തിരുവല്ല: വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടി മുങ്ങിയ പ്രതി അറസ്റ്റിൽ. പണം വാങ്ങിയവരോട് താൻ ഡൽഹിയിലാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ പന്തളത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്.

വളഞ്ഞവട്ടം സ്വദേശി പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. കടപ്ര വളഞ്ഞവട്ടം ഊട്ടുപറമ്പിൽ വീട്ടിൽ സാബു വർഗീസ് (45) ആണ് പിടിയിലായത്. സൗദി അറേബ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി കടപ്ര സ്വദേശി അലക്സ് സി. സാമുവൽ നൽകിയ പരാതിയിൽ പന്തളത്തു നിന്നും ആണ് പുളിക്കിഴ് എസ്‌ഐ ജെ. ഷെജീമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

വിദേശ ജോലിക്കായി പണം നൽകിയവർ ഫോണിൽ ബന്ധപ്പെടുമ്പോൾ ഡൽഹിയിലാണ് എന്ന മറുപടിയാണ് സാബു വർഗീസ് നൽകിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് പ്രതി പന്തളത്ത് ഉള്ളതായി പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

പിടിയിലായ സാബു വർഗീസ് നിരവധി പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.