ഗൂഡല്ലൂർ: ഗൂഡല്ലൂർ ആറാട്ടുപാറയിൽ മൂന്ന് പേരെ കൊന്ന കേസിൽ വയനാട് കൃഷ്ണഗിരി സ്വദേശി ലെനിന് 42 വർഷം തടവ് ശിക്ഷ നൽകുന്നത് സ്ഥിരം കുറ്റവാളിയെന്ന വാദം കൂടി പരിഗണിച്ച്. വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ ഉറ്റ ബന്ധുക്കളെ കൊന്നുവെന്നതായിരുന്നു കേസ്. 2014 ജൂൺ 23 ശനിയാഴ്ച രാത്രിയാണ് പ്രതി ലെനിൻ നീലഗിരിയെ ഞെട്ടിച്ച ക്രൂരത കാട്ടിയത്. വയനാട്ടിലെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പീഡനം, ലഹരിക്കടത്ത് അടക്കമുള്ള കേസുകളുണ്ട്. ഗൂഡല്ലൂർ ഓവേലി ഭാരതി നഗറിലെ ജോഗി (60), ഭാര്യ ഗിരിജ (55), ജോഗിയുടെ അമ്മ ചിന്നമ്മാൾ (അമ്മിണി) എന്നിവരെയാണ് ലെനിൻ കമ്പിപ്പാരകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. കേരളത്തിൽ പഠിക്കുകയായിരുന്ന ഇവരുടെ മകളെ തനിക്കു വിവാഹം ചെയ്തു നൽകണമെന്നു ലെനിൻ ആവശ്യപ്പെട്ടിരുന്നു.

ഊട്ടി വനിതാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. വയനാട്ടിൽ ഒരു പീഡനക്കേസിൽ അറസ്റ്റിലായപ്പോൾ, സ്റ്റേഷനിലെ ചില്ലിൽ സ്വയം തലയടിച്ച് പൊട്ടിച്ച് പരാക്രമം കാണിച്ച ലെനിൻ, സ്ഥിരം കുറ്റവാളിയാണ്. ഇതെല്ലാം പരിഗണിച്ചാണ് ശിക്ഷ. ലെനിനും ആറാട്ടുപാറ സ്വദേശി ജോഷ്‌നയും സൗഹൃദത്തിലായിരുന്നു. അടുപ്പം പ്രണയമായി. പിന്നാലെ വിവാഹക്കാര്യം പറഞ്ഞ് പ്രതി ലെനിൻ ജോഷ്‌നയുടെ കുടുംബത്തെ സമീപിച്ചു. ലെനിൻ ലഹരി കേസുകളിലും മറ്റും ഉൾപ്പെട്ടയാളാണെന്ന് അറിയാവുന്നതിനാൽ കുടുംബം അഭ്യർത്ഥന നിരസിച്ചു. ജോഷ്‌നയ്ക് വേറെ കല്യാണം ഉറപ്പിച്ചു. പക മൂത്ത് ലെനിൽ ആയുധവുമായി ജോഷ്‌നയുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. ആയുധവുമായെത്തിയ ലെനിൻ ആദ്യം ആക്രമിച്ചതും ജോഷ്‌നയെ ആയിരുന്നു.

മകളെ കൊല്ലാനുള്ള ശ്രമം തടയാനെത്തിയ അച്ഛൻ, അമ്മ, മുത്തശ്ശി എന്നിവരെ ലെനിൽ ക്രൂരമായി മർദിച്ചു കൊന്നു. ജോഷ്‌ന പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് മൂന്ന് സ്വർണമാലയും എഴുപതിനായിരം രൂപയും പ്രതി മോഷ്ടിച്ചു. രക്ഷപ്പെട്ടുവെങ്കിലും പൊലീസ് പിടികൂടി. വിചാരണയ്ക്കിടെ ജാമ്യമത്തിൽ കഴിയുമ്പോൾ ഇയാൾ പീഡനക്കേസിലും ഉൾപ്പെട്ടു. ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്ത സമയത്ത് ലെനിൻ സ്റ്റേഷനിൽ പരാക്രമം നടത്തിയിരുന്നു. ചില്ലിൽ തലയടിച്ച് പൊട്ടിച്ചായിരുന്നു ബഹളം വച്ചത്.

ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ പൊലീസ് പിന്നീട് പിടികൂടി. ആദ്യം അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി ഒമ്പതുവർഷമായി മുങ്ങിനടക്കുകയായിരുന്നു. കേരളത്തിലും കർണാടകയിലും മറ്റു പല സ്ഥലങ്ങളിലും, പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. അങ്ങനെയാണ് പ്രതിയെ പിടികൂടിയത്.