിങ്ക് അയച്ചു കൊടുത്തു. അതോടൊപ്പം 10 രൂപ അടക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് യുവതി അതിൽ രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തി അയച്ചു കൊടുക്കുകയും അയച്ചു തന്ന ലിങ്കിൽ കയറി പണം അടക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്.

ആശുപത്രി, മറ്റ് സ്ഥാപനങ്ങളുടെ നമ്പറോ, കസ്റ്റമർ കെയർ നമ്പറോ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുക ആണെങ്കിൽ അതിന്റെ അധികാരികത ഉറപ്പ് വരുത്തുന്നത് ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അജ്ഞാത നമ്പറിൽ നിന്ന് ലിങ്കിൽ കയറി പണം അടക്കാൻ ആവശ്യപ്പടുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും .സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടണമെന്നും സൈബർ പൊലിസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ ഓൺലൈൻ ട്രേഡിങ് ചെയ്താൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയിൽ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആദ്യം യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ് വഴി തട്ടിപ്പുകാർ ഒരു ലിങ്ക് അയച്ച് നൽകി.യുവതി അതിൽ കയറിയപ്പോൾ ഗൂഗിൾ മാപ്പിലേക്ക് എത്തുകയും അവർ പറഞ്ഞതനുസരിച്ച് കുറച്ച് സ്ഥലങ്ങൾക്ക് റേറ്റിങ് കൊടുത്തപ്പോൾ അതിനു പ്രതിഫലമായി കുറച്ച് പണം യുവതിക്ക് ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് അവർ ഓൺലൈൻ ട്രേഡിങ് നടത്തിയാൽ കൂടുതൽ പണം സമ്പാദിക്കാമെന്നു പറഞ്ഞ് മോഹ നവാഗ്ദാനങ്ങൾ നൽകി വിശ്വസിപ്പിക്കുകയായിരുന്നു. ഇത് അനുസരിച്ച് യുവതി പലതവണകളായി 6,61,600 രൂപ തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകി. ട്രേഡിന് നടത്തുന്നതിന് വേണ്ടി ടെലഗ്രാം ആപ്പ് വഴി ഒരു ട്രേഡിങ് ആപ്പും പരിചയപ്പെടുത്തി. പിന്നീട് അവർ ട്രേഡിങ് സംബന്ധിച്ച് നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു.

തുടർന്ന് നിങ്ങളുടെ ടാസ്‌ക് കഴിഞ്ഞുവെന്നും പണം തിരികെ ലഭിക്കണമെങ്കിൽ ക്രെഡിറ്റ് സ്‌കോർ വർധിപ്പിക്കണമെന്നും അതിനായി നാല് ലക്ഷം രൂപ കൂടി അയച്ചു തരണമെന്ന് പറയുകയായിരുന്നു. അപ്പോഴാണ് യുവതിക്ക് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.
വാട്ട്സ്ആപ്പ് ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുതെന്നും സൈബർ പൊലിസ് അറിയിച്ചു. കണ്ണൂർ ജില്ലയിൽ ഓൺ ലൈൻ തട്ടിപ്പുവ്യാപകമായ സാഹചര്യത്തിൽ സൈബർ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എ.സി.പി ടി.കെ രത്നകുമാറിന്റെ മേൽനോട്ടത്തിലാണ് സൈബർ വിങ് പ്രവർത്തിക്കുന്നത്.