ന്യൂഡൽഹി: ലോകമാകെ തരംഗമായി മാറിയ വെബ്‌സീരീസാണ് മണി ഹെയ്‌സ്റ്റ്. ഈ സ്പാനിഷ് സീരീസിന്റെ ഇംഗ്ലീഷ് പതിപ്പ് നെറ്റ്ഫ്‌ളിക്‌സിൽ വന്നതോടെയാണ് ഹിറ്റായത്. സീരീസിൽ കാണുന്നത് പോലെ ജീവിതത്തിലും നടപ്പാക്കാൻ ഇറങ്ങിയാൽ നല്ല പണി കിട്ടും.

ലുധിയാനയിലെ ഒരുധനകാര്യ സ്ഥാപനം കൊള്ളയടിച്ച ദമ്പതികൾക്ക് വിനയായത് ഫ്രൂട്ട് ജ്യൂസ് കുടിക്കാൻ തോന്നിയ മോഹമാണ്. അതുപൊലീസ് കെണിയായിരുന്നു എന്ന് ദമ്പതികൾ തിരിച്ചറിഞ്ഞില്ല. ബാങ്ക് കൊള്ളയുടെ സൂത്രധാരന്മായ മൻദീപ് കൗറും, ഭർത്താവ് ജസ്വീന്ദർ സിങ്ങുമാണ് പിടിയിലായത്.

ജൂൺ 10 നാണ് ഇരുവരും നേതൃത്വം നൽകിയ കൊള്ള സംഘം, ലുധിയാനയിലെ സിഎംഎസ് സർവീസസ് എന്ന ധനകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചുകയറി എട്ടുകോടി രൂപ കൊള്ളയടിച്ചത്. കൊള്ളയ്ക്ക് ശേഷം വിജയം ആഘോഷിക്കാനായി സിഖ് തീർത്ഥാടന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്ക് ഇരുവരും പോയതായി ലുധിയാന പൊലീസ് കമ്മീഷണർ മൻദീപ് സിങ് സിദ്ദു അറിയിച്ചു.

ഇരുവരും നേപ്പാളിലേക്ക് പോകാനാണ് പദ്ധതിയിട്ടതെങ്കിലും, പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ, പദ്ധതി പാളി. ഹേമകുണ്ഡ് സാഹിബിലുംം, കേദാർനാഥിലും, ഹരിദ്വാറിലും ഒക്കെ തീർത്ഥാടകരെ പോലെ കഴിഞ്ഞ ശേഷം അടുത്ത നീക്കത്തിലേക്ക് കടക്കാമെന്ന് ഇരുവരും തീരുമാനിച്ചു.

ഹേംകുണ്ഡ് സാഹിബിൽ ഇരുവരും ഉണ്ടെന്ന് പൊലീസിന് വിവരം കിട്ടിയെങ്കിലും, ഇത്രയും വലിയ തീർത്ഥാടക കൂട്ടത്തിൽ നിന്ന് പ്രതികളെ തിരിച്ചറിയുക വിഷമമായിരുന്നു. അതുകൊണ്ട് തന്നെ ഒരുകെണി ഒരുക്കാൻ പൊലീസ് തീരുമാനിച്ചു. തീർത്ഥാടകർക്കായി ഒരു സൗജന്യ ശീതള പാനീയ കിയോസ്‌ക് തീർത്ഥാടന കേന്ദ്രത്തിൽ തുടങ്ങി. തീർത്ഥാടകർക്ക് പഴച്ചാർ പാക്കറ്റുകൾ കൈമാറി. കെണി മനസ്സിലാക്കാതെ, ദമ്പതികളും ദാഹമകറ്റാൻ കിയോസ്‌കിൽ എത്തി. മുഖം മറച്ചിരുന്ന വസ്ത്രം മാറ്റിയതോടെ പൊലീസിന് ആളെ പിടികിട്ടിയെങ്കലും, അപ്പോൾ ഒന്നിനും മുതിർന്നില്ല. ദമ്പതികൾ പ്രാർത്ഥന പൂർത്തിയാക്കും വരെ കാത്തിരുന്നു.

പ്രാർത്ഥനയ്ക്ക് ശേഷം തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയതോടെ, പൊലീസ് പിനന്നാലെ കൂടി. അൽപനേരം ചേസ് ചെയ്തതിന് ശേഷം ഇരുവരും വലയിലായി. 21 ലക്ഷം രൂപ ദമ്പതികളുടെ കയ്യിൽ നിന്ന് വീണ്ടെടുത്തു. കൊള്ളയടിച്ച എട്ടുകോടിയിൽ ആറ് കോടി വീണ്ടെടുത്തിട്ടുണ്ട്. കേസിൽ ഇതിനകം 9 പ്രതികളെ അറസ്റ്റ് ചെയ്തു. ഇനി രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്.

പ്രൊഫഷണലും, ശാസ്ത്രീയവുമായ മാർഗ്ഗം ഉപയോഗിച്ചാണ് കോടികളുടെ കൊള്ളയടി കേസിലെ പ്രതികളെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു. 100 മണിക്കൂറിൽ താഴെ പ്രതികളെ പിടികൂടിയത് എല്ലാം സാമൂഹിക വിരുദ്ധർക്കും ഒരുപാഠമായിരിക്കട്ടെ എന്നും ലുധിയാന പൊലീസ് ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.